കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് വാദിക്കാൻ ദ കേരള സ്റ്റോറിയും സംഘപരിവാറും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് ഷഹൻ ഷാ vs സ്റ്റേറ്റ് ഓഫ് കേരള എന്ന കേസിനെപ്പറ്റിയാണ്. അതിനെ ആസ്പദമാക്കിയാണ് പ്രൊപഗണ്ട സിനിമ നിർമിച്ചതെന്നാണ് അവരുടെ 'ന്യായീകരണം'. കള്ളങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ വസ്തുതകൾ വീണ്ടും ആവർത്തിക്കേണ്ടത് അനിവാര്യതയാണ്. എന്തായിരുന്നു ശരിക്കും ഷഹൻ ഷാ v/s സ്റ്റേറ്റ് ഓഫ് കേരള കേസ്? എന്താണ് ഈ സംഭവത്തിലെ യാഥാർഥ്യം?
പത്തനംതിട്ട ജില്ലയിലെ ഒരു കോളേജിൽ ബിബിഎയ്ക്ക് പഠിക്കുകയായിരുന്ന രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി 2009 ഓഗസ്റ്റ് ഏഴിനാണ് ഇരുവരുടെയും രക്ഷിതാക്കൾ കോടതിയെ സമീപിക്കുന്നത്. ഇവിടെനിന്നാണ് ഇന്ത്യയിലെ ആദ്യ ലവ് ജിഹാദ് കേസെന്ന കുപ്രസിദ്ധി നേടിയ കേസിന്റെ തുടക്കം.
ജഡ്ജിയുടെ ആവശ്യത്തെ തുടർന്ന് 2009 ഡിസംബർ ഒന്നിന് സത്യവാങ്മൂലം സമർപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡിജിപി പറഞ്ഞ അതേ കാര്യങ്ങൾ ആവർത്തിച്ചു. 'കേരളത്തിൽ ലവ് ജിഹാദൊന്നുമില്ല'
കോളേജിൽ കൂടെ പഠിച്ചിരുന്ന ഷഹൻ ഷാ, സിറാജുദീൻ എന്നിവരെ വിവാഹം കഴിച്ച ഇരു പെൺകുട്ടികളും രണ്ട് ആഴ്ചയ്ക്കുശേഷം കോടതിയിൽ ഹാജരായി. തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും മതം മാറിയതെന്നും വീട്ടിലേക്ക് തിരികെ പോകാൻ താത്പര്യമില്ലെന്നും അവർ കോടതിയെ ബോധിപ്പിച്ചു. എന്നിട്ടും കോടതി പെൺകുട്ടികളെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു. ഭർത്താക്കന്മാരോട് സംസാരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന നിബന്ധനയും വച്ചു. എന്നാൽ കാര്യങ്ങൾ വളരെ പെട്ടെന്ന് മാറിമറിഞ്ഞു. പെൺകുട്ടികൾ ഷഹൻ ഷായ്ക്കും സിറാജുദീനും ഒപ്പം പോകേണ്ടെന്ന നിലപാട് സ്വീകരിച്ചു. ഇതോടെ കുരുക്കിലായത് ഷഹൻ ഷായും സിറാജുദീനുമായിരുന്നു.
ഇരുവരും തട്ടികൊണ്ടുപോയതാണെന്ന തരത്തിൽ ക്രമിനൽ നടപടികൾ ചുമത്തപ്പെട്ടൂ. അറസ്റ്റ് ഭയന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയതോടെയാണ് കേസ് ജസ്റ്റിസ് കെ ടി ശങ്കരന് മുന്നിലെത്തുന്നത്. അദ്ദേഹം പോലീസിന്റെ ആരോപണങ്ങളെ മുഴുവനായി വിലയ്ക്കെടുത്ത് ഗൂഢാലോചന നടന്നെന്ന മട്ടിൽ കാര്യങ്ങളെ കൈകാര്യം ചെയ്തു. മുസ്ലിങ്ങളിലെ ഒരു വിഭാഗം 'റോമിയോ ജിഹാദ്'- ലവ് ജിഹാദ് എന്നിവ നടത്തുന്നതായി അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
ഇതേത്തുടർന്ന് അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസിനോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതുവരെയുള്ള കാര്യങ്ങളാണ് സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ലവ് ജിഹാദ് എന്ന കപടനിർമിതിയെ പൊളിക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവങ്ങൾ.
ലവ് ജിഹാദ് ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച ജേക്കബ് പുന്നൂസും സംഘവും ഒക്ടോബർ 18ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് കെ ടി ശങ്കരൻ ഉന്നയിച്ച എട്ട് സംശയങ്ങളെയും തള്ളുന്നതായിരുന്നു ആ റിപ്പോർട്ട്. ലവ് ജിഹാദ് എന്നൊരു കാര്യം കേരളത്തിൽ നടക്കുന്നില്ലെന്നും അങ്ങനെയൊരു ആരോപണം പോലും ഉണ്ടായിട്ടില്ലെന്നും ഡി ജി പി റിപ്പോർട്ടിൽ വ്യക്തമാക്കി. 14 ജില്ലാ പോലീസ് മേധാവികൾ, സംസ്ഥാനത്തെ സി ഐ ഡി വിഭാഗം, ഇന്റലിജിൻസ്, സ്‌പെഷ്യൽ സെൽ, ക്രൈം ബ്രാഞ്ച് എന്നിവരെല്ലാം ചേർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയതായിരുന്നു റിപ്പോർട്ട്.
പിന്നീട് ജസ്റ്റിസ്‌കെ ടി ശങ്കരൻ ആവശ്യപ്പെട്ടതനുസരിച്ച് സീൽഡ് കവറിൽ ആ റിപ്പോർട്ടുകളും ഡിജിപി സമർപ്പിച്ചു. ജഡ്ജിയുടെ ആവശ്യത്തെ തുടർന്ന് 2009 ഡിസംബർ ഒന്നിന് സത്യവാങ്മൂലം സമർപ്പിച്ച കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയവും ഡിജിപി പറഞ്ഞ അതേ കാര്യങ്ങൾ ആവർത്തിച്ചു: 'കേരളത്തിൽ ലവ് ജിഹാദൊന്നുമില്ല'.
ഇതിനിടെ വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയ ഷഹൻ ഷായുടെയും സിറാജുദീന്റെയും കേസ് ജസ്റ്റിസ് എം ശശിധരൻ നമ്പ്യാരാണ് പരിഗണിച്ചത്. അവർക്കുമേൽ ചുമത്തപ്പെട്ടിരുന്ന ക്രിമിനൽ കുറ്റങ്ങൾ മുഴുവൻ പ്രഥമദൃഷ്ട്യാ തന്നെ നിലനിൽക്കുന്നതല്ലെന്ന് അദ്ദേഹം വിധിച്ചു. പോലീസ് വേണ്ടവിധം അന്വേഷണം നടത്താതെയാണ് കുറ്റങ്ങൾ ചുമത്തിയിരുന്നതെന്ന് അദ്ദേഹം കണ്ടെത്തി.
പോലീസിന്റെ വാദങ്ങൾ കഴമ്പില്ലാത്തതാണെന്ന് പറഞ്ഞ് 2010 ഡിസംബർ പത്തിന് ജസ്റ്റിസ് എം ശശിധരൻ നമ്പ്യാർ ആ കേസ് തള്ളിക്കളയുകയായിരുന്നു. അങ്ങനെയാണ് സംഘപരിവാർ പറഞ്ഞുകൊണ്ടിരിക്കുന്ന ഷഹൻ ഷാ കേസ് അവസാനിക്കുന്നത്. ഇനിയും കളവ് ആവർത്തിക്കും. കള്ളം പറഞ്ഞ് വെറുപ്പിലൂടെ പടരുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ രീതിയാണത്. അതുകൊണ്ട് വസ്തുതകളും ആവർത്തിച്ചുപറഞ്ഞു കൊണ്ടേയിരിക്കണം.