POLITICS

ഇന്ത്യന്‍ സംസ്കാരം അടുത്തറിയാന്‍ താലിബാന്‍

വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ കോഴ്‌സില്‍ പങ്കെടുക്കാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള താലിബാന്‍ നേതാക്കള്‍

M M Ragesh

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള താലിബാന്‍ നേതാക്കള്‍ക്ക് ഇന്ത്യയുടെ സാംസ്‌കാരിക സാമ്പത്തിക പശ്ചാത്തലം പഠിക്കാനുള്ള ഓണ്‍ലൈന്‍ കോഴ്‌സില്‍ പങ്കെടുക്കാന്‍ ക്ഷണം. 'ഇന്ത്യന്‍ വീക്ഷണങ്ങളെ അടുത്തറിയുക' എന്ന വിഷയത്തില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നത് കോഴിക്കോട് ഐഐഎം ആണ്. വിദേശകാര്യമന്ത്രാലയം സംഘടിപ്പിക്കുന്ന ഐ ടെക്ക് എന്ന പദ്ധതിയുടെ ഭാഗമായി 1964 മുതല്‍ ഇത്തരം ഓഫ് ലൈന്‍-ഓണ്‍ ലൈന്‍ കോഴ്‌സുകള്‍ സംഘടിപ്പിക്കാറുണ്ട് എന്നാണ് ഔദ്യോഗിക വിശദീകരണം. 2019 മുതലാണ് ഇത്തരം കോഴ്‌സുകളില്‍ കോഴിക്കോട് ഐഐഎം പരിശീലനം നല്‍കാന്‍ തുടങ്ങിയത്. ഇത് ആദ്യമായാണ് കോഴിക്കോട് ഐഐഎം നടത്തുന്ന പരിശീലന പരിപാടിയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു സംഘം കോഴ്‌സിനെത്തുന്നതെന്ന് അധികൃതര്‍ പ്രതികരിച്ചു.

മാര്‍ച്ച് പതിനേഴിന് അവസാനിക്കുന്ന കോഴ്‌സില്‍ ഇത്തവണ മൂന്ന് രാജ്യങ്ങളില്‍ നിന്നായി 25 പേരാണ് പങ്കെടുക്കുന്നത്

വിദേശകാര്യമന്ത്രാലയമാണ് കോഴ്‌സില്‍ പങ്കെടുക്കുന്നവരെ തീരുമാനിക്കുന്നത്. കോഴ്‌സില്‍ പങ്കെടുക്കുന്നവരെ തീരുമാനിച്ചതിന് ശേഷം വിദേശകാര്യമന്ത്രാലയം തന്നെ പങ്കെടുക്കുന്നവരുടെ പട്ടിക ഐ.ഐ.എമ്മിന് കൈമാറുകയായിരുന്നു. പങ്കെടുക്കുന്ന രാജ്യങ്ങളെയോ പ്രതിനിധികളെയോ തീരുമാനിക്കുന്നതില്‍ ഐ.ഐ.എമ്മിന് പങ്കില്ല. മാര്‍ച്ച് പതിനേഴിന് അവസാനിക്കുന്ന കോഴ്‌സില്‍ ഇത്തവണ മൂന്ന് രാജ്യങ്ങളില്‍ നിന്നായി 25 പേരാണ് പങ്കെടുക്കുന്നത്. ഓണ്‍ലൈന്‍ കോഴ്‌സായതിനാല്‍ എത്ര പേര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പങ്കെടുത്തുവെന്ന്, കോഴ്‌സ് അവസാനിച്ചതിന് ശേഷം മാത്രമേ പറയാനാവൂ എന്നും അധികൃതര്‍ പ്രതികരിച്ചു.

. കാബൂളിലെ ഇന്ത്യൻ എംബസിയാണ് കോഴ്‌സിനെകുറിച്ച് അറിയിച്ചതെന്നാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മെമ്മോറാണ്ടത്തിൽ പറയുന്നത്

അതേസമയം താലിബാൻ പ്രതിനിധികൾ കോഴ്‌സിന്റെ ഭാഗമാകുന്ന കാര്യം ഇന്ത്യയും അഫ്ഗാനും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല . എന്നാൽ അഫ്ഗാൻ മന്ത്രാലയം ജീവനക്കാർക്ക് നിർദേശം നൽകുന്ന മെമ്മോറാണ്ടം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കാബൂളിലെ ഇന്ത്യൻ എംബസിയാണ് കോഴ്‌സിനെകുറിച്ച് അറിയിച്ചതെന്നാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മെമ്മോറാണ്ടത്തിൽ പറയുന്നത്. ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവർക്ക് കോഴ്‌സിൽ പങ്കെടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

അതിനിടെ താലിബാനുമായി നയതന്ത്ര ഇടപെടൽ തുടങ്ങുന്നതിനുള്ള ഇന്ത്യയുടെ നീക്കമാണിതെന്നും റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. താലിബാൻ അധികാരം ഏറ്റെടുത്ത് 10 മാസങ്ങൾക്ക് ശേഷം 2022 ജൂലൈയിൽ കാബൂളിൽ ഇന്ത്യ വീണ്ടും എംബസി തുറന്നിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് ഇപ്പോഴും അഫ്ഗാനുമായി നയതന്ത്ര ഇടപെടല്‍ സാധ്യമായിട്ടില്ല. ഇതിനിടെയാണ് കോഴ്സിനായി ഇന്ത്യയിലേക്ക് താലിബാൻ പ്രതിനിധികളെ ക്ഷണിക്കുന്നത്. ഇന്ത്യയുടെ പ്രത്യേകത നാനാത്വത്തിലെ ഏകത്വത്തിലാണ്. അത് പുറത്തുനിന്നുള്ളവർക്ക് സങ്കീർണമായി തോന്നിയേക്കാം. എന്നാൽ ഈ പ്രോഗ്രാമിലൂടെ മറ്റുരാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യ‌യെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുമെന്നും കോഴ്സിനെ കുറിച്ചുള്ള ആമുഖത്തിൽ പറയുന്നു. ഇന്ത്യയുടെ സാസ്‌കാരിക പൈതൃകം, സാമ്പത്തിക അന്തരീക്ഷം, സാമൂഹിക ചുറ്റുപാട്, ഐ.ടി, ബിസിനസ് സാധ്യതകള്‍, എന്നിവയെല്ലാം മറ്റ് രാജ്യങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇത്തരം കോഴ്‌സുകളിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ ടെക്‌നിക്കല്‍ എക്കണോമിക്ക് കോര്‍പ്പറേഷന്‍ പ്രോഗ്രാമുമായി സഹകരിക്കുന്ന രാജ്യങ്ങളെയാണ് ഇത്തരം പരിശീലനപരിപാടികളിലേക്ക് ക്ഷണിക്കാറുള്ളത്. താലിബാനെ ഒറ്റപ്പെടുത്തുന്നതിന് പകരം പ്രബുദ്ധരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്ഷണിച്ചിട്ടുണ്ടാവുകയെന്ന അനൗദ്യോഗിക മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. കോഴിക്കോട് ഐ.ഐ.എം 2019 മുതല്‍ നല്‍കുന്ന പരിശീലന പരിപാടിയില്‍ ഇതിനകം 22 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, തായ്‌ലന്റ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന കോഴ്‌സില്‍ പങ്കെടുക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ