ഈ അടുത്ത കാലത്ത് നടന്ന ഇലന്തൂർ നരബലി കേസിലും ഗ്രീഷ്മയുടെയും ഗോവിന്ദച്ചാമിയുടെ കേസിലുമെല്ലാം പൊതുസമൂഹം വിധി പ്രഖ്യാപിക്കുന്നത് കണ്ടു. ആൾക്കൂട്ട ആക്രമണങ്ങളാണ് പലപ്പോഴും നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളും പെൺകുട്ടികളും ഇരകളായ കേസുകളിൽ പലപ്പോഴും സമൂഹം വൈകാരികമായാണ് പ്രതികരിക്കുന്നത്. ഇതിനെതിരെ സംസാരിക്കുന്നവർക്കെതിരെയും ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. തൂക്കിക്കൊല്ലണ്ട എങ്കിൽ ഗോവിന്ദച്ചാമിക്ക് മകളെ കെട്ടിച്ചു കൊടുക്ക് എന്നൊക്കെയുള്ള പ്രയോഗങ്ങൾ മിക്കപ്പോഴും കേട്ടിട്ടുണ്ട്. അവനെ അല്ലെങ്കിൽ അവളെ തൂക്കിക്കൊല്ലണമെന്ന് ആക്രോശിക്കുകയാണ്. അങ്ങനെ ഒരു മുൻവിധിക്ക് നമുക്കെന്താണ് അവകാശം. അത് തീരുമാനിക്കേണ്ടത് കോടതിയല്ലേ? സത്യത്തിൽ പരിഷ്കൃത സമൂഹത്തിന് ചേർന്ന ഒന്നാണോ ഈ പ്രതികരണങ്ങളെന്ന് ആലോചിക്കണം. ആദിമ മനുഷ്യനിലേക്ക് തിരികെ പോകുകയാണോ ചെയ്യേണ്ടത് അതോ കൂടുതൽ നവീകരിക്കപ്പെടുകയാണോ?