Commentary

അരികൊണ്ട് രാഷ്ട്രീയം കളിക്കുന്നവർ!

റേഷന്‍കടയിലോ സപ്ലൈക്കോയിലോ എങ്ങനെയാണ് അരി കിട്ടാതെയായത്? അവിടെ നിന്ന് കിട്ടിയിരുന്ന അരി എങ്ങനെയാണ് ഭാരത് അരിയായി മാറിയത്. അരി വേവിക്കുന്നത് പോലെ അത്ര സിംപിളല്ല അതിന് പിന്നിലുള്ള കാര്യങ്ങള്‍

കെ ആർ ധന്യ

ഭാരത് അരി വില്‍ക്കാന്‍ കേരളത്തിന്റെ പൊതുവിതരണ വ്യവസ്ഥ തന്നെ തകര്‍ക്കുകയാണോ കേന്ദ്ര സര്‍ക്കാര്‍, അതോ, കേരളം പരാജയപ്പെട്ടുവെന്ന് പറഞ്ഞ്, നാട്ടുകാര്‍ക്ക് അരിയെത്തിക്കുകയാണോ?

ചില കാര്യങ്ങള്‍ അറിഞ്ഞാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ കളിക്കുന്ന രാഷ്ട്രീയം മാത്രമായല്ല, സംസ്ഥാനത്തിന്റെ പൊതുവിതരണ സമ്പ്രദായത്തിന്റെ ഭാവി തന്നെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള കേരളത്തില്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്തിരുന്ന 10.90 പൈസയുടെ അരി പുതിയ കവറിലാക്കി 29 രൂപയ്ക്ക് നല്‍കുന്നു എന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. ഇന്നലെ മന്ത്രിയുള്‍പ്പെടെ ഇക്കാര്യം ആരോപിച്ചു. എന്നാല്‍ സപ്ലൈക്കോയില്‍ നിന്നോ റേഷന്‍കടയില്‍ നിന്നോ അരി കിട്ടാനില്ലാത്തപ്പോള്‍ ദാ, 29 രൂപയ്ക്ക് അരി നിങ്ങള്‍ക്കായി എന്ന് പറഞ്ഞ് എന്തോ വലിയ ഔദാര്യം ചെയ്യുന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാര്‍.

റേഷന്‍കടയിലോ സപ്ലൈക്കോയിലോ എങ്ങനെയാണ് അരി കിട്ടാതെയായത്?

അവിടെ നിന്ന് കിട്ടിയിരുന്ന അരി എങ്ങനെയാണ് ഭാരത് അരിയായി മാറിയത്. അരി വേവിക്കുന്നത് പോലെ അത്ര സിംപിളല്ല അതിന് പിന്നിലുള്ള കാര്യങ്ങള്‍.

അന്ത്യോദയ, ബിപില്‍ കാര്‍ഡുകള്‍, അതായത് മഞ്ഞ പിങ്ക് കാര്‍ഡുകളെയാണ് കേന്ദ്രസര്‍ക്കാര്‍ പൊതുവിതരണത്തിന്റെ പരിധിയില്‍ പെടുത്തി അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്യുന്നത്. നീല, വെള്ള കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അത് നല്‍കാതെ ഒഴിവാക്കിയിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നീല, വെള്ള കാര്‍ഡുകള്‍ക്കും അധികവിഹിതമായി ലഭിക്കുന്ന അരി വിതരണം ചെയ്തുവരികയായിരുന്നു. എഫ്‌സിഐ ഗോഡൗണില്‍ സംഭരിക്കുന്ന അരി ഓപ്പണ്‍ ടെന്‍ഡര്‍ വഴി സംഭരണ വിലയ്ക്ക് തന്നെ വാങ്ങി വിലകുറച്ച് നല്‍കുകയായിരുന്നു. ഒരു കിലോയ്ക്ക് നാല് രൂപയ്ക്കും 10.90 പൈസയ്ക്കുമെല്ലാം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നത് ഇതാണ്.

എഫ് സി ഐ സംഭരിക്കുന്ന അരി, ഗോതമ്പ് എന്നിവയുടെ അധിക സ്റ്റോക്ക് പൊതുവിപണിയില്‍ ഭക്ഷ്യധാന്യ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വില്‍പ്പന നടത്തുന്നതിനാണ് ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം നടപ്പാക്കിയിരുന്നത്. സര്‍ക്കാര്‍, കേരളത്തിലെ സപ്ലൈക്കോ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍, സ്വകാര്യ ഏജന്‍സികള്‍, വ്യക്തികള്‍ ആര്‍ക്കും അതില്‍ പങ്കെടുത്ത് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാമായിരുന്നു. എന്നാല്‍ അതിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു.

എന്നാല്‍ നവംബര്‍ മാസം മുതല്‍ സംസ്ഥാന സര്‍ക്കാരുകളേയും സര്‍ക്കാര്‍ ഏജന്‍സികളേയും ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീമില്‍ നിന്ന് വിലക്കി. സ്വകാര്യ ഏജന്‍സികള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കുകയും ചെയ്തു. അതോടെ നീല, വെള്ള കാര്‍ഡുകള്‍ക്ക് നാല് രൂപ നിരക്കിലും 10.90 പൈസ നിരക്കിലും വിതരണം ചെയ്തിരുന്ന അരി സംസ്ഥാന സര്‍ക്കാരിന് വാങ്ങാന്‍ കഴിയാതെയായി. മാസങ്ങള്‍ക്ക് മുന്നേ തന്നെ സംസ്ഥാനത്ത് നല്‍കിയിരുന്ന ഈ ടൈഡ് ഓവര്‍ വിഹിതം വലിയ തോതില്‍ വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. കേരളത്തിന് നല്‍കുന്നതില്‍ 54,000ത്തോളം ലോഡ് കുറവ് വന്നിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഈ ടൈഡ് ഓവര്‍ വിഹിതം കൂടി ഓപ്പണ്‍ മാര്‍ക്കറ്റിലേക്കെത്തിച്ചാണ്, സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വാങ്ങിയും അല്ലാതെയും 29 രൂപയ്ക്ക് ഭാരത് അരിയായി വിതരണം ചെയ്യുന്നത് എന്നാണ് ആരോപണം. കേരളത്തില്‍ തൃശൂര്‍ സീറ്റ് ലക്ഷ്യമാക്കി നീളുന്ന ബിജെപി ആ ജില്ലയില്‍ തന്നെ ഭാരത് അരിയുടെ വിതരണം ആരംഭിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആയേ കണാനാവൂ. ഇനി എല്ലാ ജില്ലകളിലും, ആകെ 200 ഔട്ട്‌ലറ്റുകളിലൂടെ, ഭാരത് അരി വിതരണ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുമെന്നാണ് നാഫെഡ് അധികൃതര്‍ പറയുന്നത്. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നിവ വഴിയും ഇ-കോമേഴ്‌സ് വഴിയുമാണ് ഭാരത് അരിയുടെ വില്‍പ്പന. ഒറ്റത്തവണ 10 കിലോ വരെയാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. അരി വാങ്ങാന്‍ റേഷന്‍കാര്‍ഡിന്റെ ആവശ്യവുമില്ല.

ഇനി മറ്റൊരു കാര്യം നോക്കാം. എന്താണ് കേരളത്തിലെ സപ്ലൈക്കോയില്‍ സംഭവിച്ചത്.

കഴിഞ്ഞ ഓണം വരെ 24 രൂപയ്ക്ക് മട്ട അരിയും 25 രൂപയ്ക്ക് ജയയും കുറുവയും വിതരണം ചെയ്തിരുന്നതാണ്. എന്നാല്‍ നെല്ലു സംഭരണവും ഭക്ഷ്യധാന്യങ്ങളുടെ സബ്‌സിഡിയും ഉള്‍പ്പെടെ സംസ്ഥാനത്തിന് നല്‍കാനുള്ള ഫണ്ടുകളെല്ലാം കേന്ദ്രം പിടിച്ചുവച്ചതോടെ സപ്ലൈക്കോ പ്രതിസന്ധിയിലായി. സംസ്ഥാനത്തിന്റെ പൊതുവെയുള്ള സാമ്പത്തിക പ്രതിസന്ധിക്കൊപ്പം സംഭരണത്തിലും വിപണനത്തിനുമുള്‍പ്പെടെ കേന്ദ്രം ഫണ്ട് നല്‍കാതായതോടെയാണ് ഇതുണ്ടായത്.

പൊതുവിതരണത്തിന്റെ കാര്യത്തില്‍ നേരത്തെ തന്നെ സംസ്ഥാനത്തിനുള്ള വിഹിതം 16.25 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 14.25 ലക്ഷം മെട്രിക് ടണ്‍ ആക്കി കുറച്ചിരുന്നു. 78 ലക്ഷം കാര്‍ഡ് ഉടമകള്‍ ഉണ്ടായപ്പോഴാണ് കേന്ദ്രം വര്‍ഷം 14.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം നിശ്ചയിച്ചത്. വെട്ടിക്കുറച്ച് വിഹിതം പുന:സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പലതവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ 94 ലക്ഷം കാര്‍ഡ് ഉടമകള്‍ കേരളത്തിലുണ്ട്. മഞ്ഞ, പിങ്ക് റേഷന്‍കാര്‍ഡുകാരെ മാറ്റി നിര്‍ത്തിയാല്‍ 52.76 ലക്ഷം കുടുംബങ്ങളാണ് കേന്ദ്രത്തിന്റെ നിലപാടിനാല്‍ പൊതുവിതരണത്തില്‍ നിന്ന് പുറത്തായിരിക്കുന്നത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ, അവകാശപ്പെട്ടതോ ആവശ്യപ്പെട്ടതോ നല്‍കാതെ ഭാരത് അരിയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിലാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയ കളി.

ഇത് തിരഞ്ഞെടുപ്പ് ഗിമ്മിക് ആണെന്ന് കരുതി വെറുതെവിടാം എന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ ഇന്ത്യയിലെ പൊതുവിതരണ സംവിധാനത്തിന്റെ ഭാവി, അതിന്റെ നിലനില്‍പ്പ് സംബന്ധിച്ച് ചില ആശങ്കകള്‍ക്ക് വകുപ്പുണ്ട്. പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം, പൊതു വിതരണ സമ്പ്രദായം എന്ന നിലയ്ക്കാണ് കേരളത്തിലുള്‍പ്പെടെ റേഷന്‍ വിതരണം നടന്നിരുന്നത്. എന്നാല്‍ 2023 ഏപ്രില്‍ മാസം മുതല്‍ ഇത് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന എന്നായി മാറി. പേര് മാത്രമല്ല മാറിയത്. അത് ബജറ്റില്‍ വിഹിതം വയ്‌ക്കേണ്ട ഒരു പദ്ധതിയായി മാറി.

2013ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയും കെ വി തോമസ് ഭക്ഷ്യമന്ത്രിയും ആയിരുന്ന സമയത്താണ് നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് നിലവില്‍ വന്നത്. എല്ലാവര്‍ക്കും ഭക്ഷ്യഭദ്രത ഗ്യാരന്റി ചെയ്യുന്ന നിയമം. ഈ നിയമത്തിന്റെ പരിധിയില്‍ ഗുണഭോക്താക്കളായി വരുന്ന എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും അത് പരാജയപ്പെടുന്ന മുറയ്ക്ക് ഓരേരുത്തര്‍ക്കും അരിയുടെ വിപണി വിലയില്‍ ഒരു കിലോയ്ക്ക് 29 രൂപയാണ് ആക്ടില്‍ പറയുന്നത്, ആ തുക നല്‍കണമെന്നും പറയുന്നു. ഇതേ 29 രൂപയ്ക്കാണ് ഭാരത് അരിയും എത്തുന്നത് എന്നത് തികച്ചും യാദൃച്ഛികം മാത്രമായിരിക്കും.

എന്‍എഫ്എസ്എ ആക്ടിന്റെ കാലപരിധി 15 വര്‍ഷമാണ്. അതായത് 2028ല്‍, പുതുക്കിയില്ലെങ്കില്‍, അത് ഇല്ലാതാവും. ഇപ്പോള്‍ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്കായി ബജറ്റില്‍ പണം അനുവദിക്കുന്നത് നാഷണല്‍ ഫുഡ് സെക്യൂരിറ്റി നിയമത്തോട് ബന്ധപ്പെടുത്തിക്കൊണ്ടാണ്. അങ്ങനെ വന്നാല്‍ നാളെ ഇതെല്ലാം അവസാനിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം