POLITICS

ഏഷ്യൻ റിലേഷൻസ് കോൺഫറൻസ് മുതൽ ജി20 ഉച്ചകോടി വരെ; ഡൽഹിയുടെ മുഖഛായമാറ്റിയ അന്താരാഷ്ട്ര സമ്മേളനങ്ങൾ

അന്താരാഷ്ട്രതലത്തിലുളള ചർച്ചകൾക്കും കായികപരമായ വേദികൾക്കും നിരവധിതവണ ആതിഥേയത്വം വഹിച്ചിട്ടുണ്ട് രാജ്യതലസ്ഥാനം

വെബ് ഡെസ്ക്

കൊളോണിയൽ അടിച്ചമർത്തലുകളിൽ നിന്നും രാജ്യം സ്വതന്ത്രമായിട്ട് എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് ജി 20 ഉച്ചകോടിയ്ക്ക് അധ്യക്ഷത വഹിക്കാനുളള ഭാ​ഗ്യം ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന പ്രമേയത്തിൻ കീഴിലാണ് ലോക ക്ഷേമത്തിനായുളള ചർച്ചകൾക്കായി ഇന്ത്യ അധ്യക്ഷത വഹിക്കുന്നതും. രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുന്നെ തന്നെ അന്താരാഷ്ട്ര തലത്തിലുളള ചർച്ചകൾക്ക് ന്യൂഡൽഹി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുളള മത്സരങ്ങൾക്കും ഉച്ചകോടികൾക്കും നിരവധി തവണ ആതിഥേയത്വം വഹിച്ച ഡൽഹി ഈ കാലയളവിൽ ഒട്ടനവധി മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്.

ഏഷ്യൻ റിലേഷൻസ് കോൺഫറൻസ് - 1947

1947 മാർച്ച് 23 നും ഏപ്രിൽ 2 നും ഇടയിൽ 10 ദിവസം ഡൽഹിയിൽ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനമായിരുന്നു ഏഷ്യൻ റിലേഷൻസ് കോൺഫറൻസ് ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് (ICWA) സംഘടിപ്പിച്ച സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത് അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന ജവഹർലാൽ നെഹ്‌റു ആയിരുന്നു. സരോജിനി നായിഡുവായിരുന്നു സമ്മേളനത്തിന്റെ സംഘാടക സമിതിയുടെ അധ്യക്ഷത വഹിച്ചതും.

ഏഷ്യൻ റിലേഷൻസ് കോൺഫറൻസിൽ മഹാത്മ ഗാന്ധിയും ജവഹർലാൽ നെഹ്റുവും

സമ്മേളനത്തിന്റെ ഉദ്ഘാടനവും സമാപനവും പുരാണ കിലയിലെ ഒരു വലിയ പന്തലിന് കീഴിൽ പരസ്യമായി നടന്നത്. 28 രാഷ്ട്രങ്ങൾ പങ്കെടുത്ത സമ്മേളനത്തിന്റെ സമാപനയോ​ഗത്തിൽ മഹാത്മ ​ഗാന്ധി സംസാരിക്കുകയും ചെയ്തിരുന്നു. 28 രാഷ്ട്രങ്ങൾക്ക് പുറമെ, ഓസ്ട്രേലിയ,അറബ് ലീഗ്, യുഎസ്എ, യുഎസ്എസ്ആർ, യുകെ, യുഎൻ എന്നിവർ നിരീക്ഷകരായി ഉണ്ടായിരുന്നു. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ സാംസ്കാരികവും ബൗദ്ധികവും സാമൂഹികവുമായ കൊടുക്കൽ വാങ്ങലുകളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ഏഷ്യൻ റിലേഷൻസ് കോൺഫറൻസ് നടന്ന് നാലരമാസങ്ങൾക്ക് പിന്നാലെ കൊളോണിയൽ ഭരണത്തിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യവും നേടുന്നുണ്ട്.

ഏഷ്യൻ റിലേഷൻസ് കോൺഫറൻസി മഹാത്മ ഗാന്ധി സംസാരിക്കുന്നു

സമ്മേളനത്തിന്റെ ഫലമായി ഏഷ്യൻ റിലേഷൻസ് ഓർഗനൈസേഷൻ (എആർഒ) സ്ഥാപിതമായി. 30 അംഗങ്ങളുള്ള ഒരു താൽക്കാലിക കൗൺസിൽ നെഹ്രുവിനെ അതിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ബി.ശിവ റാവു , ചൈനയിലെ ഹാൻ ലിഹ്-വു എന്നിവരെ എആർഒയുടെ ജനറൽ സെക്രട്ടറിമാരായി നിയമിച്ചു. ഏഷ്യൻ രാജ്യങ്ങളുടെ ക്ഷേമത്തിനും പുരോ​ഗതിക്കും വേണ്ടി നിലകൊളളുക എന്നതായിരുന്നു പ്രധാനമായും ഇതിന്റെ ലക്ഷ്യമായിരുന്നതു കൊണ്ടു തന്നെ മിക്ക രാഷ്ട്രങ്ങളും വലിയ ആവേശം ഇതിനോട് കാണിച്ചിരുന്നില്ല എന്നതാണ് വസ്തുത.

ഏഷ്യൻ ​ഗെയിംസ് - 1951

1947ലെ അന്താരാഷ്ട്ര സമ്മേനത്തിന് ശേഷം രാജ്യാന്തര തലത്തിൽ ഡൽഹി രണ്ടാമതൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത് 1951ൽ നടന്ന പ്രഥമ ഏഷ്യൻ ഗെയിംസിനാണ്. 1951 മാർച്ച് 4 മുതൽ 11 വരെ 11 ഏഷ്യൻ നാഷണൽ ഒളിമ്പിക് കമ്മിറ്റികളെ (എൻ‌ഒ‌സി) പ്രതിനിധീകരിച്ച് 489 അത്‌ലറ്റുകളാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാൻ, ബർമ്മ (മ്യാൻമർ), സിലോൺ (ശ്രീലങ്ക), ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, ജപ്പാൻ, നേപ്പാൾ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാഷ്ട്രങ്ങളാണ് പങ്കെടുത്തത്. 1950-ലാണ് ഇത് ആദ്യമായി നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും തയ്യാറെടുപ്പിലെ കാലതാമസം കാരണമാണ് 1951ലേക്ക് മാറ്റാനിടയായത്.

ഏഷ്യൻ ​ഗെയിംസ് ഡൽഹി ധ്യാന്‍ചന്ദ് സ്റ്റേഡിയത്തിൽ അരങ്ങേറിയപ്പോൾ

നാഷണൽ സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന ധ്യാന്‍ചന്ദ് സ്റ്റേഡിയത്തിൽ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദാണ് ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ 30-ാമത്തെ വൈസ്രോയിയും അന്നത്തെ സെക്രട്ടറിയുമായിരുന്ന ഇർവിന്‍ പ്രഭുവിന്റെ പേരിൽ അറിയപ്പെട്ടിരുന്ന സ്റ്റേഡിയത്തിലാണ് നീന്തലും വാട്ടർ പോളോയും ഒഴികെയുള്ള എല്ലാ പരിപാടികളും നടന്നത്. 1934-ലെ വെസ്റ്റേൺ ഏഷ്യാറ്റിക് ഗെയിംസിന് ആതിഥേയത്വം വഹിച്ചതും ഇതേവേദിയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച് ഏതാനും വർഷങ്ങൾക്ക് ശേഷം ഏഷ്യൻ ഗെയിംസിന് ആതിഥ്യം വഹിക്കാനായത് ഇന്ത്യയ്ക്ക് വലിയൊരു നേട്ടമായിരുന്നു. അതുമാത്രമല്ല, 24 സ്വർണവുമായി ജപ്പാൻ ഒന്നാമത് എത്തിയപ്പോൾ 15 സ്വർണവുമായി മെഡൽ പട്ടികയിലും ഇന്ത്യ രണ്ടാമത് എത്തിയിരുന്നു.

ഏഷ്യൻ ​ഗെയിംസ് - 1982

1951ലെ ഏഷ്യൻ ​ഗെയിംസിന് ശേഷം ഡല്‍ഹി വലിയൊരു രാജ്യാന്തര വേദിയായത്‌ നീണ്ട 31 വർഷത്തെ ഇടവേളയ്ക്ക് ശേഷം 1982ൽ വീണ്ടുമൊരു ഗെയിംസ് എത്തിയപ്പോഴാണ്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ പ്രസിഡന്റ് സെയിൽ സിംഗ് ആയിരുന്നു ഒമ്പതാമത് ഏഷ്യൻ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. 3,411 കായിക താരങ്ങളാണ് ​ഗെയിംസിൽ പങ്കെടുത്തത്. പിടി ഉഷയായിരുന്നു കായികതാരങ്ങളുടെ പ്രതിജ്ഞ വായിച്ചത്. ഇത്തവണ 57 സ്വർണവുമായി ജപ്പാൻ രണ്ടാമതാണ് ഇടം പിടിച്ചത്. 61 സ്വർണവുമായി ചൈന ജേതാക്കളായപ്പോൾ 13 സ്വർണവുമായി ഇന്ത്യ മെഡൽ പട്ടികയിൽ അഞ്ചാമതായിരുന്നു. ഏഷ്യൻ ഗെയിംസിന്റെ ഒന്നിലധികം പതിപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്ന ഏക നഗരമായി ഡൽഹി മാറിയതും ഇതേ വർഷമായിരുന്നു.

ഏഷ്യൻ ​ഗെയിംസിൽ പിടി ഉഷ മത്സരിക്കുന്നു

1951ന് ശേഷം രണ്ടാമത് ആതിഥേയത്വം വഹിക്കാനുളള അവസരം ഇന്ത്യയ്ക്ക് ലഭിച്ചപ്പോൾ ഡൽഹി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഏറെ പുരോ​ഗമിച്ചിരുന്നു. നിരവധി പുതിയ റോഡുകളും ഫ്‌ളൈ ഓവറുകളും കൊണ്ട് ഡൽഹി പൂർണമായും മാറിയിരുന്നു. കൂടാതെ, 60,000 പേർക്ക് ഇരിക്കാവുന്ന ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയവും (അന്ന് ഇന്ദ്രപ്രസ്ഥ സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്നു) ഡൽഹിയുടെ മാറ്റ് കൂട്ടി.

ഏഷ്യൻ ​ഗെയിംസ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അരങ്ങേറിയപ്പോൾ

മത്സരം സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും തൽക്കത്തോറ സ്റ്റേഡിയവും ഏഴ് ഫ്ലൈ ഓവറുകളും അത്ലറ്റുകൾക്ക് താമസിക്കാനായി ദക്ഷിണ ഡൽഹിയിലെ സിരി ഫോർട്ടിൽ 4,200 മുറികളുള്ള ഒരു ഗെയിംസ് വില്ലേജും വെറും രണ്ട് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ) യും കേന്ദ്ര പൊതുമരാമത്ത് വകുപ്പും (സി‌പി‌ഡബ്ല്യുഡി) ചേർന്നാണ് ഇതിന്റെ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയത്. അതിഥികൾക്കായി നിരവധി പുതിയ ഹോട്ടലുകളാണ് നിർമിച്ചത്. ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഐടിഡിസി) ഏഴ് പുതിയ ഹോട്ടലുകൾ നിർമ്മിച്ചു. സാമ്രാട്ട് ഹോട്ടൽ, കനിഷ്‌ക, അശോക് യാത്രി നിവാസ്, അക്ബർ ഹോട്ടൽ, ലോധി ഹോട്ടൽ, ഹോട്ടൽ രഞ്ജിത്, ഖുതാബ് ഹോട്ടൽ എന്നിവയാണ് ഐടിഡിസി നിർമ്മിച്ച മറ്റ് ഹോട്ടലുകൾ.

ചേരിചേരാ പ്രസ്ഥാനം (നാം) ഉച്ചകോടി - 1983

82 ഏഷ്യൻ ​ഗെയിംസിന് പിന്നാലെ 1983-ൽ, ഇന്ത്യ ഏഴാമത് ചേരിചേരാ പ്രസ്ഥാനം (നാം) ഉച്ചകോടിയ്ക്കും ആതിഥേയത്വം വഹിച്ചു. ലോകം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് ഒരു പുതിയ കൂട്ടായ വീക്ഷണം നടത്തുന്നതിനായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആഹ്വാനത്തോടെയാണ് മാർച്ച് 7 മുതൽ 12 വരെ നാം ഉച്ചകോടി ന്യൂഡൽഹിയിൽ നടന്നത്.

നാം ഉച്ചകോടിയിൽ പങ്കെടുക്കാനായി ഫിദൽ കാസ്ട്രോ എത്തിയപ്പോൾ

ഈ ഉച്ചകോടിയിൽ വച്ചാണ് ഇറാനോടും ഇറാഖിനോടും യുദ്ധം അവസാനിപ്പിക്കാനായി ഇന്ദിരാഗാന്ധി വൈകാരികമായി അഭ്യർത്ഥന നടത്തിയതും. ഉച്ചകോടിയിൽ ബഹാമസ്, ബാർബഡോസ്, കൊളംബിയ, വാനുവാട്ടു എന്നിവയെ പുതിയ അംഗരാജ്യങ്ങളായും പാപുവ ന്യൂ ഗിനിയ, ആന്റിഗ്വ, ബാർബുഡ എന്നിവയെ നിരീക്ഷകരായും ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ അതിഥി സംസ്ഥാനമായും അംഗീകരിച്ചു.

കോമൺവെൽത്ത് ഗെയിംസ് - 2010

ഉച്ചകോടികൾക്ക് ആതിഥേയത്വം വഹിച്ചതിനെക്കാളും ഡൽഹി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കാണ് കൂടുതലും അധ്യക്ഷത വഹിച്ചിട്ടുളളത്. നാം ഉച്ചകോടിക്ക് ശേഷം നീണ്ട 27 വർഷങ്ങൾ കഴിഞ്ഞ് 2010 കോമണ്‍വെല്‍ത്ത് ഗെയിംസിനായാണ് ന്യൂഡല്‍ഹി വീണ്ടും ലോകത്തിനു മുന്നില്‍ ആതിഥ്യവേഷമണിഞ്ഞത്. ഒക്ടോബർ 3 മുതൽ 14 വരെ ഡൽഹിയിൽ അരങ്ങേറിയ 19-ാമത് കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ നടന്നത് ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലാണ്. 74 സ്വർണവുമായി ഓസ്ട്രേലിയ മെഡൽപ്പട്ടികയിൽ ഒന്നാമത് എത്തിയപ്പോൾ 38 സ്വർണവുമായി ഇന്ത്യ രണ്ടാമത് ഇടം പിടിച്ചിരുന്നു.

കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഏഷ്യൻ രാജ്യമായി മാറി അന്ന്‌ ഇന്ത്യ. 1998ൽ മലേഷ്യയിലെ കോലാലം‌പൂരാണ് കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ച ആദ്യം ഏഷ്യൻ രാജ്യം. പതിവ് പോലെ തന്നെ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നതിന് മുന്നോടിയായി നിരവധി നിർമാണപ്രവർത്തനങ്ങൾക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. ഡൽഹിയിലെ പ്രധാന കായിക വേദികളിലൊന്നായ ത്യാഗരാജ് സ്‌പോർട്‌സ് കോംപ്ലക്‌സ് നിർമ്മിച്ചതും ഇതിനോടനുബന്ധിച്ചാണ്. സിരി ഫോർട്ട് സ്‌പോർട്‌സ് കോംപ്ലക്‌സ്, യമുന സ്‌പോർട്‌സ് കോംപ്ലക്‌സ്, ഡോ കർണി സിംഗ് ഷൂട്ടിംഗ് റേഞ്ച്, ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ റ‌ഗ്‌ബി സെവൻസ് അടക്കം കോമൺ‌വെൽത്ത് ഗെയിംസിനായി പുതുതായി നാല് വേദികളും നിർമ്മിക്കുകയുണ്ടായി. ഇവ കൂടാതെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയവും ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുകയും ഉണ്ടായി. കൂടാതെ, തിരക്കേറിയ റോഡുകളെ വികസിപ്പിക്കുകയുമുണ്ടായി. ഇതിനു പുറമെ, കായികതാരങ്ങൾക്ക് താമസിക്കുന്നതിനും പരിശീലിക്കുന്നതിനുമായി യമുന നദിയുടെ കിഴക്കൻ തീരത്ത് ഒരു കോമൺവെൽത്ത് ഗെയിംസ് വില്ലേജും നിർമ്മിച്ചു.

ഇതിനു ശേഷം 13 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോള്‍ ജി20 ഉച്ചകോടിക്കായാണ് ഡല്‍ഹി ലോകത്തിനു മുന്നില്‍ വീണ്ടും വാതില്‍ തുറന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് അടക്കമുള്ള ലോകനേതാക്കളാണ് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമാണ് വിട്ടുനില്‍ക്കുന്ന പ്രമുഖര്‍. ഇന്ന് ആരംഭിച്ച ഉച്ചകോടി നാളെ സമാപിക്കും. ആദ്യദിനം തന്നെ വ്യത്യസ്ത അഭിപ്രായങ്ങളെ ഏകോപിപ്പിച്ച് യുക്രെയ്ന്‍ വിഷയത്തില്‍ അംഗരാജ്യങ്ങളുടെ സംയുക്ത പ്രസ്താവന ഇറക്കാനായതില്‍ അധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന ഇന്ത്യക്ക് അഭിമാന നേട്ടമായി.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി