But Why

മനുഷ്യത്വ വിരുദ്ധ മാതൃത്വ ആഘോഷങ്ങൾ

മാതൃത്വത്തെ കാല്‍പനികവത്കരിക്കുന്ന എല്ലാം പുരുഷാധിപത്യ മൂല്യങ്ങളെ പേറുന്നതാണ്. അത് മനുഷ്യത്വ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്.

ദ ഫോർത്ത് - കൊച്ചി

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനാണ് സോഷ്യൽ മീഡിയയിലെ താരം. പിഞ്ചു കുഞ്ഞുമായി മേയറുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ആര്യാ രാജേന്ദ്രന്റെ പടം വൈറലായിക്കൊണ്ടിരിക്കുകയാണ്. ജോലിയോടും തന്റെ പിഞ്ചുകുഞ്ഞിനോടുമുള്ള ആര്യാ രാജേന്ദ്രന്റെ സമര്‍പ്പണം വാഴ്ത്തപെടേണ്ടതാണെന്ന് തന്നെ വെയ്ക്കുക. എന്നാലും ഈ ചിത്രം സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ്?

വ്യക്തിപരമായി ഈ ചിത്രത്തോട് താല്‍പര്യം തോന്നാതിരിക്കാൻ ചില കാരണങ്ങളുണ്ട്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍. സംഘ്പരിവാറിന്റെ ശക്തമായ എതിര്‍പ്പിനെ അതീജീവിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനെ നയിക്കുന്ന വനിത. പരിചയക്കുറവിന്റെ പേരില്‍ രാഷ്ട്രീയ എതിരാളികളുടെ നിരന്തര പരിഹാസത്തിന് വിധേയാവുന്ന യുവ നേതാവ്. ആര്യാ രാജേന്ദ്രന്‍ അഭിനന്ദിക്കപ്പെടേണ്ടതായ നിരവധി അവസരങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും ഒരു മാസം മാത്രം പ്രായമായ തന്റെ നവജാത ശിശുവിനെയും കയ്യിലെടുത്ത് ഓഫീസിലിരുന്ന് ഫയലുകള്‍ നോക്കുന്ന ചിത്രം, അതില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഏറ്റവും പ്രധാന പ്രശ്‌നം, പൂരുഷാധിപത്യ മൂല്യങ്ങളെ സ്വാഭാവിക വല്‍ക്കരിച്ചിട്ടുള്ള ഒരു സമൂഹത്തില്‍ ഈ ചിത്രം എങ്ങനെ സ്വികരിക്കപ്പെടുമെന്നതാണ്. നോക്കൂ, തിരുവനന്തപുരത്തെ മേയര്‍ പോലും കുട്ടിയെ ഒരു നിമിഷം വേര്‍പിരിയാതെ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെയൊരു വാക്ക് കുടുംബത്തിന്റെ നടത്തിപ്പുകാരില്‍നിന്ന് കേള്‍ക്കേണ്ടിവരുന്ന അമ്മമാര്‍ ഇനിമുതൽ ഉണ്ടാകും.

മാതൃത്വം വെച്ചാണ് സ്ത്രീകളെ പുരുഷാധിപത്യ മൂല്യങ്ങള്‍ തളച്ചിടാറ്. അതുകൊണ്ടുതന്നെ ഇവിടെ നടന്നുപോരുന്ന മാതൃത്വ ആഘോഷങ്ങൾ എന്നും തമാശയാണ്. അതിലെ പ്രതിലോമകരമായ രാഷ്ട്രീയം ഇക്കാലത്ത് സ്ത്രീകള്‍ തിരിച്ചറിയുന്നുമുണ്ട്. ഇവിടെ കുട്ടിയുടെ ഉത്തരവാദിത്തം ആര്യാ രാജേന്ദ്രന്‍ എന്ന അമ്മയിലാണ്. എന്നെങ്കിലും ആര്യയുടെ പങ്കാളി, സച്ചിന്‍ ദേവിന് കുട്ടിയെ എടുത്ത് നിയമസഭയില്‍ പോകേണ്ടിവരുമോ. ഇനി അഥാവാ ഇടതുപക്ഷ മൂല്യങ്ങള്‍ പുലര്‍ത്തുന്ന സഖാവ് സച്ചിന്‍ കുട്ടിയുമായി സഭയില്‍ പോയാല്‍ എന്തായിരിക്കും ആര്യ നേരിടാൻ പോകുന്ന പരിഹാസം. ഇന്ന് ആര്യയെ വാഴ്ത്തുന്നവര്‍ തന്നെ സച്ചിൻ കുട്ടിയുമായി ജോലിസ്ഥലത്തേക്ക് പോകേണ്ടിവന്നതിന് കാരണക്കാരി ആര്യയാണെന്ന് പറഞ്ഞ് പരിഹസിക്കും. അതാണ് പുരുഷാധിപത്യ മൂല്യത്തിന്റെ നടപ്പുരീതി.

സമൂഹത്തില്‍ നിലനില്‍ക്കുന്ന അധീശത്വ മൂല്യങ്ങള്‍ അതിന്റെ ഇരകളെയും ആ മുല്യങ്ങളുടെ നടത്തിപ്പുകാരാക്കും. അത്രയും ശേഷിയുണ്ടതിന്. ഈ നാട്ടിലെ സാധാരണ ജോലി എടുക്കുന്ന സ്ത്രീകള്‍ക്ക് ഇതൊക്കെ സാധ്യമാണോ?. ചിലപ്പോള്‍ ഈ ഫോട്ടോ പകർത്തി അഞ്ചോ പത്തോ മിനിറ്റുകള്‍ക്ക് ശേഷം ആര്യാ രാജേന്ദ്രന്‍ കുട്ടിയുമായി വീട്ടിലേക്ക് പോയി കാണും. അല്ലേങ്കില്‍ ആ കുട്ടിയെ എടുക്കാന്‍ മറ്റ് ആളുകള്‍ സഹായത്തിന് ഉണ്ടാവുമായിരിക്കും. ഇതൊന്നുമല്ലല്ലോ, തൊഴിലെടുക്കാന്‍ പോകുന്ന ഒരു സാധാരണ സ്ത്രീകളുടെ സ്ഥിതി. അവിടെ ഈ ഉദാത്ത മാതൃത്വം താങ്ങാന്‍ കഴിയാത്ത ഭാരമായിട്ടാണ് സ്ത്രീകള്‍ക്ക് അനുഭവപ്പെടുക.

ജോലിയുള്ള സ്ത്രീകൾ കൊച്ചുകുട്ടികളായ തന്റെ മക്കളുമായി ജോലി സ്ഥലത്തേക്ക് വരുമ്പോള്‍ വലിയ സ്വീകാര്യതയാണ് കിട്ടുക. മാതൃത്വത്തിന്റെ മഹത്തായ മുല്യങ്ങളുടെ നടത്തിപ്പുകാരായി അവര്‍ വാഴ്ത്തപ്പെടും. ഇതാണ് ഇപ്പോള്‍ കാണുന്നത്. മണ്ഡലത്തിലെയും സഭയിലേയും തിരക്കൊഴിയുമ്പോൾ ആര്യാ രാജേന്ദ്രനൊപ്പം സ്വസ്ഥമായി ഇരിക്കാനുളള സാഹചര്യം ഒരുക്കിക്കൊടുക്കാൻ സച്ചിന്‍ ദേവ് എംഎല്‍എയ്ക്ക് കഴിയട്ടെ എന്നാഗ്രഹിക്കുക മാത്രമെ വഴിയുള്ളൂ. മാതൃത്വത്തെ കാല്‍പനിക വത്കരിക്കുന്ന എല്ലാം പുരുഷാധിപത്യ മൂല്യങ്ങളെ പേറുന്നതാണ്. അത് മനുഷ്യത്വ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍