കുറച്ച് മാസങ്ങള്‍ക്ക് മുമ്പിറങ്ങിയ രാഹുല്‍ ഗാന്ധിയും ലാലു പ്രസാദ് യാദവും ഒരുമിച്ച് മട്ടണ്‍ പാകം ചെയ്യുന്ന വീഡിയോ കണ്ടിരുന്നോ നിങ്ങൾ. ആ പാചകവും, അവിടെ നടന്ന ചര്‍ച്ചയും അത്ര നിസ്സാരമല്ല. അതിനു കൃത്യമായ രാഷ്ട്രീയമുണ്ട്. ആണത്ത ഘോഷണത്തിന്റെ 56 ഇഞ്ച് നെഞ്ചളവിന്റെ ആക്രമോല്‍സുക രാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന രാഷ്ട്രീയം.
എല്ലാ ആണത്ത ഗരിമകളും ചേര്‍ന്ന ഒരു നേതാവിന്റെ ഉദയമായിരുന്നു നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി സ്ഥാനാരോഹണം. 2014 ല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കാര്‍ഡുകളില്‍ ഒന്ന് മോദിയുടെ ആണത്തവും 56 ഇഞ്ച് നെഞ്ചളവുമാണ്. അതിനെ പര്‍വ്വതീകരിച്ചത്, സ്വതവേ സൗമ്യനായ മന്‍മോഹന്‍ സിങ്ങുമായി താരതമ്യം ചെയ്തുകൊണ്ടാണ്.
കുറച്ച് സ്‌ത്രൈണതയുള്ള എല്ലാ നേതാക്കളെയും you are not man enough, നിങ്ങളുടെ ആണത്തം അത്ര പോരാ എന്ന് പറഞ്ഞ് പരിഹസിക്കുന്നതുകൂടി ചേര്‍ന്നതായിരുന്നു സംഘ്പരിവാര്‍ പ്രയോഗിച്ച രാഷ്ട്രീയം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാഹുല്‍ ഗാന്ധി. പപ്പു എന്ന വിളി ചുമ്മാ ഒരാളെ കളിയാക്കി വിളിക്കുന്നതായിട്ടാണോ നിങ്ങള്‍ക്ക് തോന്നുന്നത്? അയാള്‍ ഒരു കഴിവുകെട്ടവനാണെന്നും പരാജയപ്പെട്ട പുരുഷനാണെന്നും തെളിയിക്കുകയാണ് അതിന്റെ ലക്ഷ്യം. ഒരെല്ലു കൂടുതലുള്ള നായകന്മാര്‍ക്ക് കയ്യടിക്കുന്ന ഇന്ത്യയില്‍ അതെളുപ്പവുമാണ്.
ഈ ആണത്ത കാര്‍ഡിനെ എങ്ങനെ പ്രതിരോധിക്കണം എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ ഓഗസ്റ്റില്‍ ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍ ലാലുവിനും ഭാര്യക്കുമൊപ്പം ചമ്പാരന്‍ മട്ടണ്‍ പാകം ചെയ്യുന്ന രാഹുലിന്റെ വീഡിയോ. ഒരു ആല്‍ഫ മെയില്‍ ഫിഗര്‍ നില്‍ക്കുന്നിടത്ത് മികച്ച പ്രതിരോധം കുറച്ചുകൂടി മൃദുവായ ഫെമിനൈന്‍ ആയ ഒരാളാണ്. കഴുകിവച്ച മട്ടണിലേക്ക് നുറുക്കിവച്ച സവാളയും, മസാലക്കൂട്ടുകളും, വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് അടുപ്പില്‍ വെക്കുന്ന രാഹുല്‍ ഗാന്ധി ആണത്ത ആഭരണങ്ങള്‍ വേണ്ടെന്ന് വെയ്ക്കുന്നു.
എപ്പോഴാണ് ഭക്ഷണം പാകം ചെയ്യുന്നത് പഠിച്ചതെന്ന് ലാലുവിനോട് ആശ്ചര്യത്തോടെ ചോദിക്കുന്ന രാഹുലിനെ നിങ്ങള്‍ക്ക് കാണാം. രാഷ്ട്രീയത്തിലെ സീക്രട്ട് മസാല എന്താണെന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ ലാലുവിന് ഒറ്റമറുപടിയേ ഉള്ളു, കഠിനാദ്വാനം. 'ചായ പേ ചര്‍ച്ച' എന്നൊരുപരിപാടി 2014 ലെ തിരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്നു. ഒരു പ്രചരണ തന്ത്രം എന്നതിനപ്പുറം വലിയ ചര്‍ച്ചയൊന്നും ആ ചായക്കടകളില്‍ നടന്നിരുന്നില്ല. ഒരു ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകുന്നു എന്ന യൂണീക് സെല്ലിങ് പോയിന്റ് പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച തന്ത്രം മാത്രമായിരുന്നു അത്. എന്നാല്‍ ഈ അടുക്കളയിലെ ചര്‍ച്ച അങ്ങനെയല്ല.