Commentary

കരുവന്നൂര്‍ ഒരു കറുത്ത വറ്റ് മാത്രമോ?

കരുവന്നൂരില്‍ ആര്‍ക്കും ഒരു ചില്ലിക്കാശ് നഷ്ടപ്പെടില്ലെന്നാണ് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. തട്ടിപ്പിനിരയായവർ ഈ ഉറപ്പിനെ എങ്ങനെ കാണണം?

ജിഷ്ണു രവീന്ദ്രൻ

നിക്ഷേപിച്ച ആര്‍ക്കും പണം നഷ്ടപ്പെടില്ലെന്നാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസന്വേഷണം സിപിഎമ്മിന്റെ ഉന്നത നേതാക്കളിലേത്തിയപ്പോള്‍ മുഖ്യമന്തി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞത്. ഈ പ്രഖ്യാപനത്തെ, തട്ടിപ്പിന് ഇരായായവരും, നിക്ഷേപിച്ച പണം ആവശ്യമുള്ളപ്പോള്‍ കിട്ടാത്തതിനെ തുടര്‍ന്ന മരണമടഞ്ഞവരുടെ ബന്ധുക്കളും എങ്ങനെ സ്വീകരിക്കുമെന്നതാണ് പ്രശ്‌നം. 500 കോടിയുടെ തട്ടിപ്പല്ലേ നടന്നുള്ളൂ, പൊതുമേഖല ബാങ്കുകളില്‍ ഇതേക്കാള്‍ വലിയ തട്ടിപ്പ് നടന്നല്ലോ, എന്ന ന്യായം പറഞ്ഞ മന്ത്രിയുടെ പ്രസ്താവനയേയും നിസ്സഹായരാക്കപ്പെട്ട ഈ പാവം മനുഷ്യർ എങ്ങനെ കാണണം? കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യതയിലേക്കാണ് ഈ ആശങ്ക നീളുന്നത്.

കരുവന്നൂര്‍ ഒരു ചോദ്യമാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ നിലവിലെ അവസ്ഥയ്ക്ക് നേരെ ഉയരുന്ന, സഹകരണ ബാങ്കുകളെ ആശ്രയിക്കുന്ന സാധാരണക്കാരന്റെ ഭാവിയിലേക്ക് നീളുന്ന ചോദ്യം. 2021 ജൂലൈ 14 ന് കരുവന്നൂരില്‍ നൂറുകോടിയുടെ തട്ടിപ്പു നടന്നതായി ബാങ്ക് സെക്രട്ടറി ഇരിങ്ങാലക്കുട പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. പോലീസ് പിന്നീട് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഒരു സഹകരണ ബാങ്കില്‍ നടന്ന തിരിമറി സാധാരണക്കാരെ അത്രമേല്‍ ഞെട്ടിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന്, നിങ്ങള്‍ക്ക് ഞെട്ടാന്‍ കനപ്പടി കാരണങ്ങള്‍ വേറെയുമുണ്ട് എന്നാണ് ഉത്തരം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നടന്ന ക്രമക്കേടുകള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നല്‍കിയ മറുപടിയില്‍ ഞെട്ടാന്‍ ഏറെയുണ്ട്.

ക്രമപ്രകാരമല്ലാതെ വായ്പ നല്‍കുക, വ്യാജ സ്ഥിരനിക്ഷേപ രസീത് ഉപയോഗിച്ച് വായ്പ ചമയ്ക്കുക, ക്ലാസ്സിഫിക്കേഷന് അനുസൃതമല്ലാത്ത നിയമനം, സ്ഥിരനിക്ഷേപങ്ങളില്‍ പലിശനല്‍കിയതിലുള്ള വ്യത്യാസം, സ്വര്‍ണ്ണ വായ്പയിന്മേലുള്ള ക്രമക്കേടുകള്‍, സ്ഥാവരജംഗമം ക്രമവിരുദ്ധമായി ലേലം ചെയ്ത് നഷ്ടം വരുത്തല്‍ എന്നിവയാണ് കേരളത്തിന്റെ നട്ടെല്ലായി കണക്കാക്കുന്ന സഹകരണ സംഘങ്ങളുടെ, ഒട്ടും സഹതാപവും സഹാനുഭൂതിയും ഇല്ലാത്ത സഹകരണ ബാങ്കിങ് എന്ന് സാക്ഷ്യപ്പെടുത്തുന്നത് സാക്ഷാല്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍.

കഴിഞ്ഞില്ല, ഇത്തിരി ഞെട്ടല്‍ ബാക്കി വെക്കണം. ചില കണക്കുകള്‍ കൂടി പറയാനുണ്ട്. ക്രമക്കേടുകള്‍ നടത്തിയ സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ ജില്ലതിരിച്ച് ചോദിച്ചപ്പോള്‍ മന്ത്രി നല്‍കിയ ഒരു കണക്കുകൂടി ബാക്കിയുണ്ട്. പത്തോ നൂറോ അല്ല 399 സഹകരണബാങ്കുകളില്‍ തിരിമറി നടന്നതായാണ് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പറയുന്നു. ഇതില്‍ തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ റെക്കോര്‍ഡ് തിരിമറികള്‍ നടന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം.

അഭിമാനിക്കാന്‍ ചില്ലറയൊന്നുമല്ല ഈ സഹകരണ സ്ഥാപനങ്ങളുടെ സംഭാവന. 2022 ജൂലൈ 25 നാണ് നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ ചികിത്സമുടങ്ങിയതിനെ തുടര്‍ന്ന് തളിയക്കോണം സ്വദേശി രാമന്‍ മരിക്കുന്നത്. രണ്ടു ദിവസം കഴിഞ്ഞ് ജൂലൈ 27

ന് വീണ്ടും, പണം തിരികെ കിട്ടാതെ ചികിത്സ മുടങ്ങി മാപ്രാണം സ്വദേശി ഫിലോമിന മരിച്ചു. ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിനുമുന്നില്‍ കുത്തിയിരുന്ന ഭര്‍ത്താവ് ദേവസിയുടെയും മകന്‍ ഡിനോയുടെയും മുഖത്ത് നോക്കാന്‍ ശേഷിയുണ്ടോ ഈ ഭരണ സമിതികള്‍ക്കും അതിനു നേതൃത്വം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കും? ഇങ്ങനെ എത്ര മൃതദേഹങ്ങള്‍ക്കു മുകളില്‍ കെട്ടിപ്പൊക്കിയതാണ് ഊതിയാല്‍ തെറിക്കുന്ന നിങ്ങളുടെ ചീട്ടു കൊട്ടാരങ്ങള്‍? അവരുടെ മുന്നില്‍ പോയി പറയാന്‍ കഴിയുമോ, നിക്ഷേപകര്‍ക്ക് ഒരു രൂപ നഷ്ടപ്പെടില്ലെന്ന്. പൊതുമേഖല ബാങ്കുകളിലെ തട്ടിപ്പുമായി താര്തമ്യം ചെയ്താല്‍ ഇതൊക്കെ എന്തെന്ന് ന്യായം ചമയ്ക്കുന്നവര്‍ ഇവരോട് എന്താവും പറയുക.

കരുവന്നൂരില്‍ ഒടുവില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ഒരു രാഷ്ട്രീയക്കാരനാണ്. സിപിഎം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍. ഇഡി ചോദ്യം ചെയ്തതില്‍ മിക്കവരും സിപിഎമ്മുമായി ബന്ധമുള്ളവരും വിവിധ ചുമതലകള്‍ വഹിക്കുന്നവരുമാണ്. സി.പി.എം എന്ന രാഷ്ട്രീയ സംഘടനയ്ക്ക് ഈ ആരോപണങ്ങളില്‍ നിന്ന് കൈകഴുകാന്‍ സാധിക്കില്ല. ഉത്തരവാദിത്വം മുഴുവന്‍ ഭരണസമിതിയുടെ തലയിലിട്ട് ഊരാനും സാധിക്കില്ല. സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ ചന്ദ്രനെ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിനും, മണിക്കൂറുകളോളം മുന്‍മന്ത്രി എസി മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടന്നതിനും ശേഷമാണ് 2023 സെപ്റ്റംബര്‍ നാലാം തീയ്യതി പ്രധാനപ്രതികളായ പിപി കിരണിനെയും പി. സതീഷ് കുമാറിനെയും ഇഡി അറസ്റ്റു ചെയ്യുന്നത്. കേരളത്തിലെ മിക്കവാറും സഹകരണ ബാങ്കുകളും രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടു തന്നെ പി.ആര്‍ അരവിന്ദാക്ഷന്‍ എന്ന സിപിഎം കൗണ്‍സിലര്‍ അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ ഉയരുന്ന മുഴുവന്‍ ചോദ്യങ്ങള്‍ക്കും ആ പാര്‍ട്ടിയും കൂടി ഉത്തരം പറയേണ്ടി വരും. ബിജെപിയുടെ കൂട്ടിലെ തത്തയാണ് ഇഡി എന്നു മാത്രം പറഞ്ഞതുകൊണ്ട് പാര്‍ട്ടി നേതാക്കള്‍ നടത്തിയ വഞ്ചനയ്ക്ക് പ്രതിരോധം ചമയ്ക്കാനാവില്ല

അതായത് പി സതീഷ് കുമാറിന്റെ പണമിടപാടുകള്‍ക്ക് ഇടനിലക്കാരനായി നിന്നു എന്നതിനപ്പുറം അറസ്റ്റിലായ പിപി കിരണും സതീഷ്‌കുമാറും അരവിന്ദാക്ഷന്റെ പേരില്‍ 25 ലക്ഷവും 50 ലക്ഷവുമായി കരുവന്നൂരില്‍ നിക്ഷേപിച്ചിരുന്നു എന്ന വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഒഴിവുകഴിവു മാത്രം മതിയാകില്ല സിപിഎമ്മിന് കൈകഴുകാന്‍. ഇഡി പുറംലോകം കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും, എകെ 47 കാണിച്ചെന്നും പറഞ്ഞാല്‍ രക്ഷപെടാൻ കഴിയുമായിരുന്നു, എന്നാല്‍ കണക്കുകള്‍ നിങ്ങളെ ചതിച്ചെന്നതാണ് സത്യം. പാര്‍ട്ടി അന്വേഷണം നടത്തിയെന്നും നടത്തിയില്ലെന്നും പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. പാര്‍ട്ടി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷനില്‍ താനില്ലെന്ന് പറഞ്ഞ് പി.കെ ബിജു നേരത്തെ തന്നെ കൈ കഴുകിയിട്ടുണ്ട്. എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്തു എന്നതും അരവിന്ദാക്ഷന്റെ അറസ്റ്റ് എട്ടു തവണ ചോദ്യം ചെയ്തതിനു ശേഷമാണെന്നതും പ്രധാനമാണ്. ഇത്ര തവണ ചോദ്യം ചെയ്തിട്ടും പാര്‍ട്ടി തന്നെ സംഭവം അന്വേഷിച്ചതായി പറയപ്പെടുമ്പോഴും നിസംശയം വാര്‍ത്താ സമ്മേളനത്തില്‍ അരവിന്ദാക്ഷനെ ന്യായീകരിച്ച പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും മറുപടി പറയാതെ പോകാനാകില്ല.

കാലങ്ങള്‍ക്ക് ശേഷം മനസ് തുറന്നാണ് മുഖ്യമന്ത്രി ഒരു ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ലെന്ന് തീര്‍ത്തു പറഞ്ഞത്. ചില്ലികാശല്ല സര്‍ ചില്ലുപെട്ടികള്‍ നിറയ്ക്കാവുന്നത്രയും കാശ് ഇപ്പോള്‍ തന്നെ പോയിട്ടുണ്ട്. തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത തരത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മുങ്ങിക്കൊണ്ടിരുന്ന കരുവന്നൂര്‍ ബാങ്കിന് 100 കോടി സഹായം നല്‍കാനുള്ള 50 സഹകരണ ബാങ്കുകളുടെ കൂട്ടായ്മ നടപ്പാകാതെ പോയത് സര്‍ക്കാര്‍ അനുമതി ലഭിക്കാതിരുന്നതുകൊണ്ടാണ്. ആ കണ്‍സോര്‍ഷ്യം പരാജയപ്പെട്ടതോടെയാണ് കരുവന്നൂര്‍ ബാങ്ക് പ്രശ്‌നം രൂക്ഷമായത്. അല്ലെങ്കില്‍ അപഹാസ്യമാം വിധം നിക്ഷേപകര്‍ നിസ്സഹായരായ ഇരകളാക്കി മാറ്റപ്പെട്ടത്.

സഹകരണബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് നിലവില്‍ ഡെപ്പോസിറ്റ് ഗ്യാരണ്ടീ ഫണ്ട് ഉറപ്പു നല്‍കുന്നത് ഒരുലക്ഷം രൂപയുടെ പരിരക്ഷ മാത്രമാണ്. എത്ര കോടിരൂപയുടെ നിക്ഷേപമുണ്ടെങ്കിലും സ്ഥാപനം പൂട്ടിപ്പോകുമ്പോള്‍ ഒരുലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടുക. ഈ പരിരക്ഷ അഞ്ചു ലക്ഷമാക്കി ഉയര്‍ത്താനുള്ള തീരുമാനം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. മറ്റൊരു തരത്തില്‍ സ്വകാര്യ ബാങ്കുകളില്‍ പണം നിക്ഷേപിക്കുമ്പോഴും ഈ ആശങ്കയുണ്ടെങ്കിലും, അവിടെ അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയുണ്ട്. ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കുന്ന അത്രപോലും സുരക്ഷിതമല്ല ഒരു സഹകരണ ബാങ്കെന്ന തോന്നലിലേക്ക് ജനങ്ങളെ തള്ളിവിട്ടതില്‍ പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണം.

ചില്ലിക്കാശുപോലും തിരിച്ചുകൊടുത്തിട്ടില്ലാത്ത ഒരു ബാങ്കിന്റെ കഥ പറയാം. 2014 ല്‍ തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ സഹകരണ ബാങ്ക് പ്രതിസന്ധിയിലാകുന്നു. കഴിഞ്ഞ ഒന്‍പതു വര്‍ഷം കൊണ്ട് അവിടെ പണം നിക്ഷേപിച്ചവര്‍ക്ക് ചില്ലിക്കാശുപോലും തിരിച്ചു കിട്ടിയിട്ടില്ല. കാലതാമസം നേരിട്ട സമയത്തെ പലിശകൂടി കണക്കിലെടുത്താല്‍ അത് 55 കോടിയോളം വരും. കരുവന്നൂരില്‍ 2021 മുതലിങ്ങോട്ട് കാലാവധിയായ നിക്ഷേപങ്ങളുടെ 10 ശതമാനം മാത്രമേ തിരികെ നല്‍കാന്‍ സാധിച്ചിട്ടുള്ളു. ഏതു ചില്ലിക്കാശിനാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉറപ്പു നല്‍കുന്നത്?

മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കുകള്‍ കേരളത്തില്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സഹകരണ സ്ഥാപനങ്ങളെ കേന്ദ്രത്തിന്റെ ഭാഗമാക്കാന്‍ നടക്കുന്ന നീക്കത്തിന്റെ ഭാഗമാണ് അണിയറയിൽ എന്ന മുഖ്യമന്ത്രിയുടെ നിലപാട് ഓക്കെയാണ്. പക്ഷെ ചെറിയൊരു പ്രശ്‌നമുണ്ട്, മറ്റൊന്നുമല്ല വിശ്വാസ്യതയുടെ ചെറിയ പ്രശ്‌നം. സഹകരണ സ്ഥാപനങ്ങളെ ഏകീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തെ എതിര്‍ക്കുന്ന താങ്കളുടെ നിലപാടിനൊപ്പം തന്നെയായിരിക്കും ഈ സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും. കേന്ദ്രീകരിക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് അതിന്റെ കരുത്ത് തന്നെയാണ്. കേരളത്തിലെ ചെറുകിട സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം, അതിലൂടെ ജോലി ലഭിച്ചവര്‍, വീടുവെച്ചവര്‍ എന്നിങ്ങനെ ആ സംവിധാനം നിലനിന്നുപോകണമെന്നാഗ്രഹിക്കാന്‍ കാരണങ്ങളായി നിരവധി ഉദാഹരണങ്ങളുണ്ട്. ആ സംവിധാനം ഇതുപോലെ നിലനിര്‍ത്തുന്നതിന് ഒരു ഇടതുപക്ഷ സംഘടനയ്ക്കുള്ള ഉത്തരവാദിത്തവും വലുതാണ്, പക്ഷെ അത് മുഖ്യമന്ത്രി മുതല്‍ സഹകരണ ബാങ്കുകളിലെ ഡയറക്ടര്‍മാരായി വിരാജിക്കുന്ന സിപിഎം നേതാക്കള്‍ വരെ ഓരോരുത്തർക്കും ഓര്‍മ്മവേണം.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി