നമ്മുടെ സമൂഹത്തിൽ ഇപ്പോഴും പേരന്റിങ് എന്നതിനെ പോലീസിങ് എന്നാണ് ധരിച്ചുവച്ചിരിക്കുന്നത്. കൗമാരപ്രായക്കാരായ കുട്ടികളുടെ പ്രശ്‍നങ്ങളെയും അവർ നേരിടുന്ന പ്രായത്തിന്റേതായ വെല്ലുവിളികളെയും ക്ഷമയോടെ കേട്ട്, അവരെ ചേർത്തുപിടിക്കാൻ സമൂഹം ഒരുകാലത്തും തയാറായിട്ടില്ല. അതിന്റെ പഴിമുഴുവൻ കേൾക്കുന്നതാകട്ടെ കുട്ടികൾ തനിച്ചും. പുതുതലമുറ വഴിതെറ്റിയെന്ന സ്ഥിരം പല്ലവിയാണ് പ്ലേറ്റോയുടെ കാലം മുതൽ കേൾക്കുന്നത്. സീരിയലിന്റെയും സിനിമയുടെയും മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഉപയോഗമാണ് കുട്ടികളെ മോശം വഴികളിലേക്ക് നയിക്കുന്നത് എന്നാണ് പറയാറ്.
സമൂഹം മോശമെന്ന് കരുതുന്ന വഴിയിലേക്ക് കുട്ടികൾ പോകുന്നതിൽ ഏറ്റവും വലിയ പങ്ക് അവരെ അനുതാപപൂർവം കേള്‍ക്കാൻ തയ്യാറാകാത്ത മാതാപിതാക്കൾക്കും അധ്യാപികമാർക്കുമാണ്. അതിനേറ്റവും നല്ല ഉദാഹരണമാണ് തൊപ്പിയെന്ന യൂട്യൂബർ. തൊപ്പിയുടെ പിതാവ് ആ യുവാവിനോട് സംസാരിച്ചിട്ട് ഇരുപത് വർഷമായി എന്നുപറയുന്നത് കേട്ടപ്പോൾ ഭയമാണ് തോന്നിയത്. ശരിക്കും ആ യുവാവിന്റെ അവസ്ഥയ്ക്ക് ഉത്തരവാദി സമൂഹം കൂടിയാണെന്ന വസ്തുത നമ്മൾ അംഗീകരിച്ചേ മതിയാകൂ.