1997 മുതല്‍ 2022 വരെയുള്ള 25 വര്‍ഷങ്ങള്‍; ഭരണത്തിന്റെ രജതജൂബിലിയില്‍ ഹോങ്കോങിന്മേലുള്ള ആധിപത്യം അരക്കിട്ടുറപ്പിക്കുകയാണ് ചൈന. ഒരു ഉദാര ലിബറൽ സംവിധാനത്തിൽനിന്ന് സമഗ്രാധിപത്യത്തിലേക്കുള്ള പരിണാമം കൂടിയായിരുന്നു ഈ കാൽനൂറ്റാണ്ട്.
പുതിയ ചീഫ് എക്‌സിക്യൂട്ടീവായി ജോണ്‍ ലീ അധികാരമേല്‍ക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രസിഡന്റ് ഷി ജിന്‍ പിങ് തന്നെ നേരിട്ട് എത്തി. 'ഒരു രാജ്യം, രണ്ട് വ്യവസ്ഥ' എന്ന ചൈനീസ് നയത്തിന് കീഴില്‍ ഹോങ്കോങില്‍ ജനാധിപത്യം തഴച്ചുവളരുകയാണെന്ന ഒരൊറ്റ പ്രസ്താവനയിലൂടെ, ഇതുവരെ ഉയര്‍ന്ന എതിര്‍ശബ്ദങ്ങളും വിയോജിപ്പുകളും ഷി ജിന്‍ പിങ് തള്ളിക്കളയുകയാണ്. 2020ല്‍ ഹോങ്കോങില്‍ നടപ്പാക്കിയ ദേശസുരക്ഷ നിയമത്തെ പ്രതിരോധിക്കുന്നത് കൂടിയാണ് ചൈനീസ് പ്രസിഡന്റിന്റെ നിലപാട്.
'ഒരു രാജ്യം രണ്ട് വ്യവസ്ഥ' വിട്ടുവീഴ്ചയില്ലാതെ ചൈന
ചൈനയ്ക്ക് കീഴില്‍ ഹോങ്കോങില്‍ ജനാധിപത്യം ശക്തിപ്പെടുകയാണെന്നാണ് ഇക്കഴിഞ്ഞ 25 വര്‍ഷവും ചൈനീസ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നിടത്ത് നിന്ന് ഷി ജിന്‍ പിങ് പറയുന്നത്. 'ഒരു രാജ്യം രണ്ട് വ്യവസ്ഥ' എന്ന ചൈനീസ് നിലപാടിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
'ഇത്ര മികച്ചൊരു സംവിധാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുന്നോട്ട് പോകേണ്ടതുണ്ട് ' എന്ന് ചൈനീസ് പ്രസിഡന്റ് പറയുന്നത് ഹോങ്കോങിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെയും അന്തര്‍ദേശീയ എതിര്‍പ്പുകളേയും പാടെ തള്ളിയാണെന്നതില്‍ സംശയമില്ല. സുസ്ഥിരമായ ഭാവിയ്ക്ക് പ്രക്ഷുബ്ധമായ കാലം നല്ലതല്ലെന്ന് ഹോങ്കോങ് ജനത തന്നെ തിരിച്ചറിഞ്ഞുവെന്നാണ് ചൈനീസ് നിലപാട്.
ഹോങ്കോങിന് സ്വയംഭരണം നല്‍കി ജനാധിപത്യപരമായി മുന്നോട്ട് പോകുക എന്നതാണ് ചൈനയുടെ നയമെന്നും ഷി ജിന്‍ പിങ് സൂചിപ്പിക്കുന്നു. കാറ്റിനും മഴയ്ക്കും ശേഷം ചടുലതയോടെ ഉയര്‍ത്തെഴുന്നേറ്റ ഹോങ്കോങ് അങ്ങിനെ തന്നെ മുന്നോട്ട് പോകുമെന്നും ഷി പ്രത്യാശ പ്രകടിപ്പിച്ചു.
ജോണ്‍ ലീ എന്ന ചൈനീസ് വിശ്വസ്തന്‍
'ചൈനയുടെ വിശ്വസ്തന്‍' അതിലുമേറെ മികച്ചൊരു വിശേഷണം ജോണ്‍ ലീ എന്ന നേതാവിനില്ല. 'ചൈനയുടെ വളര്‍ത്തുനായ' എന്നാണ് വിമര്‍ശകര്‍ ലീയെ വിശേഷിപ്പിക്കാറുള്ളത്. ചൈനയേയും ലോകത്തേയും ബന്ധിപ്പിക്കുന്ന വ്യാപാരകേന്ദ്രമായി ഹോങ്കോങിനെ നിലനിര്‍ത്തുമെന്ന നിലപാട് ലീ ആദ്യമേ പ്രഖ്യാപിച്ച് കഴിഞ്ഞു .
2019ല്‍ രാജ്യത്തുയര്‍ന്ന ചൈനീസ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ നേതൃത്വം വഹിച്ച നേതാക്കളിലൊരാളാണ് അദ്ദേഹം. ഇരുപതാം വയസില്‍ ഹോങ്കോങ് പൊലീസിന്റെ ഭാഗമായി തുടങ്ങിയ ഔദ്യോഗിക ജീവിതം സുരക്ഷാ സെക്രട്ടറി പദവി വരെ നീണ്ടു. അറുപത്തിനാലാം വയസില്‍ ചീഫ് എക്‌സിക്യൂട്ടീവ് പദവിയിലുമെത്തി. കുറ്റവാളികളെ വിചാരണ ചെയ്യാന്‍ ചൈനയ്ക്ക് വിട്ടുകൊടുക്കണമെന്നും, പ്രതിഷേധിക്കുന്നവര്‍ ഭീകരര്‍ക്ക് തുല്യമാണെന്നുമായിരുന്നു ലീയുടെ നിലപാട്. അതുകൊണ്ട് തന്നെ ജോണ്‍ ലീയുടെ ഭരണകാലം അത്ര സുഖകരമാവില്ല ഹോങ്കോങിനെന്ന് ജനാധിപത്യവാദികള്‍ ഉറച്ചുവിശ്വസിക്കുന്നു.
സ്വതന്ത്രരാജ്യ പദവി നല്‍കാതെ വീണ്ടും ചൈനയ്ക്ക് കീഴില്‍ കഴിയേണ്ടി വന്നത് ഹോങ്കോങ് ജനതയില്‍ വലിയൊരു വിഭാഗത്തേയും അതൃപ്തരാക്കി
ഹോങ്കോങ് ; ചരിത്രവും ചൈനീസ് ഭരണത്തിന്റെ 25 വര്‍ഷവും
ചൈനീസ് നിയന്ത്രണത്തിലായിരുന്ന ഹോങ്കോങ് 1842ലെ ഒന്നാം കറുപ്പ് യുദ്ധത്തിന് ശേഷമാണ് ബ്രിട്ടീഷ് കോളനിയായി മാറിയത്. ഹോങ്കോങ് തിരിച്ചുവേണമെന്ന ചൈനീസ് ആവശ്യത്തിന്മേല്‍ പലതവണ ബ്രട്ടനും ചൈനയും ചര്‍ച്ചകള്‍ നടത്തി. അതിന്റെ ഫലമായി 1898ല്‍ ഒരു കരാര്‍ പ്രാബല്യത്തില്‍ വന്നു. 99 വര്‍ഷത്തേക്ക് ചൈന, ഹോങ്കോങ് ബ്രിട്ടന് പാട്ടത്തിന് നല്‍കുന്നതായിരുന്നു കരാര്‍. ബ്രിട്ടീഷ് കോളനിയായിരിക്കെ 1939ല്‍ രണ്ടാംലോക മഹായുദ്ധ കാലത്ത്, ജപ്പാന്‍ ഹോങ്കോങ് പിടിച്ചെടുത്തു. യുദ്ധശേഷം പ്രദേശം വീണ്ടും ബ്രിട്ടീഷ് കോളനിയായി മാറി. പാട്ടക്കാലാവധിക്ക് ശേഷം 1997ലാണ് ഹോങ്കോങ് വീണ്ടും ചൈനയുടെ അധികാരപരിധിയിലെത്തുന്നത്. എന്നാല്‍ സ്വതന്ത്രരാജ്യ പദവി നല്‍കാതെ വീണ്ടും ചൈനയ്ക്ക് കീഴില്‍ കഴിയേണ്ടി വന്നത് വലിയൊരു വിഭാഗം ഹോങ്കോങ് ജനതയേയും അതൃപ്തരാക്കി. ജനാധാപത്യത്തിന്റെ ശബ്ദമുയര്‍ത്തി പലപ്പോഴായി ഹോങ്കോങില്‍ പ്രതിഷേധങ്ങളുയര്‍ന്നു.
2019ലാണ് ചൈനീസ് ഹോങ്കോങ് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായത്. ആ വര്‍ഷം ഏപ്രിലില്‍ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്ന കാരി ലാം അവതരിപ്പിച്ചൊരു ബില്ലായിരുന്നു അതിന്റെ അടിസ്ഥാനം. ദേശസുരക്ഷയ്ക്ക് 'ഭീഷണിയായ' ഹോങ്കോങ് പൗരന്മാരെ ചൈനയിലേക്ക് കൈമാറുന്ന പ്രക്രിയ വേഗത്തിലാക്കുന്നതായിരുന്നു ബില്‍.
2019 ഹോങ്കോങിനെ സംബന്ധിച്ചിടത്തോളം ജനകീയ പ്രക്ഷോഭങ്ങളുടെ കാലമായിരുന്നു. ബില്ലിനെതിരെ റാലികളില്‍ തുടങ്ങിയ പ്രതിഷേധം ഹോങ്കോങ് തെരുവുകളിലാകെ തീപോലെ പടര്‍ന്ന പ്രതിഷേധങ്ങളായി. മനുഷ്യാവകാശ പ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും ജയിലിലടച്ചു. പ്രതിഷേധം കരുത്താര്‍ജ്ജിച്ചതോടെ ബില്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായി. അതിന് ശേഷമാണ് പ്രതിഷേധങ്ങള്‍ അയഞ്ഞത്. കോവിഡ് പടര്‍ന്നുപിടിച്ചതോടെ പ്രാബല്യത്തില്‍ വന്ന നിയന്ത്രണങ്ങള്‍ പ്രതിഷേധങ്ങള്‍ക്കും വിലക്ക് കല്‍പ്പിച്ചു. പിന്നീടാണ് ദേശീയ സുരക്ഷാനിയമം പാസ്സായത്.
1997ലെ അധികാര കൈമാറ്റ കാലത്ത് നല്‍കിയ ഉറപ്പിന്റെ പൂര്‍ണലംഘനമായിരുന്നു ദേശ സുരക്ഷാ നിയമം
എന്താണ് ഹോങ്കോങ് ദേശ സുരക്ഷാ നിയമം?
ജനാധിപത്യവാദികളുടെ എതിര്‍പ്പുകളെല്ലാം തള്ളിക്കൊണ്ട് ചൈന 2020 ജൂണ്‍ 30ന് ഹോങ്കോങ് ദേശ സുരക്ഷാ നിയമം പാസാക്കി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിഘടനവാദവും ഭീകരവാദവും തടയാനാണ് നിയമമെന്നായിരുന്നു ചൈനീസ് അവകാശവാദം. 1997ലെ അധികാരക്കൈമാറ്റ കാലത്ത് നല്‍കിയ ഉറപ്പിന്റെ പൂര്‍ണലംഘനമായിരുന്നു ദേശ സുരക്ഷാ നിയമം. 50 വര്‍ഷത്തേക്ക് ഹോങ്കോങിലെ ജനാധിപത്യ രീതികളില്‍ മാറ്റം വരുത്തില്ല എന്നതായിരുന്നു ചൈന നല്‍കിയ ഉറപ്പ്. എന്നാല്‍ ഹോങ്കോങ് ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ അധികാരപരിധി മറികടന്ന് ചൈനീസ് പാര്‍ലമെന്റിന്റെ സ്ഥിരം സമിതിയായിരുന്നു ദേശ സുരക്ഷാ നിയമം പാസാക്കിയത്.
അന്തര്‍ദേശീയ നിലപാട് എന്ത് ?
ദേശസുരക്ഷാ നിയമം പാസാക്കിയപ്പോള്‍ അമേരിക്കയും ബ്രിട്ടനും ഉപരോധവുമായി രംഗത്തെത്തിയെങ്കിലും ആഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. ഭരണക്കൈമാറ്റത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളില്‍ ഷി ജിന്‍ പിങ് പങ്കെടുക്കും മുന്‍പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കനും ചൈനയ്‌ക്കെതിരെ രംഗത്തെത്തി. 1997ലെ കരാര്‍ അനുസരിച്ച് 'ഒരു രാജ്യം, രണ്ട് വ്യവസ്ഥ' നയം നടപ്പിലാക്കുന്നതിൽ ചൈന വലിയ പരാജയമാണെന്ന് ഇരു രാജ്യങ്ങളും കുറ്റപ്പെടുത്തി. ഹോങ്കോങ് ജനതയുടെ അവകാശങ്ങളും സ്വാതന്ത്ര്യവും,പുരോഗതിയും അഭിവൃദ്ധിയും അപായപ്പെടുത്തുകയാണ് ചൈനയെന്ന് ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. ജനാധിപത്യ പങ്കാളിത്തവും മൗലികസ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും തള്ളിക്കളയുന്ന നിലപാടാണ് ഇക്കഴിഞ്ഞ 25 വര്‍ഷവും ചൈന കൈക്കൊണ്ടിരിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി വിമര്‍ശിച്ചു.
ഷി ജിന്‍ പിങിനെതിരെ പ്രതിഷേധങ്ങളുയര്‍ന്നോ?
ഷി ജിന്‍ പിങിന്റെ സന്ദര്‍ശനം മുന്‍കാലങ്ങളിലേതിന് സമാനമായ വലിയ പ്രതിഷേധങ്ങളൊന്നും ഹോങ്കോങില്‍ ഉയര്‍ത്തിയിട്ടില്ല . കനത്ത പൊലീസ് സുരക്ഷയിലാണ് ചടങ്ങ് നടക്കുന്ന വാന്‍ ചയ് മേഖല . ഒപ്പം കോവിഡ് നിയന്ത്രണങ്ങളും കര്‍ശനമാണ്. ചടങ്ങിന് മുന്‍പ് വേദിക്ക് പുറത്ത് ആക്ടിവിസ്റ്റുകള്‍ പ്രതിഷേധറാലിയുമായി എത്തിയെങ്കിലും ദേശ സുരക്ഷാ നിയമം ചൂണ്ടിക്കാട്ടി പൊലീസ് അവരെ പിരിച്ചുവിട്ടു. ശക്തമായ വാഹനപരിശോധനയും നിയന്ത്രണവുമാണ് നടപ്പാക്കിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം പോലും നല്‍കിയത്.
ഹോങ്കോങിലെ ജനാധിപത്യവാദികളും ചൈനീസ് വിമര്‍ശകരും സാഹചര്യങ്ങളില്‍ ഒരു മാറ്റവും പ്രതീക്ഷിക്കുന്നില്ല
ചൈനയ്ക്ക് കീഴില്‍ അടുത്ത 25 വര്‍ഷം എങ്ങനെ?
ഭരണം കൈമാറുമ്പോള്‍ ബ്രിട്ടനും മറ്റ് ലോകരാജ്യങ്ങളും ഹോങ്കോങ് ജനതയും പ്രതീക്ഷിച്ചിരുന്നത് ചൈന പതുക്കെ ഹോങ്കോങിനെ സ്വതന്ത്രരാജ്യ പദവയിലേക്ക് മാറ്റുമെന്നാണ്. ബ്രിട്ടനും ചൈനയും തമ്മിലുള്ള 50 വര്‍ഷത്തെ കരാര്‍ പ്രകാരം ഹോങ്കോങിനായി രൂപം നല്‍കിയ മിനി ഭരണഘടനയായിരുന്നു ഇതിനടിസ്ഥാനം. ചീഫ് എക്‌സിക്യൂട്ടീവും ഭരണനേതൃത്വത്തിലെ മറ്റുള്ളവരും ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടും എന്നായിരുന്നു പ്രധാന വ്യവസ്ഥ. പക്ഷെ രാജ്യസുരക്ഷ എന്ന അളവുകോലിലൂടെ ഈ വ്യവസ്ഥകള്‍ ചൈന അട്ടിമറിച്ചു. ദേശ സുരക്ഷാ നിയമം ഹോങ്കോങ് ജനതയുടെ പ്രതീക്ഷകള്‍ പൂര്‍ണമായും ഇല്ലാതാക്കി. ഇപ്പോള്‍ പ്രതിഷേധങ്ങള്‍ പോലും ഹോങ്കോങില്‍ ദേശവിരുദ്ധ പ്രവര്‍ത്തിയാണ്. 50 വര്‍ഷ കരാര്‍ 2047ല്‍ അവസാനിക്കുമ്പോഴും ഹോങ്കോങിലെ ജനാധിപത്യവാദികളും ചൈനീസ് വിമര്‍ശകരും നിലവിലെ സാഹചര്യങ്ങളില്‍ ഒരു മാറ്റവും പ്രതീക്ഷിക്കുന്നില്ല . പ്രധാന വ്യാപാര കേന്ദ്രമെന്ന നിലയില്‍ ഹോങ്കോങിനെ കൂടുതല്‍ കര്‍ശന വ്യവസ്ഥകള്‍ക്ക് കീഴില്‍ നിലനിര്‍ത്താനാകും ചൈന ആഗ്രഹിക്കുന്നത്.