Commentary

വൈക്കത്ത് സനാതനധര്‍മക്കാര്‍ക്ക് എന്താണ് കാര്യം?

ജിഷ്ണു രവീന്ദ്രൻ

വൈക്കത്ത് ആർ എസ് എസ് ഒരു പരിപാടി നടത്തി. സാമാന്യം വലിയ പരിപാടി. അവരുടെ പ്രധാനികള്‍ വന്നു. വൈക്കം എന്നു പറഞ്ഞാൽ കേരളത്തില്‍ അത് നവോത്ഥാനത്തിന്റെയും സനാതന ധര്‍മ്മത്തില്‍ അധിഷ്ടിതമായ ജാതി വിവേചനത്തിനുമെതിരെയുള്ള പോരാട്ടത്തിന്റെ സ്ഥലനാമമാണ്. അവിടെ സനാതാനധര്‍മ വാദികള്‍ വന്ന് യോഗം നടത്തി, വൈക്കത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ ഏറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. വൈക്കത്ത് സനാതന ധര്‍മക്കാരായ മനുവാദികള്‍ക്ക് എന്താണ് കാര്യം? വൈക്കം ക്ഷേത്രത്തിനു ചുറ്റും ഉയര്‍ന്ന അധഃകൃത ജാതികള്‍ക്ക് പ്രവേശനമില്ലെന്നെഴുതിവച്ച തീണ്ടല്‍ പലകകളെ അതിജീവിക്കാന്‍ ശേഷിയുള്ള വര്‍ധിത ഊര്‍ജ്ജത്തെ ആവാഹിച്ച ഒരു സമരത്തിന് പലയിടങ്ങളിലായി തുരങ്കം വെച്ചത് സവര്‍ണ്ണരുടെ കൈമുതലായ, ശ്രേണീകൃതമായ ജാതിവ്യവസ്ഥയിലൂന്നിയ സനാതന ധര്‍മ്മമാണ്. അതിനെ പൂര്‍ണ്ണമായും ആശ്ലേഷിക്കുന്ന അവര്‍ക്കെങ്ങനെ സ്റ്റേജ് കെട്ടി ജാതീയതയ്ക്കെതിരെ പ്രവര്‍ത്തിച്ചവരാണ് നമ്മള്‍ എന്ന് പറയാന്‍ സാധിക്കും?

അങ്ങനെ നിന്ന നില്‍പ്പില്‍ പറഞ്ഞാല്‍ ചരിത്രം റദ്ദായി പോകുമോ? സനാതന ധര്‍മത്തെ ഒരു മഹാരോഗത്തെ പോലെ തുടച്ചു നീക്കണമെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞപ്പോള്‍ കടന്നാക്രമിക്കാത്ത ബി.ജെ പിക്കാരോ സംഘ്പരിവാറുകാരോ ഉണ്ടോ? ആയിരം വര്‍ഷങ്ങളായി ഇന്ത്യയെ ഒരുമിപ്പിച്ചുനിര്‍ത്തുന്നത് സനാതന ധര്‍മമാണ് എന്ന് പറഞ്ഞത് പ്രധാനമന്ത്രിയാണ്. എന്ന് വച്ചാല്‍ ജാതിയുടെപേരില്‍ സഹജീവിയെ മനുഷ്യനായി പോലും കാണാന്‍ സാധിക്കാത്ത ചിന്താപദ്ധതിയെക്കൂടിയാണ് നിങ്ങള്‍ ഇന്ത്യയെ ഒരുമിപ്പിച്ച ആശയമായി നിര്‍വചിക്കുന്നത്.

സനാതന ധര്‍മ്മ വാദികളായ സംഘ്പരിവാറുകാര്‍ കേള്‍ക്കാന്‍ ചരിത്രം ഒന്ന് ഓര്‍മ്മിപ്പിക്കാം ഇണ്ടന്തുരുത്തി മനയിലെ നമ്പ്യാതിരിയെ കാണാന്‍ ഗാന്ധി പോയ കഥ, മനയ്ക്കകത്ത് കയറ്റാതെ പുറത്ത് പന്തലിട്ട് ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ നമ്പ്യാതിരി ആദ്യം ചോദിക്കുന്നത് ഹിന്ദു ശാസ്ത്ര സംഹിതയുടെ ദൈവികതയില്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ എന്നാണ്. രണ്ടാമത്തെ ചോദ്യം കര്‍മ്മ സിദ്ധാന്തത്തില്‍ വിശ്വാസമുണ്ടോ? പുനര്‍ജനനത്തിലോ? ഈ മൂന്നു ചോദ്യങ്ങള്‍ക്കും ഉണ്ടെന്ന് മറുപടി പറഞ്ഞതിന് ശേഷം ഗാന്ധിയോട് നമ്പ്യാതിരി പറയുന്നത്, ഈ അവര്‍ണര്‍ അനുഭവിക്കുന്നത് അവരുടെ കര്‍മഫലമാണെന്നാണ്. ആ ഒറ്റ വാചകത്തില്‍ നമ്പ്യാതിരി സനാതനധര്‍മ്മത്തെ കൂടിയാണ് വിശദീകരിക്കുന്നത്.

ഒടുക്കം ഗാന്ധിക്ക് നിരാശനായി മടങ്ങേണ്ടി വന്നു. ഗാന്ധിയുടെ വരവുപോലെ തന്നെ പ്രധാനപ്പെട്ടതായിരുന്നു സത്യാഗ്രഹത്തില്‍ അംബേദ്കര്‍ നടത്തിയ നിരീക്ഷണങ്ങള്‍. ഈ കാലത്ത് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സമരമാണ് വൈക്കത്ത് നടക്കുന്നതെന്ന് സാക്ഷാല്‍ അംബേദ്കര്‍ തന്നെ പറയുമ്പോള്‍ ആ പോരാട്ടത്തിന്റെ കനം നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടോ? ടി. കെ മാധവനെന്നു കേട്ടിട്ടുണ്ടോ നിങ്ങള്‍? സഹോദരന്‍ അയ്യപ്പനെന്നോ? അങ്ങനെ എത്രപേരുടെ ആത്മത്യാഗത്തിലും നേതൃത്വത്തിലുമാണ് 603 ദിവസങ്ങള്‍ നീണ്ട സമരം അതിന്റെ ജീവന്‍ നിലനിര്‍ത്തിയതെന്ന് നിങ്ങള്‍ക്കറിയാമോ? 1924 ല്‍ കൊല്ലത്ത് ചേര്‍ന്ന അയിത്തോച്ചാടന സമിതിയുടെ സമ്മേളനത്തിലാണ് വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കാനുള്ള തീരുമാനമുണ്ടാകുന്നത്. അതിനുമുമ്പ് ഒരുപാട് കാര്യങ്ങള്‍ നടന്നിട്ടുണ്ട്.

കീഴ്ജാതിയില്‍ പെട്ട മനുഷ്യജീവിതങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ജാതി വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് തിരുവിതാങ്കൂര്‍ പ്രജാസഭയിലുന്നയിക്കാന്‍ ടി.കെ മാധവന്‍ നിരവധി തവണ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അനുമതി നല്‍കിയില്ല. ഒടുവില്‍ ദിവാന്‍ രാഘവയ്യയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിച്ചു. ക്ഷമനശിച്ച് ടി.കെ മാധവന്‍ 'ഞങ്ങളീ നാട് വിട്ട് പോകണോ?' എന്ന് ദിവാനോട് ചോദിച്ചു. 'അങ്ങനെയായാലും വിരോധമില്ല' എന്നായിരുന്നു മറുപടി. ആ മറുപടിക്ക് കരുത്ത് നല്‍കുന്ന ഒരൊറ്റ ആശയം മാത്രമേ ഉള്ളു. അതിന്റെ പേരാണ് സനാതന ധര്‍മ്മം കേരളത്തിന്റെ പൊതുമണ്ഡലത്തിലും ചരിത്രത്തിലും പറയത്തക്ക സ്വീകാര്യതയൊ സ്ഥാനമോ ഇല്ലാത്ത ഒരു സംഘടന, അത് നേടിയെടുക്കാന്‍ കേരളത്തിന്റെ നവോഥാന ചരിത്രത്തിന്റെ ഭാഗമായ ഒരു സമരത്തെ മുതലെടുക്കുന്നതിനുള്ള നീക്കമാണ് കഴിഞ്ഞ ദിവസം നടന്നത്.

1865 ലും 1884 ലും ക്ഷേത്രവഴിയിലൂടെ എല്ലാവര്‍ക്കും നടക്കാമെന്ന ഉത്തരവുകള്‍ വന്നതിനു ശേഷം 60 വര്‍ഷത്തോളം കഴിഞ്ഞതാണ് വഴിനടക്കാന്‍ വൈക്കത്ത് സത്യാഗ്രഹം നടക്കുന്നതെന്ന് ഓര്‍ക്കണം. സത്യാഗ്രഹം കഴിഞ്ഞ് വീണ്ടും 11 വര്‍ഷമെടുത്തു ക്ഷേത്രപ്രവേശനം സാധ്യമാക്കാന്‍. ദശാബ്ദങ്ങള്‍ പോരാടേണ്ടി വന്നതിനു കാരണം, എതിരിടേണ്ടി വന്നത് സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനമായ ജാതിവ്യവസ്ഥയെയാണ് എന്നതുകൊണ്ടാണ്. 1905 ലാണ് ഈഴവരും പുലയരുമുള്‍പ്പെടെയുള്ള തീണ്ടല്‍ ജാതിക്കാര്‍ പ്രവേശിക്കരുതെന്ന് പ്രസ്താവിക്കുന്ന തീണ്ടല്‍ പലകകള്‍ വൈക്കം ക്ഷേത്ര പരിസരത്ത് പ്രത്യക്ഷപ്പെടുന്നത്. 1924 മാര്‍ച്ച് 1 ന് ചേര്‍ന്ന യോഗത്തില്‍ മാര്‍ച്ച് 30 ന് സത്യാഗ്രഹം ആരംഭിക്കാം എന്ന് തീരുമാനിച്ചു. സത്യാഗ്രഹത്തിന് അനുമതി നല്‍കി മാര്‍ച്ച് 19 ന് ഗാന്ധിയുടെ കത്ത് കെ.പി കേശവമേനോന് കിട്ടി. 1924 ലുണ്ടായ മഹാപ്രളയത്തിന്റെ സമയത്തും നനഞ്ഞ് കുതിര്‍ന്ന് വെള്ളക്കെട്ടുകളില്‍ നിന്നവര്‍ സമരം ചെയ്തു. തോണിയില്‍ വന്ന് പോലീസുകാര്‍ തടഞ്ഞു. ഇങ്ങനെ കഴുത്തറ്റം പ്രതിസന്ധികളെ തരണം ചെയ്തുണ്ടാക്കിയതാണ് ആ ചരിത്രം.

1924 ഏപ്രില്‍ 12 നാണ് ദ്രാവിഡ പോരാട്ടങ്ങളുടെ നെടുംതൂണായിരുന്ന പെരിയോര്‍ രാമസ്വാമി നായ്ക്കര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ വൈക്കത്തെത്തുന്നത്. ബ്രാഹ്‌മണര്‍ എന്ത് നീചപ്രവൃത്തി ചെയ്താലും അവരെ ബഹുമാന്യരായി പരിഗണിക്കുന്നവരാണ് തിരുവിതാംകൂര്‍ ഭരണകൂടമെന്ന് തുറന്നടിച്ച പെരിയോരുടെ പ്രസംഗം മൂന്നുമണിക്കൂര്‍ നീണ്ടു. നവംബര്‍ ഒന്നാം തീയ്യതിയാകുമ്പോഴേക്കും മന്നത്ത് പദ്മനാഭന്‍, എ കെ പിള്ള, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സവര്‍ണ്ണ ജാഥ സംഘടിപ്പിക്കപ്പെട്ടു. ജാഥയുടെ അവസാനം 25000 പേരൊപ്പുവെച്ച നിവേദനം റാണിക്ക് കൈമാറി. പക്ഷെ ഒന്നും സംഭവിച്ചില്ല. ഈ സവര്‍ണബോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സാക്ഷാല്‍ സവര്‍ണര്‍ക്കുപോലും സാധിച്ചില്ല എന്നതാണ് സത്യം. സത്യാഗ്രഹം കടുക്കുംതോറും സവര്‍ണരുടെ ആക്രമണവും ശക്തമായി. ചിറ്റേഴത്ത് ശങ്കുപിള്ള എന്നൊരു രക്തസാക്ഷിയുണ്ട് ഈ സമരത്തിന്. പെരുമ്പളം ആമചാടി തേവന്‍, മൂവാറ്റുപുഴ രാമന്‍ ഇളയത് എന്നിങ്ങനെ രണ്ടുപേരുടെ കണ്ണില്‍ ചുണ്ണാമ്പ് തേച്ച് കാഴ്ചയില്ലാതാക്കിയിട്ടുണ്ട്. തുടര്‍ച്ചയില്ലാതിരുന്നെങ്കിലും, ഒരുപരിധിക്കപ്പുറത്തേക്ക് വളരാന്‍ സാധിച്ചിലായിരുന്നെങ്കിലും, കേരളത്തില്‍ ഒരു സാമൂഹിക വിഷയമുണ്ടാകുമ്പോള്‍ ഒരുമിച്ച് നില്‍ക്കണമെന്ന തോന്നല്‍ മനുഷ്യരിലുണ്ടക്കുന്നതില്‍ ഏറ്റവും പ്രധാന ഊര്‍ജ്ജ സ്രോതസ്സായി ഇന്നും വൈക്കം സത്യാഗ്രഹം ചരിത്രത്തിന്റെ ഭാഗമായി നില്‍ക്കുന്നു. വിഭാഗീയതയ്ക്കും ജാതിയതയ്ക്കും എതിരായ മാനവികതയുടെ ചരിത്രമാണ് വൈക്കത്തുള്ളത്. അവിടെ സനാതാന ധര്‍മ്മത്തിന്റെ പ്രയോക്താക്കള്‍ക്ക് ഇടമൊന്നുമില്ല.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും