ബംഗ്ലാദേശ് സ്വാതന്ത്രമായിട്ട് 52 വർഷങ്ങൾ പിന്നിടുന്നു. അപ്പോഴാണ് രാജ്യം വീണ്ടുമൊരു നിർണായക സന്ധിയെ അഭിമുഖീകരിക്കുന്നത്. ഏഷ്യയിലെ ഒരു വൻ ശക്തിയായി മാറുമെന്ന് എല്ലാവരും പ്രചരിച്ചിരുന്ന ബംഗ്ലാദേശിൽ നിക്ഷേപം നടത്തിയ മറ്റുള്ള രാജ്യങ്ങൾക്കും ഈ തിരഞ്ഞെടുപ്പ് ഏറെ സുപ്രധാനമാണ്. അവിടെയൊരു ഭരണമാറ്റമുണ്ടായാൽ മറ്റ് പല വൻശക്തികൾക്കും തിരിച്ചടിയാണ്. അതിൽ പ്രധാനികൾ ഇന്ത്യയും ചൈനയുമാണ്.
ഇന്ത്യയുമായുള്ള ബന്ധങ്ങൾക്ക് ബംഗ്ലാദേശിന്റെ രൂപീകരണത്തോളം തന്നെ പഴക്കമുണ്ട്. എന്നാൽ ചൈനയുടെ കാര്യം അങ്ങനെയല്ല. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരകാലത്ത് ചൈന പാകിസ്താനൊപ്പമായിരുന്നു. പിന്നീട് പ്രായോഗികതയുടെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശ് ചൈനയുമായി കൂട്ടുകൂടുന്നത്.
ഇന്ത്യയെയും ചൈനയെയും സംബന്ധിച്ചിടത്തോളം ഭരണത്തിൽ നിലവിലെ പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന തുടരുകയെന്നത് പ്രധാനമാണ്. ബംഗ്ലാദേശ്, ഇൻഡോ - പസഫിക്, ദക്ഷിണേഷ്യ മേഖലകളിലെ നിർണായക സ്വാധീന ശക്തിയാണെന്നിരിക്കെ അവിടെ ഇന്ത്യയും ചൈനയും നടത്തിയിരിക്കുന്ന നിക്ഷേപങ്ങൾക്ക് ഷെയ്ഖ് ഹസീന കൂടിയേ തീരു. ഇന്ത്യയുടെ ബഫർ സോൺ മുതൽ ചൈനയുടെ റോഡ് ആൻഡ് ബെൽറ്റ് പദ്ധതി വരെയുള്ള നിരവധി പ്രൊജെക്ടുകൾക്ക് ആവശ്യമായ വേദി കൂടിയാണ് ബംഗ്ലാദേശ്. അവിടെ തിരഞ്ഞെടുപ്പ് അട്ടിമറികൾ നടക്കുന്നുവെന്ന ആരോപണങ്ങളെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്വം അതുകൊണ്ടുതന്നെ ഈ രണ്ട് ഭീമന്മാർക്കും കൂടിയുള്ളതാണ്.
ഇന്ത്യയുമായുള്ള ബന്ധങ്ങൾക്ക് ബംഗ്ലാദേശിന്റെ രൂപീകരണത്തോളം തന്നെ പഴക്കമുണ്ട്. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ തുടങ്ങിയതാണ്. എന്നാൽ ചൈനയുടെ കാര്യം അങ്ങനെയല്ല. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരകാലത്ത് ചൈന പാകിസ്താനൊപ്പമായിരുന്നു. പിന്നീട് പ്രായോഗികതയുടെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശ് ചൈനയുമായി കൂട്ടുകൂടുന്നത്. അതിനുശേഷം ഇങ്ങോട്ട് ഇരുരാജ്യങ്ങളും നല്ല ബന്ധത്തിലാണ്.
ഏകദേശം 15 ബില്യൺ കോടി ഡോളറിന്റെ വ്യാപാരബന്ധമാണ് 2021-22 സാമ്പത്തിക വർഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുണ്ടായിരുന്നത്. ഒപ്പം ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ ഒരു ബഫർ സോൺ കൂടിയായിട്ടാണ് ബംഗ്ലാദേശിനെ കണക്കാക്കുന്നത്. നിലവിൽ 1,160 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യൻ വൈദ്യുതി ബംഗ്ലാദേശ് ഇറക്കുമതി ചെയ്യുന്നുണ്ട്. ബംഗ്ലാദേശിലെ തുറമുഖങ്ങളുടെയും വൈദ്യുതി പവർ ഗ്രിഡുകളുടെ സഹായവും ഇന്ത്യയ്ക്ക് ലഭിക്കുന്നുണ്ട്. അതേസമയം 2022ൽ ബംഗ്ലാദേശ്- ചൈന വ്യാപാരം 25 ബില്യൺ ഡോളറിനും മുകളിലാണ്. അവരുടെ വൻകിട പ്രൊജക്ടുകളിൽ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യയേറ്റിവിന്റെ ഭാഗമായി 10 ബില്യൺ ഡോളറിന്റെ നിക്ഷേപവും ചൈന നടത്തിയിട്ടുണ്ട്. കൂടാതെ ചൈനയിൽനിന്ന് ആയുധം ഇറക്കുമതി നടത്തുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ബംഗ്ലാദേശ്.
ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് നിഷ്പക്ഷമല്ലെന്നും അതിനായി ഷെയ്ഖ് ഹസീനയും അവാമി ലീഗും രാജിവയ്ക്കണമെന്ന് പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവാമി ലീഗ് ഇത് നിരസിച്ചതോടെ ബി എൻ പി വോട്ടെടുപ്പ് നിരസിച്ചിരിക്കുകയാണ്. ശരിക്കും ഇന്ത്യയും ചൈനയും തമ്മിലുള്ള തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അസ്ഥിരത ഉണ്ടായാൽ ചൈനയുടെ ബി ആർ ഐ സംരംഭങ്ങളെ സാരമായി ബാധിക്കും. കാരണം അവാമി ലീഗാണ് ചൈനയുടെ പ്രധാന ആശ്രയം. സമാനമാണ് ഇന്ത്യയുടേയും അവസ്ഥ. ഷെയ്ഖ് ഹസീനയുമായി ഉള്ളത്ര ബന്ധം ബി എൻ പിയുമായോ അവരുടെ നേതാവ് ഖാലിദ സിയയുമായോ ഇല്ലെന്നാണ് നിരീക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് ഹസീന പുറത്തായാൽ ഇന്ത്യയ്ക്ക് തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേറെ വഴികൾ കണ്ടെത്തേണ്ടി വരും.
ബിഎൻപിയുടെ കാലത്ത് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടനവാദം നടത്തിയിരുന്നവർക്ക് പ്രവർത്തിക്കാൻ ബംഗ്ലാദേശിൽ സൗകര്യങ്ങൾ ലഭിച്ചിരുന്നു. ഇതിനൊരു അറുതി വരികയും ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ചതും ഷെയ്ഖ് ഹസീനയായിരുന്നു. ഇങ്ങനെ പലവിധങ്ങളായ ആവശ്യങ്ങൾക്ക് ഇന്ത്യയ്ക്ക് തുണയാകുന്നത് ഷെയ്ഖ് ഹസീനയാണ്. അതുകൊണ്ടുതന്നെയാണ് നിലവിലെ പ്രധാനമന്ത്രിയോട് അമേരിക്കയുടെ ഉൾപ്പെടെ വിയോജിപ്പുണ്ടെങ്കിലും ഇന്ത്യയും ചൈനയുമൊക്കെ നിലകൊള്ളുന്നത്.