Commentary

നെഹ്റുവിന് പിന്നാലെ ടാഗോറിനെയും മായ്ച്ചുകളയുന്ന സംഘ്പരിവാർ

കേന്ദ്രം ടാഗോറിനോട് അദ്ദേഹത്തിന്റെ വിശ്വഭാരതി സർവകലാശാലയോട് കാണിച്ചുകൂട്ടുന്നതെന്തൊക്കെ ?

അശ്വിൻ രാജ്

സംഘ്പരിവാറിന്റെ മുഖ്യ ശത്രുക്കളുടെ കൂട്ടത്തിൽ രവിന്ദ്രനാഥ് ടാഗോർ ഉണ്ടാകുമെന്ന് പലരും കരുതിയിരുന്നില്ല. എന്നാൽ ടാഗോറിനെയും സംഘ്പരിവാറിന് ഭയവും വെറുപ്പുമാണൈന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. ലോകത്തിന്റെ ഏറ്റവും വലിയ ശാപങ്ങളിലൊന്ന് ദേശീയതയാണെന്ന് പറഞ്ഞ ടാഗോറിനെ അതിദേശീയതയുടെ സങ്കുചിത രാഷ്ട്രീയം പേറുന്നവർക്ക് എതിർക്കാതെ വയ്യ. ഇനി നമുക്ക് കേന്ദ്രം ടാഗോറിനോട് അദ്ദേഹത്തിന്റെ വിശ്വ ഭാരതി സർവകലാശാലയോട് കാണിച്ചുകൂട്ടുന്നതെന്തൊക്കെ എന്ന് നോക്കാം.

കഴിഞ്ഞ സെപ്തംബർ 17 നാണ് ശാന്തിനികേതനിലെ വിശ്വ ഭാരതി സർവകാലാശാലയെ യുനസ്‌കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. 'ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന നൂൽ ' എന്ന് രബീന്ദ്രനാഥ് ടാഗോർ വിശേഷിപ്പിച്ചിരുന്ന ഈ സർവകാലാശാലയുടെ നേട്ടത്തെ സ്വന്തം അക്കൗണ്ടിൽ ചേർക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുയായികളും ശ്രമിക്കുന്നത്.

സർവകലാശാലയെ യുനസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ച് സ്ഥാപിച്ച ഫലകങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വൈസ് ചാൻസിലർ ബിദ്യൂത് ചക്രവർത്തിയുടെയും പേരുകളാണ് കൊത്തിവെച്ചിട്ടുള്ളത്. ഒന്നിലധികം ഫലകങ്ങൾ ഇത്തരത്തിൽ സർവകലാശാലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവയിൽ ഒന്നിൽ പോലും സർവകലാശാലയുടെ സ്ഥാപകനായ രബീന്ദ്രനാഥ ടാഗോറിന്റെ പേര് പോലും ഇല്ല.

ഇന്ത്യയെ, ഇന്ത്യയുടെ പൈതൃകത്തെ സൃഷ്ടിച്ച മഹാരഥന്മാരെയും ദീർഘവീഷണമുള്ള ഭരണാധികാരികളെയും മാറ്റി സ്വയം പ്രതിഷ്ഠിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും സ്ഥിരം ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരമാണിത്. നെഹ്‌റുവിനെ ഇന്ത്യൻ ചരിത്രത്തിൽ നിന്ന് മായ്ക്കാൻ ശ്രമിക്കുന്നത് പോലെ ഇപ്പോൾ ടാഗോറിനെയും മായ്ക്കാൻ ശ്രമിക്കുന്നെന്നാണ് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചത്.

പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ ബോൽപൂരിൽ സ്ഥിതി ചെയ്യുന്ന ശാന്തിനികേതനിലാണ് വിശ്വഭാരതി രബീന്ദ്രനാഥ ടാഗോർ സ്ഥാപിക്കുന്നത്. കൊളോണിയൽ വിദ്യഭ്യാസ രീതിയിൽ താൽപ്പര്യമില്ലാതിരുന്ന ടാഗോർ 1901 ൽ ശാന്തിനികേതനിലേക്ക് താമസം മാറ്റുകയും അവിടെ ഒരു വിദ്യാലയം ആരംഭിക്കുകയും ചെയ്തു. പിന്നീട് 1918 ൽ ആണ് വിശ്വ ഭാരതി എന്ന പേരിൽ ഒരു വി്ദ്യഭ്യാസസ്ഥാപനത്തിന് തറക്കല്ലിടുന്നത്. മൂന്ന് വർഷങ്ങൾക്കപ്പുറം പണി പൂർത്തിയായ വിശ്വഭാരതി 1921 ൽ പ്രവർത്തനം ആരംഭിച്ചു. 1951 ൽ സ്വാതന്ത്ര്യാനന്തരം വിശ്വഭാരതിയെ നെഹ്‌റു സർക്കാർ കേന്ദ്രസർവകലാശാലയായി ഉയർത്തുകയായിരുന്നു.

ഇത്തരത്തിൽ നൂറ് വർഷത്തിലധികം പഴക്കമുള്ള ഇന്ത്യയുടെ പൈതൃകം ലോകത്തിന് മുന്നിൽ കാണിച്ചുനൽകിയ ഒരു സർവകലാശാലയെയാണ് 2014 ൽ അധികാരത്തിലെത്തിയ മോദി തന്റെ നേട്ടമാക്കി കാണിക്കാൻ വി സി വഴി ശ്രമിക്കുന്നത്. 'യുനസ്‌കോ നിർണയിച്ച അതിർത്തി മനസിലാക്കാനുള്ള താൽക്കാലിക സംവിധാനം' ആണ് ശിലാഫലകമെന്നാണ് പ്രതിഷേധങ്ങൾക്ക് ടെുവിൽ യൂണിവേഴ്‌സിറ്റി പിആർഒ നൽകുന്ന വിശദീകരണം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ നിന്നുള്ളവ പുതിയ ഫലകങ്ങൾ ഉടൻ സ്ഥാപിക്കുമെന്നുമായിരുന്നു വിശദീകരണം.

'ബംഗാൾ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ, 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശാന്തിനികേതൻ കലാപരവും ബൗദ്ധികവുമായ നവോത്ഥാനത്തിന് കാരണമായി. ഒരു സാംസ്‌കാരികവും ബൗദ്ധികവുമായ ഇൻകുബേറ്റർ എന്ന നിലയിൽ, മഹാത്മാഗാന്ധി, നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരുൾപ്പെടെയുളള ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കളിൽ ഇതിന് മായാത്ത മുദ്ര ഉണ്ടായിരുന്നു'. എന്നാണ് യുനസ്‌കോ സൈറ്റിൽ സർവകലാശാലയെ കുറിച്ച് പറയുന്നത്.

ഇത് ആദ്യമായിട്ടല്ല സർവകലാശാലയുടെ സാസ്‌കാരിക തനിമയും പൈതൃകവും ചരിത്രവും ഇല്ലാതാക്കാനും അതിനെ കാവി പുതപ്പിക്കാനും വൈസ്ചാൻസിലർ ബിദ്യൂത് ചക്രവർത്തി ശ്രമിക്കുന്നത്. ഗുരുതരമായ ലൈംഗീക അതിക്രമണ ആരോപണം നേരിട്ടിരുന്ന ബിദ്യുതിനെ 2018 ലാണ് സർവകലാശാലയുടെ വിസിയായി നിയമിച്ചത്. 2016 ൽ അന്നത്തെ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി വൈസ് ചാൻസലറായിരുന്ന സുശാന്ത ദത്തഗുപ്തയെ പുറത്താക്കിയതു മുതൽ വിശ്വഭാരതി സർവകലാശാലയ്ക്ക് വൈസ് ചാൻസിലർ ഉണ്ടായിരുന്നില്ല. ഈ ഒഴിവിലേക്കാണ് ബിദ്യുതിനെ നിയമിച്ചത്.

സർവകലാശാലയിൽ എത്തിയ ഉടനെ തന്നെ വിദ്യാർത്ഥികളിലും സഹപ്രവർത്തകരിലും തന്റെ അധികാരം പ്രയോഗിക്കാനായിരുന്നു ബിദ്യുത് ശ്രമിച്ചത്. നോബേൽ പുര്‌സ്‌ക്കാര ജേതാവ് അമർത്യസെൻ ഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ചായിരുന്നു ബിദ്യുത് പിന്നീട് വാർത്തകളിൽ നിറഞ്ഞത്. പിന്നീട് സർവകലാശാലയിലെ വിദ്യാർത്ഥികളെയും ഒരു അധ്യാപകനെയും പുറത്താക്കിയും ഇയാൾ വാർത്തകളിൽ നിറഞ്ഞിരുന്നു. ഏറ്റവുമൊടുവിൽ വൈസ് ചാൻസിലറുടെ 'അധികാര' പ്രയോഗങ്ങൾ മനസിലാക്കിയ കൽക്കട്ട ഹൈക്കോടതി പുറത്താക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അനധികൃതമായി ബിദ്യുത് പിരിച്ചുവിട്ട സർവകലാശാലയിലെ ഫിസിക്സ് പ്രൊഫസർ മനസ് മെയ്തിയെ തിരികെയെടുക്കാനും ജസ്റ്റിസ് ഗംഗോപാധ്യായ ഉത്തരവിട്ടു.

ചിലർ വരുമ്പോൾ ചരിത്രം മാറുന്നുവെന്ന പരസ്യം വാചകം പോലെ, തങ്ങൾ വരുമ്പോൾ അതിനുമുമ്പുള്ള ചരിത്രമെല്ലാം റദ്ദായി പോണം എന്നതാണ് ഭരണകൂടത്തിന്റെ ആഗ്രഹം. ഗാന്ധിയും നെഹ്റുവും ടാഗോറുമെല്ലാം തങ്ങളുടെ മതരാഷ്ട്ര രൂപികരണത്തിനുള്ള തടസ്സങ്ങളായാണ് അവർ കാണുന്നത്. അതിനെ മറികടക്കാനുള്ള നീക്കങ്ങളിൽ ഒന്നാണ് വിശ്വഭാരതിയിൽ കാണുന്നത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം