ഒരു യുക്തിവാദിയോട് താങ്കൾ ഏത് മതത്തിൽ വിശ്വസിക്കുന്നു എന്ന് ചോദിച്ചാൽ എന്ത് ഉത്തരമാകും കിട്ടുക? ആ ചോദ്യം തന്നെ അസംബന്ധമല്ലേ എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, യുക്തിവാദികളുടെയും നിരീശ്വരവാദികളുടെയും ഏറ്റവും വലിയ അപോസ്തലനായ റിച്ചാർഡ് ഡോകിന്‍സിന് വ്യത്യസ്തമായൊരു മറുപടിയാണുള്ളത്, islam or christianlty, i'm a cultural christian.
എന്തൊരു വിരോധാഭാസം അല്ലെ... ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡോക്കിൻസ് അറിയാതെ ഉള്ളുതുറന്നത്... ഇനി ഇതാകുമോ കേരളത്തിന്റെ സ്വന്തം ഡോക്കിൻസ് എന്ന് കരുതപ്പെടുന്ന, എസൻസ് ഗ്ലോബൽ എന്ന യുക്തിവാദ സംഘടനയുടെ മുഖചിത്രമായി മാറിയ സി. രവിചന്ദ്രൻ പണ്ടൊരിക്കൽ പറഞ്ഞുവെച്ച യുക്തിവാദികൾക്കിടയിലെ സ്ലീപ്പർ സെൽസ്?
'ചർച്ചിലെ പള്ളി മണികൾ മുഴങ്ങുന്നത് കേൾക്കാൻ ഇഷ്ടമാണ് പക്ഷെ പള്ളിയിൽനിന്നുള്ള ബാങ്ക് വിളി അരോചകമാണ്', പണ്ടൊരിക്കൽ ഡോകിന്‍സ് ട്വിറ്ററിൽ കുറിച്ച വാചകങ്ങളാണ്. എന്തായാലും ലോകപ്രസിദ്ധ യുക്തിവാദ ശാസ്ത്രജ്ഞൻ പറയാതെ പറഞ്ഞു വെയ്ക്കുന്ന ഇസ്‌ലാമോഫോബിയ കണ്ടില്ലെന്നു നടിക്കാൻ വയ്യ.
ബ്രിട്ടനിലെ ലണ്ടനിൽ റമദാൻ മാസത്തോടനുബന്ധിച്ച് ഓക്സ്‌ഫോർഡ് നഗരം മുഴുവൻ ദീപാലങ്കാരം നടത്തിയ ലണ്ടൻ മേയർ, സാദിഖ് ഖാന്റെ നടപടിയാണ് യുക്തിവാദി റിച്ചാർഡ് ഡോക്കിൻസിനെ മതാഭിമുഖ്യത്തിന്റെ പാതയിലെത്തിച്ചത്. ഈസ്റ്റർ വാരാന്ത്യത്തിൽ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യത്തിന്റെ തലസ്ഥാനത്ത് ഈസ്റ്ററിന് പകരം മുസ്ലിം ആഘോഷം സംഘടിപ്പിച്ചതാണ് ഡോക്കിൻസിനെ ചൊടിപ്പിച്ചത്. അഭിമുഖത്തിൽ ഡോക്കിൻസ് പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ്, 'കണക്കു പരിശോധിക്കുകയാണെങ്കിൽ ക്രിസ്ത്യൻ മത വിശ്വാസികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരികയാണ്. അതിലെനിക്ക് സന്തോഷമുണ്ട്, അതേസമയം നമ്മുടെ എല്ലാ കത്തീഡ്രലുകളും മനോഹരമായ ഇടവക പള്ളികളും നഷ്ടപ്പെടുന്നതിൽ ഞാൻ സന്തോഷവാനല്ല. കാരണം ക്രിസ്ത്യൻ മതത്തിന് പകരം മറ്റേതെങ്കിലും മതം ഇവിടെ ഉയർന്നു വന്നാൽ അത് പ്രശ്നമാണ്, അത്തരമൊരു സാഹചര്യം ഭയാനകമായിരിക്കും.
എല്ലാ നിരീശ്വര വാദികളെയും അവരുടെ നിലപാട് പൊതു വേദിയില്‍ വ്യക്തമാക്കാനും അതിലൂടെ സർവ്വ മേഖലയിലുമുള്ള മതങ്ങളുടെ അതിപ്രസരത്തെ ചെറുക്കുവാനും ആഹ്വാനം ചെയ്ത പ്രസിദ്ധ പരിണാമ ശാസ്ത്രജ്ഞനിൽ നിന്നാണ് മതാഭിമുഖ്യത്തിന്റെ വാക്കുകൾ ഉത്ഭവിക്കുന്നതെന്നതാണ് പ്രധാനം. ദി ഗോഡ് ഡെലൂഷൻ അടക്കമുള്ള ഗ്രന്ഥങ്ങൾ രചിച്ച റിച്ചാർഡ് ഡോക്കിൻസ്.
നാസ്തികനായ ദൈവമെഴുതിയ രവിചന്ദ്രൻ ഇനി എന്ത് ചെയ്യുമെന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. അതിലേക്കു വരാം. അതിനുമുമ്പ് താനെന്തുകൊണ്ട് ക്രിസ്ത്യാനിറ്റി തിരഞ്ഞെടുക്കുന്നു എന്നുകൂടി പറയുന്നുണ്ട് യുക്തിവാദികളുടെ ആരാധ്യപുരുഷൻ റിചാർഡ് ഡോക്കിൻസ്.
കാരണങ്ങൾ ഓരോന്നായി പറയാം
1. ഇസ്ലാമുമായി താരതമ്യം ചെയ്യുമ്പോൾ അടിസ്ഥാനപരമായി ഒരു മാന്യമായ മതമാണ് ക്രിസ്ത്യാനിറ്റി.
2. ക്രിസ്ത്യൻ വിശ്വാസത്തിന്റെ ഒരു വാക്ക് പോലും ഞാൻ വിശ്വസിക്കുന്നില്ലെങ്കിലും സാംസ്കാരികമായി ഒരു ക്രിസ്ത്യൻ രാജ്യത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.
3. ഇസ്‌ലാമിന്റെയും ഹദീസിൻ്റെയും ഖുർആനിന്റെയും സിദ്ധാന്തങ്ങൾ അടിസ്ഥാനപരമായി സ്ത്രീകളോടുള്ള വിരോധമാണ് സംസാരിക്കുന്നത്. സ്വവർഗ്ഗാനുരാഗികളോടും വിരോധമുണ്ട്. ഏത്, പണ്ടൊരിക്കൽ ബ്രിട്ടീഷ് മാധ്യമപ്രവർത്തകനായ പിയേഴ്സ് മോർഗനോട് പരസ്യമായി സ്വവർഗാനുരാഗത്തെ വിമർശിച്ച അതേ ഡോക്കിൻസ്.
മുസ്ലിം വിരുദ്ധത പറയുന്ന ഡോക്കിൻസിനോട് സി രവിചന്ദ്രന് സ്നേഹം മാത്രമേ കാണൂ. പക്ഷെ താൻ സാസ്‌കാരികമായി ക്രിസ്ത്യനാണെന്ന് പറഞ്ഞത് സഹിക്കാൻ സാധ്യതയില്ല. ഇന്ന് കേരളത്തിൽ ഭയപ്പെടേണ്ടത് ഇസ്ലാമിനെയും കമ്മ്യൂണിസ്റ്റുകളെയുമാണ് എന്ന് പറഞ്ഞ രവിചന്ദ്രൻ ക്രിസ്ത്യാനികളെവെറുതെ വിട്ടെങ്കിലും അംഗീകരിക്കാനൊന്നും സാധ്യതയില്ല. കാരണം ഇന്ത്യയിലെ ആഭ്യന്തര ശത്രുക്കൾ മുസ്ലിങ്ങളും കമ്മ്യൂണിസ്റ്റുകളും മിഷണറികളുമാണെന്ന് പറഞ്ഞത് ആർ എസ് എസ് ആചര്യൻ ഗോൾവൾക്കറാണ്. ഡോക്കിൻസിനെക്കാൾ ഗോൾവൾക്കറോടാണ് കൂറുള്ളതെന്ന് സംവരണത്തെ കുറിച്ചും കർഷകസമരത്തെ കുറിച്ചും സംസാരിക്കുമ്പോഴുൾപ്പെടെ ആവർത്തിച്ച് തെളിയിച്ചിട്ടുള്ളതിനാൽ സി രവിചന്ദ്രന് ഇത് സഹിക്കാൻ സാധ്യതയില്ല.
വേണമെങ്കിൽ റിചാർഡ് ഡോക്കിൻസ് യുക്തിവാദികൾക്കിടയിലെ ക്രിസ്ത്യൻ സ്ലീപ്പർ സെല്ലാണെന്ന് പറഞ്ഞ് തലയൂരാം. അല്ലെങ്കിൽ മറ്റൊരു വഴിയുണ്ട്. ഡോക്കിൻസ് പറഞ്ഞപോലെ രാവിചന്ദ്രനും മനസ് തുറക്കാം. ഞാനൊരു കള്‍ച്ചറൽ ഹിന്ദുവാണെന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളു...