Commentary

സെൻസസ് നടത്താതെ ജനസംഖ്യാ കണക്കെടുക്കുന്നതിന് പിന്നിൽ ?

സനു ഹദീബ

കഴിഞ്ഞ ദിവസം നടന്ന ഇടക്കാല ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര മന്ത്രി നിർമല സീതാരാമന്റെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്, വേഗത്തിലുള്ള ജനസംഖ്യാ വളർച്ചയും ജനസംഖ്യാപരമായ മാറ്റങ്ങളും മൂലം ഉണ്ടാകുന്ന വെല്ലുവിളികൾ പരിശോധിക്കാൻ ഉന്നതാധികാര സമിതി ഉണ്ടാക്കും എന്നതായിരുന്നു. ഈ വെല്ലുവിളികളെ നേരിടാനുള്ള ശുപാർശകൾ നൽകാൻ സമിതിയെ രൂപപ്പെടുത്തും. ജനസംഖ്യാവളർച്ചയിൽ ഇന്ത്യ ചൈനയെ മറികടന്ന സാഹചര്യം കണക്കിലെടുത്ത് നടത്തിയ വളരെ നിഷ്കളങ്കമായ ഒരു പ്രസ്താവനയായി ഇതിനെ തള്ളിക്കളയാൻ സാധിക്കുമോ ?

എന്തൊക്കെയാണ് നിർമല സീതാരാമന്റെ പ്രസ്താവനയിലെ പ്രശ്നങ്ങൾ ?

അനിശ്ചിതമായി നീട്ടി വെച്ചിട്ടുള്ള സെൻസസിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്നതാണ് ഒന്നാമത്തേത്. 2011 ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടന്നത്. 2020ലും 2021ലും രണ്ട് ഘട്ടങ്ങളിലായി നടക്കേണ്ടിയിരുന്ന സെൻസസ് അനിശ്ചിതകാലമായി നീട്ടി വെച്ചിരിക്കുകയാണ്. ജനസംഖ്യാ കണക്കെടുപ്പും ലോക്സഭാ സീറ്റുകളുടെ മണ്ഡല പുനർ വിഭജനവും 2024 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ നടത്തൂ എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഏത് വർഷം നടക്കുമെന്ന് പറഞ്ഞിട്ടില്ല. സെൻസസിനോടൊപ്പം മണ്ഡല പുനർ നിർണയവും ലോക്സഭ തിരഞ്ഞെടുപ്പിലെ വനിതാസംവരണവുമെല്ലാം അനന്തമായി നീണ്ടുപോവുകയാണ്.

1881 ന് ശേഷം ഒരു ദശാബ്ദം സെൻസസ് നടത്താതെ കടന്ന്പോകുന്നത് ഇപ്പോഴാണ്. ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്രമന്ത്രി പറയുന്ന 'വേഗത്തിലുള്ള ജനസംഖ്യാവളർച്ച' യെ സാധൂകരിക്കാനുള്ള കണക്കുകൾ ലഭ്യമല്ല. ഇന്ത്യ ഇപ്പോൾ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണെന്നുള്ളത് സത്യമാണെങ്കിലും നമ്മുടെ ജനസംഖ്യാ വളർച്ച ആശങ്കപ്പെടാവുന്നത്ര വേഗത്തിലാണോ എന്നത് വ്യക്തമല്ലെന്ന് സാരം.

ഈ സാഹചര്യത്തിൽതന്നെ 2020 ലെ ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) റിപ്പോർട്ട് പറയുന്നത് രാജ്യത്തെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ടിഎഫ്ആർ) രണ്ട് ആയി കുറഞ്ഞു എന്നാണ്. ഏതാനും സംസ്ഥാനങ്ങൾക്ക് മാത്രമാണ് രണ്ടിന് മുകളിൽ ടിഎഫ്ആർ ഉള്ളത്. 1950-ൽ 5.7- ആയിരുന്ന നിരക്ക് ആണ് 2020-ൽ രണ്ട് ആയി കുറഞ്ഞിട്ടുള്ളത്.

ഈ രണ്ട് സാഹചര്യങ്ങളും പരിശോധിക്കുമ്പോൾ കൃത്യമായ കണക്കുകളുടെയും വിവരങ്ങളുടെയും പിന്തുണയില്ലാതെയാണ് കേന്ദ്ര മന്ത്രി പ്രസ്താവന നടത്തിയതെന്ന് പറയേണ്ടി വരും. ഈ വിഷയം പരിശോധിക്കാൻ സുതാര്യവും ഏറ്റവും പുതിയതും കൃത്യവും വ്യക്തവുമായ കണക്കുകൾ രാജ്യത്ത് നിലവിൽ ഇല്ല എന്നതാണ് വാസ്തവം.

ജനസംഖ്യാപരമായ സുരക്ഷാ ആശങ്കകൾ

നേപ്പാൾ, ബംഗ്ലാദേശ് എന്നിവയുമായുള്ള അന്താരാഷ്ട്ര അതിർത്തിയിലെ ജില്ലകളിൽ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി ഉത്തർപ്രദേശിലെയും അസമിലെയും പോലീസ് ഉദ്യോഗസ്ഥർ 2021 ലെ വാർഷിക ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) കോൺഫറൻസിൽ ഒരു ഗവേഷണം അവതരിപ്പിച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിൽ ഉണ്ടാകുന്ന ജനസംഖ്യ വർധനയാണ് പ്രധാന വിഷയമായി ഇവിടെ ഉയർത്തി കാട്ടിയിരുന്നത്. 2011 നും 2021 നും ഇടയിൽ, ബംഗ്ലാദേശ് അതിർത്തിയുടെ 10 കിലോമീറ്ററിനുള്ളിൽ ജനസംഖ്യയിലെ ദശാബ്ദ വളർച്ച 31.45 ശതമാനം ആയിരുന്നു. മസ്ജിദുകളുടെയും സെമിനാരികളുടെയും എണ്ണത്തിലുണ്ടായ വർധനയും ഈ പ്രദേശങ്ങളിലെ ജനസംഖ്യയിലെ ഉയർന്ന ദശാബ്ദ വളർച്ചയും ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്. അതിർത്തി ജില്ലകളിലെ മുസ്‌ലിം ജനസംഖ്യയെക്കുറിച്ചും അന്ന് കണക്കുകൾ വെച്ചിരുന്നു.

എന്താകും പഠന വിഷയം ?

വിഷയത്തെ ക്കുറിച്ച് ഉന്നതാധികാര സമിതി പഠനം നടത്തുകയായെങ്കിൽ തന്നെ പഠനത്തിന്റെ ഫോക്കസ് പോയിന്റ് ഏതായിരിക്കും എന്നതും ചർച്ച ചെയ്യേണ്ടതാണ്. നേരത്തെ പൊതുവേദികളിൽ അടക്കം ജനസംഖ്യാവർധനവ് സംബന്ധിച്ച് പഠനം നടത്തണമെന്ന് ആർഎസ്എസ് നേതാക്കൾ നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് അതിന് പരോക്ഷ സാധുത നൽകുന്ന പ്രഖ്യാപനം ഇടക്കാല ബജറ്റ് സമ്മേളനത്തിൽ ഉണ്ടാകുന്നത്. ജനസംഖ്യ വർധനവിനോടപ്പം ഉണ്ടാകുന്ന തൊഴിൽ ക്ഷാമം, സാമൂഹിക സുരക്ഷ, ദ്രുതഗതിയിലുള്ള നഗരവൽക്കരണവും ജോലിയുടെ യന്ത്രവൽക്കരണവും മൂലം പൗരന്മാർ നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ പ്രശ്നങ്ങളെ സമിതിക്ക് അഭിസംബോധന ചെയ്യാനായാൽ മാത്രമേ നിർണായകമായ രീതിയിൽ ഇടപെടാൻ കമ്മിറ്റിക്കാകുകയുള്ളു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം