1999 ല്‍ നിലവില്‍ വന്ന കേരള ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതാണ് നിയമസഭ പാസാക്കിയ ലോകായുക്താ ഭേദഗതി ബില്‍. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍, അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കും. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് വകവെയ്ക്കാതെയാണ് സര്‍ക്കാര്‍ നിയമഭേദഗതിയുമായി മുന്നോട്ടുപോയത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ കേസുകള്‍ ലോകായുക്തയുടെ പരിഗണനയ്ക്ക് വന്നപ്പോഴായിരുന്നു ഭേദഗതി നീക്കമെന്ന ആക്ഷേപം കൃത്യമായി പ്രതിരോധിക്കാന്‍ സര്‍ക്കാരിന് ആയിട്ടില്ല.
ലോകായുക്ത നിയമം എന്തിന്?
കേന്ദ്രത്തിലെ ലോക്പാലിന് സമാനമാണ് സംസ്ഥാനങ്ങളിലെ ലോകായുക്ത. സംസ്ഥാനത്തെ സ്വതന്ത്രമായ അഴിമതി നിര്‍മാര്‍ജന സംവിധാനമാണത്. പാര്‍ലമെന്റ് ലോക്പാല്‍ ബില്‍ പാസാക്കുന്നതിന് മുന്‍പ് തന്നെ കേരളത്തില്‍ ലോകായുക്ത നിലവില്‍ വന്നിരുന്നു. ഓരോ സംസ്ഥാനങ്ങളില്‍ ലോകായുക്തയുടെ ചട്ടങ്ങള്‍ വ്യത്യസ്തമാണ്. ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 1999 നവംബര്‍ 15 നാണ് ലോകായുക്ത നിയമം വരുന്നത്. 1966 ലെ മൊറാര്‍ജി ദേശായി ഭരണപരിഷ്‌ക്കാര കമ്മീഷനാണ് അഴിമതി നിര്‍മാര്‍ജനം എന്ന ലക്ഷ്യത്തോടെ ലോകായുക്ത രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്. 1971 ല്‍ മഹാരാഷ്ട്രയില്‍ ആദ്യമായി നിയമം നിലവില്‍ വന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരെയും രമേശ് ചെന്നിത്തല നല്‍കിയ പരാതി ലോകായുക്തയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് ലോകായുക്ത നിയമഭേദഗതിയെ കുറിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ ആലോചനയാരംഭിച്ചത്
മന്ത്രിമാര്‍, എംഎല്‍എമാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍വകലാശാലകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ ലോകായുക്തയുടെ പരിധിയില്‍ വരും. ആളുകള്‍ക്ക് നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ ലോകായുക്തയ്ക്ക് പരാതി നല്‍കാം. ശിക്ഷ നടപ്പാക്കാനധികാരമില്ലെങ്കിലും അതുസംബന്ധിച്ച് നിര്‍ദേശം അധികാരികള്‍ക്ക് നല്‍കാന്‍ ലോകായുക്തയ്ക്ക് സാധിക്കും. നിയമത്തിന്റെ പതിനാലാം വകുപ്പ് പ്രകാരം അഴിമതിയോ സ്വജനപക്ഷപാദിത്വമോ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അധികാര സ്ഥാനത്ത് നിന്ന് ഒഴിയേണ്ടിവരും.
ഒരു ലോകായുക്തയും രണ്ട് ഉപലോകായുക്തയും അടങ്ങുന്നതാണ് ലോകായുക്തയുടെ ഘടന. സുപ്രീംകോടതി മുന്‍ജഡ്ജിയോ ഹൈക്കോടതി മുന്‍ചീഫ് ജസ്റ്റിസോ ആയിരിക്കണം സമിതിയുടെ തലവന്‍. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരാണ് ഉപലോകായുക്തമാര്‍. അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ മുഖ്യമന്ത്രിയാണ് ലോകായുക്തയെ നിയമിക്കുന്നത്. സ്പീക്കറുടെയും പ്രതിപക്ഷ നേതാവിന്റെയും നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് നിയമനം.
ഭേദഗതിയുടെ പശ്ചാത്തലം
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധു നിയമന ആരോപണത്തില്‍ മന്ത്രി കെ ടി ജലീലിന് രാജിവെയ്‌ക്കേണ്ടി വന്നത് ലോകായുക്തയുടെ നിര്‍ദേശ പ്രകാരമായിരുന്നു. 2021 ഏപ്രില്‍ ഒന്‍പതിനായിരുന്നു ആ വിധി. ഇതോടെയാണ് ലോകായുക്ത സര്‍ക്കാരിന്റെ കണ്ണിലെ കരടാകുന്നത്. ബന്ധുവായ അദീബിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതിനെതിരെയായിരുന്നു പരാതി. നിയമനം ചട്ടങ്ങള്‍ ലംഘിച്ചാണെന്നും മന്ത്രിയായി തുടരാന്‍ ജലീലിന് അധികാരമില്ലെന്നും ലോകായുക്ത വ്യക്തമാക്കി. ഇതിനു പിന്നാലെ കോടതിയില്‍ ഹര്‍ജി നല്‍കിയ ജലീല്‍ വിധി വരും മുന്‍പ് രാജി വെയ്ക്കുകയായിരുന്നു. എന്നാല്‍ ലോകായുക്ത ഉത്തരവ് റദ്ദാക്കാന്‍ സുപ്രീംകോടതിയും തയ്യാറായില്ല.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരെയും രമേശ് ചെന്നിത്തല നല്‍കിയ പരാതി ലോകായുക്തയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് ലോകായുക്ത നിയമഭേദഗതിയെ കുറിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ ആലോചനയാരംഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായനിധി വകമാറ്റി ചെലവഴിച്ചു എന്നതാണ് മുഖ്യമന്ത്രിക്കെതിരായ പരാതി. ഇത് ഇപ്പോഴും ലോകായുക്തയുടെ പരിഗണനയിലാണ്. കണ്ണൂര്‍ സർവകലാശാല വിസി നിയമനത്തിലായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ പരാതി. ഇതില്‍ ആര്‍ ബിന്ദുകുറ്റക്കാരിയല്ലെന്ന് ലോകായുക്ത പിന്നീട് വിധിച്ചു.
അപ്പീല്‍ പോലും നല്‍കാന്‍ കഴിയാത്ത സംവിധാനമാണ് ലോകായുക്തയെന്നും ഇത് കുറ്റാരോപിത് സ്വാഭാവിക നീതിയുടെ നിഷേധിക്കുന്നുവെന്നുമാണ് ഭേദഗതിക്ക് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഭേദഗതിക്കായി കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഒപ്പിടാന്‍ ഗവര്‍ണര്‍ ആദ്യം വിസമ്മതിച്ചത് വിവാദമായി. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്‍ അന്ന് ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. 2022 ഫെബ്രുവരി ഓഴിനാണ് ഓർഡിനൻസ് നിലവിൽ വരുന്നത്. കാലാവധി പൂര്‍ത്തിയായ ഓര്‍ഡിനന്‍സ് പുതുക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതോടെ സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുകയായിരിന്നു.
ലോകായുക്ത നിയമഭേദഗതിയില്‍ സിപിഐയ്ക്ക് തുടക്കം മുതല്‍ എതിര്‍പ്പുണ്ട്. ചര്‍ച്ചകള്‍ക്കൊടുവിലാണ് അനുനയം സാധ്യമായത്. സിപിഐയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കുന്നതാണ് പുതിയ ബില്‍.
ഭേദഗതിയെന്ത്?
ലോകായുക്ത ഉപലോകായുക്ത എന്നിവരുടെ യോഗ്യത, സര്‍വീസ്, കാലാവധി എന്നിവ ഭേദഗതി ചെയ്തു. ഹൈക്കോടതി ജഡ്ജി പദവി വഹിച്ചയാള്‍ക്കും ഇതോടെ ലോകായുക്തയാകാം. സേവന കാലാവധി അഞ്ച് വര്‍ഷമോ 70 വയസോ ഏതാണ് ആദ്യം എന്ന നിലയിലാക്കി. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പും ഭേദഗതി ചെയ്തു. ലോകായുക്ത വിധി വന്ന് മൂന്ന് മാസത്തിനുള്ളില്‍ കുറ്റാരോപിതരുടെ ഹിയറിങ് നടത്തി ലോകായുക്താ ശുപാര്‍ശ തള്ളാനോ കൊള്ളാനോ ഭേദഗതി വന്നതോടെ അധികാരികൾക്ക് സാധിക്കും.
മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയുണ്ടായാല്‍ അത് പരിശോധിക്കാനുള്ള അവകാശം നിയമസഭയ്ക്കാണ്. എംഎല്‍എമാര്‍ക്കെതിരായ വിധി സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കെതിരായ പരാതി മുഖ്യമന്ത്രിക്കും പരിശോധിക്കാം. അങ്ങനെ പല്ലും നഖവുമില്ലാത്ത ലോകായുക്തയാണ് ഇനി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക. 2022 ഫെബ്രുവരി ഏഴ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി നിലവിൽ വരിക . അഴിമതി വിരുദ്ധ പോരാട്ടം ലക്ഷ്യമായി പ്രഖ്യാപിച്ച എൽഡിഎഫിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ഉദ്ദേശ്യശുദ്ധി തന്നെ ചോദ്യം ചെയ്യുന്നതാണ് ലോകായുക്ത നിയമഭേദഗതി.