Commentary

ആരാണ് മുസ്ലിം സ്ത്രീയുടെ അതിരുകള്‍ നിര്‍ണയിക്കുന്നത്‌?

സനു ഹദീബ

സമസ്തയുടെ നൂറാം വാര്‍ഷികമാണ്. അതോടനുബന്ധിച്ച് രണ്ട് വിഭാഗം സമസ്തകളും മറ്റ് സംഘടനകളെ പൊതുവില്‍ കുറ്റപ്പെടുത്തിയും, തങ്ങളാണ് ശരിയായ ഇസ്ലാമിക മൂല്യബോധത്തിന്റെ നടത്തിപ്പുകാര്‍ എന്നവകാശപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. അതില്‍ അത്ഭുതപ്പെടാനില്ല. എല്ലാ സംഘടനകളും ചെയ്യുന്നതാണ്.

എന്നാല്‍ ഇസ്ലാം മൂല്യബോധത്തിന്റെ ഉരക്കല്ലായി സമസ്ത അടക്കമുള്ള ഇസ്ലാമിക സംഘടനകൾ കാണുന്നത് സ്ത്രീയുടെ സ്വയം നിര്‍ണായവകാശത്തെ എതിർക്കുക എന്നതാണ്. കുറച്ച് കാലം കേരളത്തിലെ ഇടതുപക്ഷം അടക്കമുള്ളവര്‍ കൂടെ ചേര്‍ത്ത് നിര്‍ത്തിയ ജിഫ്രി മുത്തുകോയ തങ്ങൾ ഇന്ന് നടത്തിയ പ്രസംഗം അതിന് ഉദാഹരണമാണ്. അതായത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും അതിരുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ആ അതിര്‍ത്തി നിര്‍ണയിക്കാനുള്ള അവകാശവും തങ്ങള്‍ക്കാണെന്നായിരിക്കാം അവരുടെ നിലപാട്.

ജിഫ്രി മുത്തുകോയ തങ്ങള്‍ പറയുന്നത് സ്ത്രീ വിദ്യാഭ്യാസത്തെ സമസ്ത അംഗീകരിച്ചിട്ടുണ്ടെന്നാണ്. അതൊരു വലിയ ഔദാര്യമായി അംഗീകരിച്ചെങ്കിലും അത് എങ്ങനെ വേണമെന്നും അതിന് ചില പരിധികള്‍ ഉണ്ടെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു. എന്നാല്‍ വസ്തുത എന്താണ്? ഒരു ജനാധിപത്യ, ഭരണഘടനാധിഷ്ടിതമായ രാജ്യത്ത് സ്ത്രീ വിദ്യാഭ്യാസത്തിന് ഒരു സമസ്തയുടെയും അംഗീകാരം വേണമെന്നില്ല. ഇവിടെ സാര്‍വത്രിക വിദ്യാഭ്യാസവും, ഏതറ്റം വരെ ആര്‍ക്കും പഠിക്കാനുമുള്ള അവകാശവുമുള്ള ബഹുസ്വര ജനാധിപത്യ മതേതര രാജ്യമാണ്. അതിന് പരിധി നിശ്ചയിച്ചിട്ടുണ്ടെന്നാണ് തങ്ങള്‍ പറയുന്നത്. ആരാണ് ഈ പരിധി നിശ്ചയിച്ചത്. സമസ്ത കേരള ജംഇയത്തുല്‍ ഉലമയോ? അവരുടെ പരിധി ആര്‍ക്കാണ് ബാധകം? ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചു ജീവിക്കുന്ന, ഒരു മുസ്ലിമിനും ഈ പരിധി ബാധകമല്ലെന്ന വസ്തുത ജിഫ്രി തങ്ങള്‍ക്ക് അറിയാത്തതാണോ?

വിശ്വാസിയായ ഒരു മുസ്ലിം സ്ത്രീയുടെ പഠനം ഏതൊക്കെ സാഹചര്യത്തില്‍ എത്രയൊക്കെ വേണമെന്നൊക്കെ തീരുമാനിക്കുന്നത് അവർ തന്നെയാണ്. മതത്തിന്റെ പുരുഷാധിപത്യ വ്യാഖ്യാനങ്ങള്‍ ചമച്ച് സംഘടനാ ഭാരാവാഹികള്‍ പറയുന്നത് കേട്ടു ജീവിക്കുന്ന അവസ്ഥയില്‍നിന്ന് കേരളത്തിലെ ഇസ്ലാമത വിശ്വാസികളായ സ്ത്രീകള്‍ മുന്നോട്ടു പോയിട്ടുണ്ട്. വളരെ വളരെ മുന്നോട്ടു പോയിട്ടുണ്ട്. മല്‍സര പരീക്ഷകളില്‍ കൂടുതലായി മുസ്ലിം പെണ്‍കുട്ടികള്‍ നേട്ടമുണ്ടാക്കുന്നതും, ഉന്നത വിദ്യാഭ്യാസത്തിന് അവസരം കിട്ടുന്നതുമൊക്കെ ഇതിന്റെ തെളിവാണ്.

യാഥാസ്ഥിക പുരുഷാധിപത്യ വ്യാഖ്യാനങ്ങളില്‍നിന്ന് മതവിശ്വാസികളായ സ്ത്രീകള്‍ മുന്നോട്ടു പോയതു കൊണ്ടാണ് ഇത് സംഭവിച്ചത്. ഈ മുന്നേറ്റത്തെ പുരുഷാധിപത്യം ഭയന്നുവെങ്കിലും പെണ്‍കുട്ടികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത് അവരുടെ സാമൂഹ്യരാഷ്ട്രീയ ജീവിതത്തോടൊപ്പം മത വിശ്വാസം കൂടിയായിരുന്നു. പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് തെരുവിലിറങ്ങാനും, പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാനും ഇസ്ലാം മത വിശ്വാസികളായ സ്ത്രീകളെ പ്രാപ്തമാക്കുന്നത് അവരുടെ വിദ്യാഭ്യാസമാണ്. അതിന് അതിരുകളില്ല.

അങ്ങനെ അതിരുകള്‍ നിര്‍മ്മിക്കാന്‍ ഒരു മത സംഘടനയുടെ പുരുഷ നേതൃത്വത്തിനും കഴിയുകയുമില്ല. അങ്ങനെയൊക്കെ കഴിയുമെന്ന് വിചാരിക്കാം. സ്ത്രീയുടെ സ്വയം നിര്‍ണയാവകാശത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യാം. കാറ്റാടി യന്ത്രങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത് പരാജയപ്പെട്ടവരുടെ അവസ്ഥയാകുമെന്ന് മാത്രം.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്