But Why

ഫഹദ് (രത്നവേൽ) ആഘോഷത്തിന് പിന്നിലെ ബ്രാഹ്മണ്യം... BUT WHY

സുല്‍ത്താന സലിം

തമിഴ്‌നാട് രാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ വൈരുദ്ധ്യങ്ങളുണ്ട്. ബ്രാഹ്‌മണ്യ വിരുദ്ധമായ ദ്രാവിഡ രാഷ്ട്രീയത്തിനാണ് അവിടെ മേല്‍കൈ. എന്നാല്‍ സമൂഹത്തില്‍ ജാതി ചിന്തയും, സവര്‍ണാധിപത്യവും പലയിടത്തും നിലനില്‍ക്കുന്നു. ജാതികൊലപാതകങ്ങളും, ജാതി വിരുദ്ധ ചെറുത്തുനില്‍പ്പുകളും തമിഴ്‌നാട്ടില്‍ ഇപ്പോഴും സ്വാഭാവികമെന്നോണം നടക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി തമിഴ് നാട്ടിലെ സാംസ്‌കാരിക രംഗം, വലിയ രീതിയില്‍ ജാതി ആധിപത്യത്തിനെതിരായ ചെറുത്തുനില്‍പ്പിലാണ്. സിനിമയിലാണ് ഇത് കൂടുതല്‍ കണ്ടിട്ടുള്ളത്. സൗന്ദര്യ ശാസ്ത്രപരമായും ഉള്ളടക്കത്തിലെ നീതി ബോധത്തിന്റെ അടിസ്ഥാനത്തിലായാലും ശക്തമായ സിനിമകള്‍ സംഭവിക്കുന്നു.

ഇങ്ങനെ തുടര്‍ച്ചയായി ജാതിവിരുദ്ധ സിനിമകളിലൂടെ അടിച്ചമര്‍ത്തപ്പെട്ടവര്‍, പാര്‍ശ്വവല്‍ക്കൃതര്‍ കളം പിടിക്കുമ്പോള്‍, ജാതിശക്തികള്‍ എന്ത് ചെയ്യണം. അവര്‍ ചെയ്യുന്നതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്നത്. മാമന്നന്‍ എന്ന സിനിമ ഒടിടിയില്‍ റിലീസ് ചെയ്തതിന് ശേഷം അതിലെ വില്ലന്‍ സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദിനെ വാഴ്ത്തുക. വാഴ്ത്തുകയെന്നു വച്ചാല്‍ അനിതര സാധാരണമായ നടന വൈഭവം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ വടിവേലുവിന്റെ കഥാപാത്രത്തെ ഇകഴ്ത്താന്‍ പറ്റുന്നതെന്തും ചെയ്യുക. അതാണിപ്പോള്‍ നടക്കുന്നത്.

മാരി സെൽവരാജിന്റെ സിനിമകൾ തമിഴ് ജാതിവെറിയെ അടയാളപ്പെടുത്തിക്കൊണ്ടേ ഇരുന്നു

എന്തു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?

തമിഴ്നാട്ടിലെ പല സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടേയും ഭാ ഗമായി, സാംസ്കാരിക ഇടപെടലുകളുടേയും ഭാഗമായി ദലിതരുടെ മക്കൾക്ക് വിദ്യാഭ്യാസം ലഭിക്കുമ്പോൾ, അവർ തങ്ങൾക്ക് മുന്നിൽ കാലുമടക്കി വീമ്പുകാട്ടി ഇരിക്കുന്നവരുടെ വിവേകമില്ലായ്മയെ ചോദ്യം ചെയ്യുമ്പോൾ സവർണ്ണനെഞ്ചമൊന്ന് ചെറുതായി ഇടിക്കാറുണ്ട്. അധികാരം പിടിച്ചുനിർത്താനും ദലിത് മക്കളെ എന്നും കാൽച്ചുവട്ടിൽ നിർത്താനും വേണ്ടി പയറ്റിക്കൊണ്ടിരിക്കുന്ന ആന്തരിക-ബാഹ്യ ഇടപെടലുകൾ ചെറുതൊന്നുമല്ല.

ഒരുതരത്തിൽ അധികാരം പിടിച്ചുനിർത്താനായി കാലങ്ങളായുളള പണിപെടലുകളുടെ ബാക്കിപത്രം തന്നെയാണ് സവർണന്റെ കാൽച്ചുവട്ടിൽ ഇന്നും അവശേഷിക്കുന്ന അൽപം മണ്ണ്. ആ മണ്ണ് ഒലിച്ചുപോയാൽ തീരാവുന്നതേ ഉളളു ഇവരുടെ നിലനിൽപ്പ്. ഈ ആശങ്കയിലാണ് മണ്ണെന്ന് വിളിച്ചുകൊണ്ട് മാമന്നനെ അടിമയാക്കിത്തന്നെ വച്ചുപോന്നത്.

മാരി മാൽവരാജിന് കാസ്റ്റിങ്ങിൽ പിഴച്ചോ?

മാരി സെൽവരാജിന്റെ സിനിമകൾ തമിഴ് ജാതിവെറിയെ അടയാളപ്പെടുത്തിക്കൊണ്ടേ ഇരുന്നപ്പോൾ ദുർബലമായിപ്പോയത് വമ്പന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂട്ടർ തന്നെയാണ്. യഥാർത്ഥ ജാതിവെറി തിരിച്ചറിഞ്ഞ് ജനം ഇവർക്കുനേരെ വാക്കാൽ അമ്പെയ്യാൻ തുടങ്ങിയാൽ പിടിച്ചുനിൽക്കുക സാധ്യമല്ലെന്ന് അൽപബുദ്ധികളെങ്കിലും ഇവർക്കുതോന്നിയിട്ടുണ്ടാകണം. അതിന്റെ ഫലമായാണ് ഫഹദ് എന്ന നടന്റെ അസാമാന്യ പ്രകടനത്തിൽ ഗംഭീരമായ രത്നവേലിനെ ഫഹദ് ആരാധകർ കൊണ്ടാടിയപ്പോൾ കൂടെ ഒരു പുകമറപോലെ കയറിക്കൂടി തേവർ ഗൗണ്ടർ ക്യാംപയിൻ തുടങ്ങിവച്ചത്.

പടച്ചുവിടുന്ന വീഡിയോകൾക്ക് പിന്നിലെ ഹിഡൺ അജണ്ട മനസിലാക്കാതെ ആരാധകരായ പാവം സിനിമാ ആസ്വാദകർ ട്വിറ്റർ ഫേസ്ബുക്ക് പോലുളള സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫഹദിനെ ആഘോഷിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രൊപ്പഗാണ്ട വീഡിയോകൾ പങ്കുവച്ചുകൊണ്ടിരിക്കുന്നു.

'Let's confuse Mari Selvaraj' എന്ന ടൈറ്റിലിൽ 'REVERSE POLITICS' എന്നെഴുതി പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന വീഡിയോകൾ കാണുമ്പോൾ മാരി 'മാമന്നനി'ലൂടെ പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയ നിലപാടിനെ തലകീഴായി മറിക്കുകയാണോ രത്നവേലിന്റെ ഹീറോയിസം എന്ന് തോന്നിപ്പോകുന്നുണ്ട്. മാത്രമല്ല, അധികാര ജാതികളെ സ്തുതിക്കുന്ന പാട്ടുകൾ ബാക്ഗ്രൗണ്ട് മ്യൂസിക്കായി തിരുകിക്കയറ്റി രത്നവേൽ എന്ന കഥാപാത്രത്തെ തേവർ എന്നും ഗൗണ്ടർ എന്നും അടയാളപ്പെടുത്തുകയാണ്.

ഇതു കണ്ട് ചില പ്രേക്ഷകർ, ഉദയനിധി സ്റ്റാലിൻ എന്ന നടന്റെ പ്രകടനത്തില പോരായ്മയാണ് രത്നവേൽ എന്ന വില്ലൻ ഫഹദിലൂടെ വാഴ്ത്തപ്പെട്ടതിന് കാരണമെന്ന് അനുമാനിക്കുന്നു.

മാരി മാൽവരാജിന് കാസ്റ്റിങ്ങിൽ പിഴച്ചോ? സിനിമ വില്ലന് അമിത ഗ്ലോറിഫിക്കേഷൻ നൽകിയോ? കാര്യമായി ചിന്തിക്കുകയും ഉത്തരം കണ്ടെത്തേണ്ടതുമായ ചോദ്യങ്ങളാണ്. പക്ഷെ ഇത്തരം ചർച്ചകളിലേയ്ക്ക് പോകും മുമ്പ്, വളർത്തുനായയെ തലക്കടിച്ച് കൊല്ലുന്ന അധികാരത്തിനായി കാലുനക്കാൻ പോലും മടിക്കാത്ത ടോക്സിക് വില്ലൻ രത്നവേലിനെ പ്രേമിക്കാൻ പറയുന്ന മാസ് വീഡിയോകളുടെ പ്രചരണത്തിന് പിന്നിലെ ജാതിവെറി എന്ന അഴുക്കിനെക്കൂടി തിരിച്ചറിയണം. ചർച്ച ചെയ്യപ്പെടണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും