POLITICS

'അവര്‍ പറഞ്ഞെങ്കില്‍ പിന്തുണച്ചേനെ' ദ്രൗപദി മര്‍മുവിനെക്കുറിച്ചുള്ള മമതയുടെ പ്രസ്താവന വിവാദത്തില്‍

യശ്വന്ത് സിൻഹയെ സ്ഥാനാർത്ഥിയാക്കിയത് മമതയായിരുന്നു

വെബ് ഡെസ്ക്

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന വിവാദത്തില്‍. ദ്രൗപദി മര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കില്‍ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കാമായിരുന്നുവെന്ന് മമത ബാനര്‍ജി പറഞ്ഞു. മമതയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്ത്ഥിക്കുവേണ്ടി ആദ്യം രംഗത്തിറങ്ങിയ നേതാവാണ് മമത ബാനര്‍ജി. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും വിളിച്ചുചേര്‍ത്തത് മമതാ ബാനര്‍ജിയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്ന യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ദ്രൗപദി മര്‍മുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതോടെ ഐക്യ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെന്ന നീക്കം പരാജയപ്പെട്ടു. ബിജു ജനതാദള്‍ ഉള്‍പ്പെടെയുള്ള ചില എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ മര്‍മുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് മര്‍മുവിനെക്കുറിച്ച് ആദ്യം പറഞ്ഞിരുന്നുവെങ്കില്‍ സമവായ സ്ഥാനാര്‍ത്ഥിയാക്കാമായിരുന്നുവെന്ന് മമത പറയുന്നത്. ' ബിജെപി ഞങ്ങളോട് നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞു. എന്നാല്‍ അവരുടെ സ്ഥാനാര്‍ത്ഥിയാരാണെന്ന് പറഞ്ഞില്ല. അവര്‍ ഒരു ആദിവാസി വിഭാഗത്തില്‍നിന്നുള്ള സ്ത്രീയെയാണ് സ്ഥാനാര്‍ത്ഥിയാക്കുന്നതെന്ന കാര്യം ആദ്യം അറിയിച്ചിരുന്നുവെങ്കില്‍ സമവായത്തെക്കുറിച്ച് ആലോചിക്കുമായിരുന്നു. എപിജെ അബ്ദുല്‍കലാമിന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. പതിനാറ് പതിനേഴ് പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ഞങ്ങളുടേത് . മറ്റുള്ളവരോട് കൂടി ആലോചിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലായിരുന്നു' മമത ബാനര്‍ജി പറഞ്ഞു.

ബിജെപിയുടെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് മമത ബാനര്‍ജിയെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി

മമത ബാനര്‍ജിയുടെ പ്രസ്താവനയെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. ബിജെപിയുടെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് മമത ബാനര്‍ജിയെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. ' സിന്‍ഹയുടെ പേര് നിര്‍ദ്ദേശിച്ചത് ദീദിയാണ്. അവര്‍ തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നു. അവര്‍ ഇപ്പോള്‍ അഭിപ്രായം മാറ്റുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം അവര്‍ക്ക് ബിജെപിയില്‍നിന്ന് സമ്മര്‍ദ്ദമുണ്ടെന്നാണ്. അവര്‍ നരേന്ദ്രമോദിയുമായി നല്ല ബന്ധത്തിലാണ്' കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മല്‍സരം ഒരു നിലപാടിന്റെത് കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒന്നിച്ചുകൊണ്ടുവരാന്‍ ആരും മമത ഏല്‍പ്പിച്ചിരുന്നില്ലെന്ന് സിപിഎം നേതാവ് സുജന്‍ ചക്രവര്‍ത്തിയും പറഞ്ഞു. ഫാറൂഖ് അബ്ദുള്ളയും ഗോപാലകൃഷ്ണ ഗാന്ധിയും മല്‍സരത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് യശ്വന്ത് സിന്‍ഹയെ മല്‍സരിക്കാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയിലെ തിരിച്ചടിക്കു ശേഷം, ദേശീയ തലത്തി്ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിലും പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തിരിച്ചടിയേല്‍ക്കുന്നതിന്റെ സൂചന കൂടിയാണ് മമതയുടെ പ്രസ്താവന.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം