എല്ലായിപ്പോഴും പുറത്തേക്ക് നോക്കിയിരിക്കുന്ന ഒരാൾക്ക് ഒരിക്കലും തന്റെ ഉള്ളിലുള്ള ആത്മീയ ചൈതന്യം കണ്ടെത്താനാകില്ല. ഇടയ്ക്കെങ്കിലും ഒറ്റയ്ക്ക് ഇരിക്കുന്നവർക്ക് മാത്രമേ അതിന് സാധിക്കുകയുള്ളു. സിദ്ധാർത്ഥ രാജകുമാരൻ സർവവും ത്യജിച്ച് ആലിൻ ചുവട്ടിലിരുന്ന് കണ്ടെത്തിയ സത്യങ്ങൾ മണിമാളികയിലിരുന്ന് മനസിലാക്കിയെന്ന് യശോദര പറയുന്നുണ്ട്. 'സർവവും ദുഃഖമാം സർവവും വ്യർത്ഥമാം സർവവും ശൂന്യമാം എല്ലാം അറിഞ്ഞു ഞാൻ, ആലിൻ ചുവട്ടിലിരിക്കാതെ ഈ മണിമേടയിലിരുന്ന് വിയോഗ സമാധിയാൽ' എന്നാണ് യശോദരയുടെ വാക്കുകള്‍. ആ വിയോഗ സമാധിയാണ് മനോഹരമായ ഏകാന്തത.