ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ ആണഹന്ത പ്രസംഗമാണ് ഇന്നലെ കേരളത്തെ ഞെട്ടിച്ചത്. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ പൊതുവായി ഉൾക്കൊള്ളുന്ന ആണഹന്ത രാഷ്ട്രീയത്തിന്റെ ഒടുവിലെത്തെ ഉദാഹരണമാണിത്. ബദൽ ഇടതുരാഷ്ട്രീയമാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ആർ എം പിയുടെ നേതാവ് കെ കെ രമയും ഹരിഹരന്റെ ക്ഷമാപണം വാങ്ങി മിണ്ടാതിരിക്കുമോ അതോ അയാൾക്കെതിരെ സംഘടനാ നടപടിയെടുക്കാനുള്ള ആർജ്ജവം കാണിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
ഹരിഹരൻ ഇന്നലെ യുഡിഎഫിന്റെ യോഗത്തിൽ പറഞ്ഞത് ആവർത്തിക്കാൻ പറ്റാത്ത, അത്രയും നികൃഷ്ടമായ പരാമർശമാണ്. തനിക്കെന്തോ ചെറിയ പിഴവ് പറ്റിയെന്ന അദ്ദേഹത്തിൻ്റെ ഏറ്റുപറച്ചിലും അംഗീകരിക്കാൻ പറ്റില്ല. ഇനി ചോദ്യം കെ കെ രമ ഈ ക്ഷമാപണത്തെ അംഗീകരിക്കുന്നുണ്ടോ എന്നതാണ്. ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളിക്കളയുന്നുവെന്ന് പറയുന്നത് ആർക്കും ചെയ്യാവുന്ന കാര്യമാണ്. അതല്ലാതെ സ്വന്തം പാർട്ടിയിലെ ആണഹന്തകൾക്കെതിരെ പോരാടുമോ എന്നതാണ് കേരളത്തിന് അറിയേണ്ടത്.
കേരളത്തിൽ ഹരിഹരന്റെ പ്രസംഗത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രോഷ പ്രകടനം നടക്കുന്നുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീ നീതി രാഷ്ട്രീയം ഉൾക്കൊണ്ട് ഹരിഹരനെതിരെ തിരിഞ്ഞിരിക്കുന്നവരാണെന്ന് കരുതരുത്. അവർക്ക് ഇത് കക്ഷി രാഷ്ട്രീയ തർക്കം മാത്രമാണ്. അല്ലെങ്കിൽ, ലൈംഗികാധിക്ഷേപ ആരോപണം നേരിട്ടയാളെ അധികാരത്തിന്റെ താക്കോൽ സ്ഥാനത്തും, കോർപ്പറേഷന്റെ മുഖ്യസ്ഥാനത്തും പ്രതിഷ്ഠിച്ചപ്പോൾ ഉയരാത്ത ധാർമികത ഇപ്പോൾ കക്ഷി രാഷ്ട്രീയത്തിന് വേണ്ടി ഉയരുന്നുവെന്ന് മാത്രം. അന്നൊന്നും ഇവർക്കൊന്നും ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അതൊക്കെ വർഗസമരത്തിനിടെ നടക്കുന്ന തന്ത്രപരമായ സമീപനങ്ങളെന്നായിരുന്നു ഫെമിനിസ്റ്റ് രാഷ്ട്രീയം ഉൾക്കൊണ്ടുവെന്ന് നടിക്കുന്ന, യഥാർത്ഥത്തിൽ ആൺ രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളായ ഇവർ സ്വയം കരുതാൻ ശ്രമിച്ചത്.
ഏറ്റവും ദരിദ്രരായ തൊഴിലാളികൾ മൂന്നാറിൽ സമരം ചെയ്തപ്പോൽ അതിനെ ലൈംഗികമായി അധിക്ഷേപിച്ച പ്രധാന നേതാവിന്റെത് വാമൊഴി വഴക്കമാണ്, അത് നാട്ടുരീതിയാണെന്ന സർട്ടിഫിക്കറ്റ് കൊടുത്തവരുടെ ഇപ്പോഴത്തെ ധാർമിക രോഷത്തിന്റെ കാപട്യത്തെ വെറുതെ വിടാം. കെ കെ രമയെ ആസ്ഥാന വിധവെയെന്നും അവരെ പരസ്യമായി പോസ്റ്റുകളിലൂടെയും അധിക്ഷേപിച്ചപ്പോഴും ഇവർക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. ഒരു ധാർമികതയും ഉയർത്തപ്പെടുകയും ചെയ്തിട്ടുമില്ല. ഇതൊക്കെ സത്യമാണ്. അതുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം യോദ്ധാക്കളുടെ ധാർമിക വിക്ഷോഭങ്ങൾ വിടുക.
പക്ഷേ കെ കെ രമ എന്തുചെയ്യുമെന്നത് പ്രധാനമാണ്. എല്ലാ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെയും പോലെ രമയേയും ഭരിക്കുന്നത് ആൺയുക്തിയാണോ? കേരളത്തിൽ സംഘടിതമായി ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടവരിൽ ഒരാളെന്ന നിലയിൽ രമ എന്ത് ചെയ്യും. അത് പ്രധാനമാണ്. താൻ നടത്തിയ അധിക്ഷേപത്തെ ലളിതവൽക്കരിച്ച് അർധമനസ്സോടെ പറഞ്ഞ മാപ്പ് സ്വീകരിച്ച് മിണ്ടാതിരിക്കുമോ, അതോ, മാതൃകാപരമായ സംഘടന നടപടിയെങ്കിലും എടുക്കുമോ. സ്വന്തം പാർട്ടിയിലെ ആൺ യുക്തിയ്ക്ക് കെ കെ രമയും കീഴടങ്ങി മുഖ്യധാരയുടെ എല്ലാ സ്ത്രീ വിരുദ്ധതകൾക്കും കൂട്ടുനിൽക്കുമോ. ഇത് മലയാളികൾക്ക് അറിയണം. രമ അത് പറയാൻ ബാധ്യസ്ഥമാണ്.