മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനൊരുങ്ങുമ്പോള്‍ ഏറ്റവും പ്രസക്തമായൊരു ചോദ്യം രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ആന്ധ്രാപ്രദേശിനും ബിഹാറിനും പ്രത്യേക പാക്കേജ് ലഭിക്കുമോ? ഒറ്റയ്ക്കു ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കാതെ കുഴഞ്ഞുനിന്ന മോദിക്കു മുന്നില്‍ എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കാന്‍ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും വച്ച വലിയ ഉപാധിയായിരുന്നു ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പദവിയെന്ന ആവശ്യം.
കേന്ദ്രമന്ത്രി സ്ഥാനത്തിനു മുകളില്‍ പ്രാധാന്യത്തോടയൊണ് ഇരു പാര്‍ട്ടികളും ഈ ആവശ്യം മുന്നോട്ടുവെച്ചത്. പലതവണ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രത്യേക പദവി ആവശ്യത്തില്‍നിന്ന് ഇവര്‍ താത്കാലികമായി പിന്നോട്ടുപോയി. പകരം, പ്രത്യേക പാക്കേജ് എന്നതാണ് പുതിയ നിലപാട്.
വലിയൊരു കുടുക്കില്‍ചെന്നു ചാടിയ അവസ്ഥയിലാണിപ്പോള്‍ ബിജെപി. പ്രത്യേക പാക്കേജ് നല്‍കിയില്ലെങ്കില്‍ ജെഡിയുവും ടിഡിപിയും ചിലപ്പോള്‍ മുന്നണി വിടാനുള്ള കടുത്ത തീരുമാനം വരെ എടുത്തേക്കാം.
1969 ല്‍ അഞ്ചാം ധനകാര്യ കമ്മിഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക വിഭാഗ പദവി നിലവില്‍ വന്നത്. പല ഘടകങ്ങള്‍ കാരണം പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെ മറ്റു വികസിത സംസ്ഥാനങ്ങള്‍ക്ക് തുല്യമായി മാറ്റിയെടുക്കുകയെന്നതാണ് സ്പെഷ്യല്‍ കാറ്റഗറി പദവികൊണ്ട് ഉദ്ദേശിക്കുന്നത്. നിലവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കാണു പ്രത്യേക സംസ്ഥാന പദവി നല്‍കിയിരിക്കുന്നത്. 2014 ല്‍ പ്ലാനിങ് കമ്മിഷന്‍ പിരിച്ചുവിടപ്പെട്ടു. പതിനാലാം ധനകാര്യം കമ്മിഷന്‍ പ്രത്യേക സംസ്ഥാന പദവികളെ വേര്‍തിരിച്ചതുമില്ല. ഇതോടെ, സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കലിനു തിരശീല വീണു.
സാമ്പത്തിക സഹായം ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജുകള്‍ നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി. ഈ പാക്കേജുകള്‍ ധനകാര്യ കമ്മിഷന്‍ അംഗീകരിച്ചാണ് നല്‍കേണ്ടത്. ബിഹാറും ആന്ധ്രയും അടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ക്കു സ്പെഷ്യല്‍ കാറ്റഗറി പാക്കേജ് നല്‍കിയേക്കുമെന്നാണ് സൂചന.
എന്നാല്‍, ചില സംസ്ഥാനങ്ങള്‍ക്കു മാത്രം ഇങ്ങനെ ധനസഹായം നല്‍കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം അടക്കം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടും കേന്ദ്രം നല്‍കിയിട്ടില്ല. മാത്രവുമല്ല, ഇത്തരത്തില്‍ പ്രത്യേക പാക്കേജ് നല്‍കുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കുറയുകയും ചെയ്യും.
മുന്‍കാലങ്ങളിലേതുപോലെ ഫെഡറല്‍ സംവിധാനങ്ങളെ അപ്പാടെ തകിടം മറിച്ചുകൊണ്ടുള്ള തീരുമാനമെടുക്കാന്‍ നിലവില്‍ സര്‍ക്കാരിന് ത്രാണിയില്ല. പ്രതിപക്ഷം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടും. ഇരുതല മൂര്‍ച്ചയുള്ളൊരു വാളാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ തലയ്ക്ക് മീതേ തൂങ്ങിക്കിടക്കുന്നതെന്ന് സാരം.