Commentary

ഒടുവിൽ മോദി മണിപ്പൂർ എന്ന് പറഞ്ഞു, അതുകൊണ്ടായോ?

ഇത്രയും ദിവസത്തിനിടെ മണിപ്പൂരിലെ വംശീയ കലാപത്തിൽ കൊല്ലപ്പെട്ടത് 155 ലധികം ആളുകളാണ്. 50,000 ത്തിലധികം പേർക്ക് വീടുവിട്ടിറങ്ങേണ്ടി വന്നു

മുഹമ്മദ് റിസ്‌വാൻ

മണിപ്പൂരില്‍ കലാപം തുടങ്ങിയിട്ട് 80 ദിവസങ്ങള്‍ പിന്നിടുന്നു. അപ്പോഴൊന്നും ഒരക്ഷരം മണിപ്പൂരിനെ കുറിച്ച് മിണ്ടാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ മൗനം വെടിഞ്ഞിരിക്കുന്നു. എന്നാല്‍ കേവലമൊരു ആശ്വാസവാക്കില്‍ തീരുന്നതാണോ മോദിയുടെ മണിപ്പൂരിലെ ജനങ്ങളോടുള്ള ഉത്തരവാദിത്വം?

മണിപ്പൂർ വംശീയ കലാപത്തിൽ കുക്കി വിഭാഗം അനുഭവിക്കുന്ന മൃഗീയ പീഡനങ്ങളുടെ നേർസാക്ഷ്യമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ന്യൂനപക്ഷ സമുദായത്തിൽ പെട്ട രണ്ട് പെൺകുട്ടികളെ റോഡിലൂടെ നഗ്നരാക്കി നടത്തി അവരെ കൂട്ടബലാത്സംഗം ചെയ്തുവെന്ന വിവരം രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് 11 ആഴ്ച പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി അതിനെ കുറിച്ച് ഒരക്ഷരമെങ്കിലും പറയാൻ തയ്യാറായത് എന്നത് ഇന്ത്യ എന്ന ജനാധിപത്യ വ്യവസ്ഥിതിയുടെ ഇന്നത്തെ ശോചനീയ അവസ്ഥയിലേക്ക് കൂടിയാണ് ശ്രദ്ധ ക്ഷണിക്കുന്നത്.

"മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാവില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാൻ രാജ്യത്തിന് ഉറപ്പുനൽകുന്നു. നിയമം അതിന്റെ എല്ലാ ശക്തിയോടെയും പ്രവർത്തിക്കും. എന്റെ ഹൃദയം വേദനയും കോപവും കൊണ്ട് നിറഞ്ഞിരിക്കുന്നു. മണിപ്പൂരിലെ സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണ്.", എന്നതായിരുന്നു ഗത്യന്തരമില്ലാതെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾ. ലോകം മുഴവൻ മണിപ്പൂരിലെ വംശീയ കലാപത്തിൽ നൊമ്പരപ്പെട്ടപ്പോഴും, ഇന്ത്യൻ പ്രധാനമന്ത്രിക്ക് മാത്രം അത് പ്രതികരിക്കേണ്ട വിഷയമായി ഇതുവരെ തോന്നിയിരുന്നില്ല. ഇരുന്നൂറിനടുത്ത് ആളുകൾ കൊല്ലപ്പെടുകയും പതിനായിരങ്ങൾ വീടുവിട്ടപ്പോഴും നരേന്ദ്രമോദി മിണ്ടാതിരുന്നു.

ഇത്രയും ദിവസത്തിനിടെ മണിപ്പൂരിലെ വംശീയ കലാപത്തിൽ കൊല്ലപ്പെട്ടത് 155 ലധികം ആളുകളാണ്. 50,000 ത്തിലധികം പേർക്ക് വീടുവിട്ടിറങ്ങേണ്ടി വന്നു. ക്രിസ്ത്യൻ പള്ളികളും, വീടുകളും ഗ്രാമങ്ങളുമെല്ലാം എല്ലാം കൊള്ളിവയ്ക്കപ്പെട്ടു. സ്ത്രീശരീരങ്ങൾ ആക്രമണങ്ങൾക്ക് പാത്രമായി.

കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളിലുള്ള ക്രൂരകൃത്യം ശരിക്കും നടന്നത് മെയ് നാലിനാണ്. അധികാരികൾക്ക് ഇതേക്കുറിച്ച് വിവരമുണ്ടായിരുന്നെങ്കിലും വാർത്തയായപ്പോഴാണ് പ്രതികരിക്കാൻ തോന്നിയത് എന്നുമാത്രം.

മറ്റൊരുഭാഗത്ത്, മണിപ്പൂരിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് കലാപമാണെന്ന് വിളിച്ചുപറഞ്ഞ സിപിഐ ദേശീയ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. ന്യൂനപക്ഷ വേട്ടയാണെന്ന പ്രമേയം പാസാക്കിയ യൂറോപ്യൻ പാർലമെന്റിന്റെ നടപടി കൊളോണിയൽ ബോധത്തിന്റെ പ്രതിഫലനമെന്ന് ബിജെപി വൃത്തങ്ങൾ ഒന്നടങ്കം ആക്ഷേപം ഉയർത്തുന്നു. അപഹാസ്യമായ രീതിയിൽ ദേശീയ വികാരം ഉണ്ടാക്കിയെടുക്കാനായിരുന്നു ബിജെപി സർക്കാർ ശ്രമിച്ചു കൊണ്ടിരുന്നത്.

പാർലമെന്റിലെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷിയോഗത്തിൽ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നതായിരുന്നു. അങ്ങനെയിരിക്കെയാണ് മണിപ്പൂരിലെ യഥാർഥ അവസ്ഥ ലോകത്തിന് മുൻപിൽ വ്യക്തമാക്കുന്ന, ന്യൂനപക്ഷ വിഭാഗമായ കുക്കി സമുദായം അനുഭവിക്കുന്ന പീഡനങ്ങളുടെ തീവ്രത മനസിലാക്കി തരുന്ന ദൃശ്യങ്ങൾ കൂടി പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് മോദി പ്രതികരിക്കാൻ തയ്യാറായതെന്ന് വേണം കരുതാൻ.

വ്യാജ ദൃശ്യങ്ങളുടെ റോൾ

മെയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ട അന്ന് തന്നെ മെയ്‌തി വിഭാഗത്തിലെ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന ദൃശ്യങ്ങളും വ്യാജ വാർത്തകളും മണിപ്പൂരിൽ ഒട്ടാകെ പ്രചരിച്ചിരുന്നു. 2022 നവംബറിൽ ഡൽഹിയിൽ കൊല്ലപ്പെട്ട ആയുഷി ചൗധരിയുടെ ചിത്രം ഉപയോഗിച്ചായിരുന്നു ഈ വ്യാജ പ്രചാരണം. അതിന് പിന്നാലെയാണ് ദൃശ്യങ്ങളിൽ കണ്ട നടുക്കുന്ന കൃത്യം സംസ്ഥാനത്ത് അരങ്ങേറുന്നതെന്നതും ചേർത്ത് വായിക്കാവുന്നതാണ്.

ദൃശ്യങ്ങളിൽ കണ്ട പെൺകുട്ടികൾക്ക് പുറമെ ആറോളം കുക്കി പെൺകുട്ടികൾ വേറെയും ബലാത്സംഗ ചെയ്യപ്പെട്ടതായി 'ദ പ്രിന്റ്' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെല്ലാം പ്രേരകമായ ഘടകം വ്യാജ ദൃശ്യങ്ങളാണെന്ന് രാജ്ദീപ് സർദേശായിയെ പോലുള്ള പ്രമുഖ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.

മോദിയുടെ ഇന്നത്തെ പ്രതികരണത്തിൽ തരിമ്പും ആത്മാർഥതയില്ലെന്ന് കരുതാൻ അദ്ദേഹത്തിന്റെയും തന്റെ സർക്കാരിന്റെയും പ്രവർത്തനങ്ങൾ തന്നെ ധാരാളമാണ്. മണിപ്പൂരിലെ സ്ഥിതിഗതികളെ കുറിച്ച് എല്ലാവരും ചൂണ്ടിക്കാട്ടിയിട്ടും ഇപ്പോൾ മാത്രമാണത്രെ അദ്ദേഹം കാര്യങ്ങൾ അറിയുന്നതും ധാർമിക രോഷം ഭാവിക്കുന്നതും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ