വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷപരാമര്‍ശത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നു? കേരളത്തില്‍ എല്‍ ഡി എഫും യുഡിഎഫും അവരുടെ രാജ്യസഭാ സീറ്റുകള്‍ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമായി വിളമ്പിയെന്നാണ് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞദിവസം പറഞ്ഞത്. ഈഴവരുടെ ഊഴം മുസ്ലിങ്ങളും ക്രിസ്ത്യാനികളും തട്ടിയെടുക്കുന്നതായി പറയുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ സത്യമുണ്ടോ? 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരദ്വേന വാഴുന്ന മാതൃക സ്ഥാനമാണി'തെന്ന് പലപ്പോഴായി വെള്ളാപ്പള്ളിയും പറഞ്ഞിട്ടുണ്ടല്ലോ... വാചകങ്ങളിലല്ലാതെ ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തനിക്കു കഴിഞ്ഞിട്ടില്ലെന്ന് ഈ പ്രസ്താവനയ്ക്കപ്പുറം ഇനി എങ്ങനെ വെള്ളാപ്പള്ളി തെളിയിക്കണം?
ഇഴവരുടെ അവസരം കൂടി മുസ്ലിങ്ങളും ക്രിസ്ത്യാനികളും അടിച്ചുമാറ്റുന്നുവെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കണക്കുകളുടെ അടിസ്ഥാനത്തില്‍ ശരിയാണോ? രാജ്യസഭയുടെ കണക്കെടുക്കുന്ന വെള്ളാപ്പള്ളിക്ക് ഇവിടെനിന്നുള്ള ലോക്‌സഭാംഗങ്ങളുടെ കണക്കുകൂടി പരിശോധിക്കാം. ആകെ മൂന്ന് മുസ്ലിങ്ങള്‍ മാത്രമാണ് കേരളത്തില്‍നിന്ന് ലോക്‌സഭയിലേക്ക് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മന്ത്രിസഭയിലോ? 21 മന്ത്രികളുള്ള സംസ്ഥാന മന്ത്രിസഭയില്‍ രണ്ടുപേര്‍ മാത്രമാണ് മുസ്ലിങ്ങള്‍. അതുമാത്രമോ, കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടില്‍ മുസ്ലിങ്ങളുടെ പ്രതിനിധ്യമെന്താണെന്നും പരിശോധിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസമേഖലയിലും തൊഴിലിടത്തും മുസ്ലിം വിഭാഗങ്ങളിലുള്ളവരുടെ പ്രാതിനിധ്യം എങ്ങനെയാണെന്ന് വിശദമായി പഠിച്ച ആധികാരിക രേഖയാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. 2001ലെ സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി ജോലിചെയ്യുന്ന മുസ്ലിങ്ങളുടെ എണ്ണം ഹിന്ദു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. ഹിന്ദു വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ ആകെ 35.3 ശതമാനം പ്രതിനിധ്യമുണ്ട്. ഉയര്‍ന്ന ജാതി, ഒ ബി സി, എസ് സി, എസ് ടി എന്നിങ്ങനെ വ്യത്യസ്തമായി പരിഗണിച്ചാലും ഓരോ വിഭാഗത്തിനും 30 ശതമാനത്തിനു മുകളില്‍ പ്രതിനിധ്യമുണ്ട്. എന്നാല്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് 23.7 ശതമാനം മാത്രമാണ് പ്രാതിനിധ്യം. സ്വകാര്യമേഖലയിലും ഇതുതന്നെയാണ് അവസ്ഥ.
ഇതുകൂടുതല്‍ വ്യക്തമായി വ്യത്യസ്ത സര്‍ക്കാര്‍ വകുപ്പുകളില്‍ വലുതും ചെറുതുമായ ചുമതലകള്‍ വഹിക്കുന്നവരില്‍ മുസ്ലിങ്ങള്‍ക്കുള്ള പ്രാതിനിധ്യം എന്താണെന്നും സച്ചാര്‍ കമ്മറ്റി പരിശോധിക്കുന്നുണ്ട്. 2001ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 24.3 ശതമാനമാണ് മുസ്ലിങ്ങള്‍. ഒരു സര്‍ക്കാര്‍ വകുപ്പിലും 13 ശതമാനത്തിലധികം മുസ്ലിങ്ങള്‍ക്കു പ്രതിനിധ്യമില്ല. ഈ വസ്തുതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ തങ്ങളുടെ എല്ലാ അവസരങ്ങളും മുസ്ലിങ്ങള്‍ തട്ടിക്കൊണ്ടുപോയി എന്ന വെള്ളാപ്പള്ളിയുടെ പരാതിയിലും വിഷമത്തിലും കാര്യമുണ്ടോ?
വെള്ളാപ്പള്ളി ഈ പറഞ്ഞുകൊണ്ടിരിക്കുന്ന അതേ നിലപാടിന്റെയും പ്രചാരണത്തിന്റെയും ഭാഗമായാണ് ബിഡിജെഎസ് എന്ന പാര്‍ട്ടിയുമുണ്ടായത്. അന്ന് വെള്ളാപ്പള്ളി എല്ലാ ചാനലിനുകളിലും ചെന്നിരുന്ന് ആവര്‍ത്തിച്ച് പറഞ്ഞ കാര്യമാണ് ഇനി ഈഴവ സമൂഹം ഇടത്തോട്ടോ വലത്തോട്ടോ അല്ല നേരെയാണ് പോവുകയെന്ന്. ഒന്നാലോചിച്ചു നോക്കിയാല്‍ നമുക്ക് എളുപ്പം ഓര്‍ത്തെടുക്കാവുന്നതാണ് ബിഡിജെഎസ് എന്ന പാര്‍ട്ടിയുടെ ജനനം. കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ വെള്ളാപ്പള്ളി നടേശന്‍, നേരത്തെ പറഞ്ഞ, വലത്തോട്ടോ ഇടത്തോട്ടോ ഇല്ല നേരെ പോകും എന്ന മുദ്രാവാക്യം ഉയര്‍ത്തി സമത്വ മുന്നേറ്റ യാത്ര നടത്തി. എസ്എന്‍ഡിപി യോഗത്തിന്റേതാണ് യാത്ര. യാത്ര തിരുവനന്തപുരം ശംഖുമുഖത്തെത്തുന്നു. പുതിയ പാര്‍ട്ടി അവിടെ പ്രഖ്യാപിക്കപ്പെടുമെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വേദിയില്‍ വെള്ളാപ്പള്ളി സംസാരിക്കാന്‍ എഴുന്നേറ്റുനിന്നു. പാര്‍ട്ടിയുടെ പേരാണ് ആദ്യം പ്രഖ്യാപിച്ചത്. ഭാരതീയ ധര്‍മ ജനസേന. ആളുകള്‍ ആരവം മുഴക്കി. ശേഷം വെള്ളാപ്പള്ളി തങ്ങളുടെ പാര്‍ട്ടിയുടെ കൊടി വീശിക്കാണിച്ചു. ബിഡിജെഎസിനു ബിജെപിയോടൊപ്പം പോകാന്‍ അധികം സമയമൊന്നും ആവശ്യമില്ലായിരുന്നു. അവര്‍ ഇടത്തോട്ടും വലത്തോട്ടുമല്ലാത്ത തങ്ങളുടെ നേരെയുള്ള വഴി അപ്പോള്‍ തന്നെ കണ്ടെത്തി.
ആ പ്രസംഗത്തില്‍ മുഴുവന്‍ 'നമ്മുടെ പാര്‍ട്ടി' എന്നാണ് വെള്ളാപ്പള്ളി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. പിന്നീട് സൗകര്യപൂര്‍വം തനിക്ക് ആ പാര്‍ട്ടിയുമായി ബന്ധമൊന്നുമില്ലെന്നും പറഞ്ഞു. അത്തരമൊരകലം ബിഡിജെഎസുമായി പാലിച്ചാല്‍ മാത്രമേ തനിക്ക് മറ്റു പാര്‍ട്ടികളോടും വിലപേശാനും സമ്മര്‍ദ്ദമുണ്ടാക്കാനും സാധിക്കൂയെന്ന ധാരണ വെള്ളാപ്പള്ളിക്കുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയില്‍ തന്റെ മകന്‍ തന്നെ നേതൃത്വം നല്‍കുന്ന ബി ഡി ജെ എസ് എന്ന സംഘടനയിലൂടെ ഈഴവരെ സംഘപരിവാര്‍ പാളയത്തിലെത്തിക്കുകയെന്ന ദൗത്യത്തില്‍ പരോക്ഷ പിന്തുണയും വെള്ളാപ്പള്ളി നല്‍കിപ്പോന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഈഴവ വോട്ടുകള്‍ കൂടുതലായി കിട്ടിയെന്നും ഒരു സീറ്റ് ജയിക്കാന്‍ സാധിച്ചു എന്നുമുള്ള സാഹചര്യത്തില്‍, ഒരനുകൂല സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതങ്ങ് പുഷ്ടിപ്പെടട്ടെ എന്നല്ലാതെ മറ്റെന്താണ് വെള്ളാപ്പള്ളി ചിന്തിക്കേണ്ടത്. തങ്ങള്‍ക്ക് ഇനിയൊരു ശുക്രന്‍ തെളിയുന്നുണ്ടെങ്കില്‍ അത് ഈ വഴിക്കായിരിക്കുമെന്ന ബോധോദയമൊക്കെ വെള്ളാപ്പള്ളിക്ക് എന്നേ വന്നിട്ടുള്ളതാണ്.