നിതീഷ് കുമാർ 
POLITICS

നിതീഷ് കുമാര്‍ രാജിവെച്ചു; ആർജെഡിക്കൊപ്പം സർക്കാർ രൂപീകരിക്കും

ബിജെപി സഖ്യം ഉപേക്ഷിച്ച് ബിഹാറില്‍ നിതീഷിന്റെ പുതിയ നീക്കം

വെബ് ഡെസ്ക്

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വെച്ചു.ബിജെപി സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് രാജി. രാജ്ഭവനിലെത്തി ഗവർണറെ കണ്ടാണ് രാജിക്കത്ത് സമർപ്പിച്ചത്. ആർജെഡിയുടെ പിന്തുണക്കത്തും ഗവർണർക്ക് നിതീഷ് കൈമാറി. ആർജെഡിയും കോണ്‍ഗ്രസും നിതീഷ് കുമാറിന് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ബിജെപി - ജെഡിയു സഖ്യ സര്‍ക്കാരാണ് ഇതോടെ താഴെ വീഴുന്നത്

അതേസമയം, ബീഹാറില്‍ തേജസ്വി യാദവിനൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി നിതീഷ് കുമാര്‍ വീണ്ടും ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ട്. ജെഡിയു എംഎല്‍എമാരുമായും എംപിമാരുമായും നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി രാജിക്ക് മുന്‍പേ പിന്തുണ ഉറപ്പാക്കിയിരുന്നതായാണ് വിവരം.പുതിയ സർക്കാർ രൂപീകരിക്കുമ്പോള്‍ നിതീഷ് മുഖ്യമന്ത്രിയും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമാകുമെന്നാണ് സൂചന. 16 എംഎല്‍എമാരുള്ള ഇടതുപാർട്ടികളും സഖ്യത്തിന്റെ ഭാഗമാണ്

ബിഹാറില്‍ ബിജെപിയുമായി ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് രാജിയെന്ന കടുത്ത തീരുമാനത്തിലേക്ക് നിതീഷ് നീങ്ങിയത്.ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പലതവണ നിതീഷുമായി ഉരസിയിരുന്നെങ്കിലും സഖ്യമുപേക്ഷിക്കാനുള്ള തീരുമാനം ബിജെപിക്ക് തിരിച്ചടിയായി. പല തവണ അതൃപ്തിയുടെ സൂചനകള്‍ നല്‍കിയ നിതീഷിനെ അനുനയിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേരിട്ട് ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.മഹാരാഷ്ട്രയില്‍ ഉള്‍പ്പടെ ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളാണ് സഖ്യമുപേക്ഷിക്കാന്‍ നിതീഷിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന

ജെഡിയുവിലെ ഒരു വിഭാഗത്തെ അടര്‍ത്തിമാറ്റി പാര്‍ട്ടിയെ തളര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടക്കുന്നു എന്ന അഭ്യൂഹങ്ങള്‍ നില നില്‍ക്കെയാണ് സുപ്രധാന രാഷ്ട്രീയ നീക്കം. തന്റെ പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കളെ കുറ്റപ്പെടുത്തിയാണ് നിതീഷ് കുമാര്‍ രാഷ്ട്രീയ മാറ്റം പ്രഖ്യാപിക്കുന്നത്. അടുത്തിടെ ജെഡിയു വിട്ട ആര്‍സിപി സിങ് അമിത് ഷായുടെ വിശ്വസ്തനാണെന്നും നിതീഷ് കുറ്റപ്പെടുത്തിയിരുന്നു.

നിതീഷ് കുമാറിന്റെ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ ബിജെപിയും നീക്കം തുടങ്ങി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വീക്ഷിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട സംഘം ബീഹാറിലേക്ക് തിരിച്ചു. സുശീല്‍ കുമാര്‍ മോദി, മുന്‍ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് എന്നിവരാണ് സംസ്ഥാനത്തേക്ക് തിരിച്ചത്

നിലവിലെ കക്ഷിനില

243 അംഗ ബീഹാര്‍ നിയമസഭയില്‍ 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി പിന്തുണ ഉപേക്ഷിക്കുമ്പോളും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് 160 പേരുടെ പിന്തുണയുണ്ടെന്നാണ് നിതീഷ് കുമാറിന്റെ വാദം. 79 അംഗങ്ങളാണ് നിലവില്‍ ആര്‍ജെഡിക്ക് ഉള്ളത്. ജെഡിയുവിന് 45 അംഗങ്ങളുമുണ്ട്. കോണ്‍ഗ്രസ് 19, സിപിഐഎംഎല്‍ 12, സിപിഎം 2, സിപിഐ 2, എച്ച്എഎം 4, സ്വതന്ത്രന്‍ 1, എഐഎംഐഎം 1. എന്നിങ്ങനെയാണ് ബിജെപി വിരുദ്ധ ചേരിയിലെ കക്ഷി നില. ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്.

ബിജെപിക്ക് മാത്രമായി 77 സീറ്റുകളാണ് ബീഹാറിലുള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ