Commentary

മോദി പറഞ്ഞത് വിദ്വേഷത്തിന്, പക്ഷെ മുസ്ലിം പിന്നാക്കാവസ്ഥ പറയാൻ മതേതര പാർട്ടികൾ മടിക്കുന്നതെന്തിന്?

മുഹമ്മദ് റിസ്‌വാൻ

വർഗീയ ധ്രൂവികരണത്തിനും വിഭാഗീയതയ്ക്കും വേണ്ടി ഉപയോഗിക്കുന്ന ആയുധങ്ങൾ ഗൗരവമായ ചർച്ചകളിലേക്ക് നയിക്കുമോ? മുസ്ലീം സംവരണത്തിനായി കോൺഗ്രസ് ശ്രമിക്കുന്നുവെന്ന ആരോപണമാണ് മോദി സ്ഥിരമായി ഉന്നയിക്കുന്നത്. മതസംവരണം ഭരണഘടനാപരമായി നിലനിൽക്കില്ലെങ്കിലും, അങ്ങനെയൊരു നിലപാട് എടുക്കേണ്ട അവസ്ഥിയിലാണോ മുസ്ലിം സമൂഹമെന്ന ചർച്ചയിലേക്ക് മോദിയുടെ വിഭാഗീയ പ്രസംഗം എന്തുകൊണ്ട് മാറ്റിത്തീർക്കാൻ മതേതര കക്ഷികൾക്ക് സാധിക്കുന്നില്ല? എന്താണ് ഇന്ത്യയിലെ മുസ്ലിം ജീവിതത്തിന്റെ യാഥാർത്ഥ്യം?

കഴിഞ്ഞ പത്തുവർഷത്തിനിടെയിൽ ഇന്ത്യയിലുണ്ടായ അഭൂതപൂർവമായ വർഗീയ- വിഭജന രാഷ്ട്രീയത്തിനിടയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉപേക്ഷിച്ച വിഷയമാണ് ഇന്ത്യയിലെ മുസ്ലീം പിന്നാക്കാവസ്ഥ. രാജ്യത്തെ 18 കോടിയോളം വരുന്ന ഒരു ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ- സാമ്പത്തിക- സാമൂഹ്യമേഖലകളിലെ അവസ്ഥ പരിശോധിക്കപ്പെടേണ്ടതല്ലേ?

2006-ലെ സച്ചാർ കമ്മിറ്റി മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ സമഗ്രമായി പഠിച്ചത്. അതുപ്രകാരം, പല മേഖലകളിലും മുസ്ലിം വിഭാഗം പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെക്കാൾ പിന്നിലാണ്. സിവിൽ സർവിസ്, പോലീസ്, സൈന്യം, രാഷ്ട്രീയം എന്നിവയിൽ മുസ്ലിം പ്രാതിനിധ്യം കുറവാണെന്ന് കമ്മിറ്റി കണ്ടെത്തി. മറ്റ് ജാതി-മത വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലിങ്ങൾ സാമ്പത്തിക-വിദ്യഭ്യാസ -ആരോഗ്യ മേഖലകളിലെല്ലാം അവർ മോശം അവസ്ഥയിലാണെന്നും അന്ന് സച്ചാർ കമ്മിറ്റി റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.

മോദി ബന്‍സ്വാഡയില്‍ പ്രസംഗിക്കുന്നു

അതൊക്കെ 15 വർഷം മുൻപുള്ള കാര്യമല്ലേയെന്ന് തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ കഴിഞ്ഞ ആറേഴ് വർഷത്തിനിടെ പുറത്തുവന്ന ചില കണക്കുകൾ പരിശോധിക്കാം. 2023ൽ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ്, വിവിധ സർക്കാർ ഏജൻസികളുടെ റിപോർട്ടുകൾ അടിസ്ഥാനമാക്കി ഒരു പഠനം നടത്തി. അതുപ്രകാരം, ആസ്തികളുടെയും പ്രതിമാസ പ്രതിശീർഷച്ചെലവിൻ്റെയും കാര്യത്തിൽ മുസ്ലിങ്ങൾ ഇപ്പോഴും താഴെത്തട്ടിലാണ്. ഇന്ത്യൻ മുസ്ലിങ്ങൾക്കിടയിലെ ഉപരിവർഗം പോലും മറ്റു പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഹിന്ദുക്കളേക്കാൾ ദരിദ്രരാണെന്നും ഹിന്ദുസ്ഥാൻ ടൈംസ് കണ്ടെത്തിയിരുന്നു.

സച്ചാർ കമ്മിറ്റി റിപ്പോർട്ട്

യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെൻ്റ് പ്രോഗ്രാമും ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് ഇനീഷ്യേറ്റീവും 2019-ൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം ഇന്ത്യയിലെ മൂന്നിലൊരു മുസ്ലിം ഏതെങ്കിലുമൊരു തരത്തിൽ ദരിദ്രരാണെന്ന് വെളിപ്പെടുത്തുന്നു. പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം അങ്ങനെ ഏതെങ്കിലുമൊരു മേഖലയിൽ. 2005 മുതൽ 2016 വരെയുള്ള പത്ത് വർഷത്തിനിടെ ഇന്ത്യയിലെ 640 ജില്ലകളിൽനിന്ന് ശേഖരിച്ച ആ പഠനത്തിൽ ഒരു കാര്യം കൂടി എടുത്തുപറയുന്നുണ്ട്. 10 വർഷത്തെ കാലയളവിൽ ബഹുമുഖ ദാരിദ്ര്യ സൂചിക സ്‌കോറിൽ സമൂഹം കുത്തനെ പുരോഗതി കൈവരിച്ചപ്പോഴും ഇന്ത്യയിലെ ഏറ്റവും ദരിദ്ര മത വിഭാഗം മുസ്‌ലിംകളാണ് എന്നതാണത്.

വിദ്യാഭ്യാസ മേഖലയിലും സമാനമാണ് കാര്യങ്ങൾ. 2020-21 അധ്യയന വർഷത്തിൽ ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്ന മുസ്ലിം വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. അരികുവത്കരിക്കപ്പെട്ട ഇന്ത്യയിലെ മറ്റ് വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ എൻറോൾമെൻറ് നിരക്ക് വർധിച്ചപ്പോൾ മുസ്‌ലിംകളുടെത് എട്ട് ശതമാനമാണ് കുറഞ്ഞത്. പോലീസ് സേനയിൽ മുസ്ലിം പ്രാതിനിധ്യം മൂന്നു മുതൽ നാല് ശതമാനം മാത്രമായി തുടരാൻ തുടങ്ങിയിട്ട് കാലങ്ങളായി. 2006ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ടിലും ഇതേ പ്രാതിനിധ്യ നിരക്കായിരുന്നു. അതായത് പ്രത്യേകിച്ച് വളർച്ചയൊന്നും കൈവരിക്കാൻ ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ലെന്ന് ചുരുക്കം.

ബിജെപിയും മോദിയും കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന 'എല്ലാം മുസ്ലിങ്ങൾ കൊണ്ടുപോയെ' എന്ന കരച്ചിൽ പൊള്ളയാണെന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ് ഇത്രയും കാര്യങ്ങൾ പറഞ്ഞത്. പിന്നെ ബിജെപി പറഞ്ഞുകൊണ്ടേയിരിക്കുന്ന പ്രതിപക്ഷത്തിന്റെ 'പ്രീണന രാഷ്ട്രീയം.' രാജ്യത്ത് സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് സുപ്രീംകോടതി 1992 ൽ ഇന്ദിര സാഹ്നി കേസിൽ ഉത്തരവിട്ടിരുന്നു. അതിനെ തിരുത്തിയത് ആരാണെന്ന് അറിയാമോ? എന്തിനാണെന്ന് അറിയാമോ?

ഇന്ത്യൻ ഭരണഘടന അനുസരിച്ച്, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് നൽകേണ്ട സംവരണത്തെ അടിമുടി മാറ്റിമറിച്ച് സാമ്പത്തിക സംവരണ ഏർപ്പെടുത്തിയത് കേന്ദ്രത്തിൽ ബിജെപി ഭരിക്കുമ്പോഴാണ്. അത് നടപ്പാക്കാൻ തടസമായിനിന്ന 50 ശതമാനം പരിധിയെന്ന തടസത്തെയും അതിനായി അവർ പൊളിച്ചെഴുതി. അത് ആരെ പ്രീണിപ്പിക്കാനായിരുന്നു? ആ ചോദ്യത്തിന് പ്രസക്തിയുള്ളതായി കോൺഗ്രസിനോ മിക്ക പ്രതിപക്ഷ പാർട്ടികൾക്കോ തോന്നിയിട്ടില്ലെന്നത് മറ്റൊരു കാര്യം.

അതുപോലെയാണ് മുസ്ലിം സംവരണത്തിന്റെ കാര്യവും. മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ എടുത്തുപറയാൻ ഇപ്പോഴും ആരും തയാറായിട്ടില്ല. അതിനുള്ള ആർജവം ഇനിയെങ്കിലും ഉണ്ടാകുമോയെന്നതാണ് അറിയേണ്ടത്. സമത്വത്തിനായി വാദിക്കുന്ന പ്രതിപക്ഷം മുസ്ലിം വിഭാഗങ്ങളുടെ കാര്യത്തിൽ അത് പാലിക്കാൻ തയാറാകുമോയെന്നതും കാത്തിരുന്നു കാണണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും