1988 ജൂലൈ 8. ബെഗളുരുവില്‍നിന്ന് കന്യാകുമാരി ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു ഐലൻഡ് എക്‌സ്പ്രസ്. ശാസ്താംകോട്ടയില്‍നിന്ന് ട്രെയിന്‍ മുന്നോട്ടുനീങ്ങിയപ്പോള്‍ മുഴങ്ങിയ ചൂളം വിളി മരണവിളിയാകുമെന്ന് യാത്രക്കാര്‍ ആരും കരുതിയിരുന്നില്ല.
ശാസ്താംകോട്ട പിന്നിട്ട് മിനുറ്റുകള്‍ക്കകമാണ് ട്രെയിന്‍ അപകടത്തില്‍ പെട്ടത്. എന്താണ് സംഭവിച്ചതെന്ന് പലർക്കും മനസിലാക്കുന്നതിന് മുൻപ് ട്രെയിന്‍ അഷ്ടമുടിക്കായലിൽ പതിച്ചു. നൂറിലേറെ ജീവനുകളാണ് മുങ്ങിത്താഴ്ന്നത്. മൃതദേഹങ്ങള്‍... ഉറ്റവരുടെ നിലവിളികള്‍... കേരളത്തിന്റെ കണ്ണീര്‍ക്കായലായി പെരുമണ്‍ മാറി.
മറ്റെങ്ങുമില്ലാത്ത ചുഴലിക്കാറ്റ് പെരുമണ്ണില്‍ മാത്രം വീശിയടിച്ച് ട്രെയിന്‍ മറിച്ചിട്ടുവെന്ന വിചിത്ര വാദമാണ് റെയില്‍വേ മുന്നോട്ടുവച്ചത്. എന്നാല്‍ ചാറ്റല്‍ മഴയും ചെറിയ കാറ്റുമല്ലാതെ മറ്റൊന്നും അന്നുണ്ടായില്ലെന്ന് നാട്ടുകാര്‍ ആണയിടുന്നു. ട്രെയിന്‍ പാളം തെറ്റിയതാണെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു.
റെയില്‍വേയുടെ വീഴ്ചയാണ് പെരുമണ്‍ ദുരന്തത്തിന് കാരണമെന്ന് വ്യക്തമായിരിക്കെ, ദുരന്തങ്ങള്‍ പാഠമായോ എന്നതാണ് ഏറ്റവും നിര്‍ണായകമായ ചോദ്യം. 288 പേരുടെ ജീവനെടുത്ത ഒഡിഷ ട്രെയിന്‍ അപകടവും നല്‍കുന്ന സൂചനകള്‍ നിരാശാജനകമാണ്. പെരുമണ്‍ ദുരന്തത്തിന്റെ മുപ്പത്തി അഞ്ചാം വാര്‍ഷികത്തിലും റെയില്‍സുരക്ഷ വലിയ ചോദ്യമായി നിലനില്‍ക്കുന്നു.