യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് നിയമസഭയില്‍ നേരിടാന്‍ പ്രതിപക്ഷ നേതാവായി സമാജ് വാദി പാര്‍ട്ടിയുടെ ബ്രാഹ്മണ നേതാവ് മാതാ പ്രസാദ് പാണ്ഡെയെ ഇറക്കി അഖിലേഷ് യാദവ്. കനൂജ് മണ്ഡലത്തില്‍നിന്ന് അഖിലേഷ് യാദവ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കേണ്ടി വന്നത്. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടയാളെ തന്നെ ആദിത്യനാഥിനെ നേരിടാന്‍ ഇറക്കിയതോടെ ജാതിസമൂഹങ്ങളുടെ പുതിയ സമവാക്യം രൂപപ്പെടുത്താനാണ് അഖിലേഷ് ശ്രമിക്കുന്നതെന്ന വിലയിരുത്തലും സജീവമായി.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് മികച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നു.യു പിയിൽ 37 സീറ്റ് എസ് പിക്കു മാത്രവും ഇന്ത്യാ മുന്നണിയ്ക്ക് 43 സീറ്റുമാണ് ലഭിച്ചത്.
പിന്നാക്ക സമുദായത്തെയും ദളിതരെയും ന്യുനപക്ഷത്തെയും ചേര്‍ത്തുനിര്‍ത്തിയുള്ള പി ഡി എ (പിച്ചഡേ, ദളിത്, അല്‍പസംഖ്യക്-പിന്നാക്ക, ദളിത്, ന്യൂനപക്ഷം) എന്ന സമാവാക്യമാണ് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ സമാജ് വാദി പാര്‍ട്ടിയെ സഹായിച്ചതെന്നായിരുന്നു വിലയിരുത്തല്‍. ഈ മൂന്ന് വിഭാഗങ്ങളും ചേര്‍ന്നാല്‍ ഉത്തര്‍പ്രദേശിലെ ആകെ ജനസംഖ്യയില്‍ 80 ശതമാനമായി. ഇനിയുള്ള നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലും രണ്ടു വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രം അഖിലേഷ് പ്രയോഗിക്കുമെന്നാണ് പൊതുവില്‍ കരുതപ്പെട്ടത്. ഇതിനിടയിലാണ് തന്റെ സാമൂഹ്യ എൻജിനീയറിങ് പരീക്ഷണത്തില്‍ ബ്രാഹ്മണ വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തിയുള്ള അഖിലേഷിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് ഈ വിഭാഗത്തില്‍നിന്നുള്ള നേതാവിനെ പ്രതിപക്ഷ നേതൃസ്ഥാനം ഏല്‍പ്പിച്ചതെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
81 വയസ്സുള്ള നേതാവാണ് മാതാ പ്രസാദ് പാണ്ഡെ. മുലായം സിങ് മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്പീക്കറായിരുന്നു അദ്ദേഹം. ഉപനേതാവായി ദളിത് വിഭാഗത്തില്‍നിന്നുള്ള ഇന്ദ്രജിത്ത് സരോജിനെയും നിയമിച്ചു. മുസ്ലിം വിഭാഗത്തില്‍നിന്നുള്ള കമാല്‍ അക്തറാണ് പാര്‍ട്ടിയുടെ ചീഫ് വിപ്പ്. കഴിഞ്ഞ കാലങ്ങളില്‍ എസ് പി നേതാവായിരുന്ന അന്തരിച്ച മുലായം സിങ്, അദ്ദേഹത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ്, എന്നിവരാണ് അഖിലേഷിന് പുറമെ പ്രതിപക്ഷ നേതാവായിരുന്നത്
ദളിത് പിന്നാക്കത്തിന്റെ രാഷ്ട്രീയ മുഖമായിരുന്ന മായാവതി നേരത്തെ ഇത്തരത്തില്‍ ബ്രാഹ്മണരെ ചേര്‍ത്തുള്ള പരീക്ഷണം നടത്തിയിരുന്നു. ഈ തന്ത്രത്തിലൂടെയാണ് അവര്‍ 2007 ല്‍ മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞതെന്ന വിലയിരുത്തല്‍ പോലുമുണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ സവര്‍ണവിഭാഗത്തെ ബിജെപിയില്‍നിന്ന് അകറ്റിയെടുക്കുന്നതിന് നേരത്തെയും അഖിലേഷ് യാദവ് നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. പലരെയും പാര്‍ട്ടിയിലെ നിര്‍ണായക ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വിജയിച്ചില്ല. ചില നേതാക്കള്‍ ബിജെപിയിലേക്കു പോകുകയും ചെയ്തു. നേരത്തെ ചീഫ് വിപ്പായിരുന്നു മനോജ് പാണ്ഡെ പാര്‍ട്ടി വിട്ടത് പൊതു തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു. ഈ സാഹചര്യത്തിലാണ് പിന്നാക്ക- ദളിത്- മുസ്ലിം ഐക്യത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് അഖിലേഷ് മാറിയത്. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവായി മാതാ പ്രസാദ് പാണ്ഡ്യയെ നിയമിച്ചത് രാഷ്ട്രീയകേന്ദ്രങ്ങളില്‍ അത്ഭുതമുണ്ടാക്കിയിട്ടുണ്ട്.
ദളിത് പിന്നാക്കത്തിന്റെ രാഷ്ട്രീയമുഖമായിരുന്ന മായാവതി നേരത്തെ ഇത്തരത്തില്‍ ബ്രാഹ്മണരെ ചേര്‍ത്തുള്ള പരീക്ഷണം നടത്തിയിരുന്നു. ഈ തന്ത്രത്തിലൂടെയാണ് അവര്‍ 2007 ല്‍ മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞതെന്ന വിലയിരുത്തല്‍ പോലുമുണ്ടായിരുന്നു. എന്നാല്‍ ഇത് നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഎസ്‌പിയ്ക്ക് സീറ്റൊന്നും ലഭിച്ചിരുന്നില്ല.
അതേസമയം, പാണ്ഡെയെ പ്രതിപക്ഷ നേതാവാക്കിയത് അദ്ദേഹത്തിന്റെ പാര്‍ലമെന്ററി അനുഭവ പരിചയം കണക്കിലെടുത്താണെന്നും മറ്റ് അര്‍ത്ഥങ്ങള്‍ അതിന് നല്‍കേണ്ടതില്ലെന്നുമാണ് എസ്‌പിയിലെ ചില നേതാക്കള്‍ പറയുന്നത്.