Commentary

കെജ്‌രിവാളിന് മുന്നിൽ നിരന്തരം 'തോൽക്കുന്ന' മോദി

പോരാടി തിരിച്ചുവന്ന നേതാവിന്റെ പരിവേഷം കൂടി ചേരുന്നതോടെ ബിജെപിക്ക് കെജ്‌രിവാളിനെപ്പോലൊരു തലവേദന ഈ തിരഞ്ഞെടുപ്പുകാലത്തുണ്ടാകാനില്ല

ജിഷ്ണു രവീന്ദ്രൻ

'ഞാന്‍ പെട്ടന്ന് വരുമെന്ന് പറഞ്ഞില്ലേ..? ഇതാ വന്നു.' ജാമ്യം ലഭിച്ച് തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ അരവിന്ദ് കെജ്‌രിവാൾ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചുതുടങ്ങിയത് ഇങ്ങനെയാണ്. ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ച് കെജ്‌രിവാൾ പെട്ടന്ന് പുറത്തുവരികയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

തിരഞ്ഞെടുപ്പ് സമയത്ത് ആ സംഘടനയുടെ ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമായ കാര്യമാണത്. കെജ്‌രിവാളില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ട പാര്‍ട്ടിയെഎന്ന നിലയില്‍ അയാള്‍ പുറത്തില്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ ആ പാര്‍ട്ടി നേരിടേണ്ടി വരുമായിരുന്നു. ഈ തിരിച്ചുവരവ് ആംആദ്മിക്ക് ആവേശം പകരുന്നു എന്നതിനൊപ്പം ബിജെപിക്ക് വലിയ നഷ്ടങ്ങളുമുണ്ടാക്കുമെന്ന് ഉറപ്പാണ്.

എന്തുകൊണ്ട് കെജ്‌രിവാളിന്റെ തിരിച്ചുവരവില്‍ ബിജെപി ഭയപ്പെടണം?

ഇതു തന്നെയാണ് കാരണം. ഭാരത് മാതാ കി ജയ് എന്നുവിളിക്കുന്ന കെജ്‌രിവാള്‍ അതുകഴിഞ്ഞ് ഇന്‍ക്യുലാബ് സിന്ദാബാദ് എന്നാണ് വിളിക്കുന്നത്. അതുകഴിഞ്ഞ് വീണ്ടും വന്ദേമാതരം വിളിക്കുന്നു. ഇതാണ് ബിജെപിയെ ഭയപ്പെടുത്തുന്നത്. കോണ്‍ഗ്രസിനെയോ തൃണമൂലിനെയോ മറ്റേതെങ്കിലും പാര്‍ട്ടിയെയോ ഭയപ്പെടുന്നതിനേക്കാള്‍ ബിജെപി കെജ്‌രിവാളിനെയും ആം ആദ്മിയെയും ഭയപ്പെടുന്നതിനു കാരണം, ഈ നേതാവും പാര്‍ട്ടിയും ബിജെപിയുടെ ഹിന്ദുത്വ വോട്ട് ബാങ്കില്‍ വിള്ളല്‍ ഉണ്ടാക്കുമെന്ന ഭീതിയാണ്.

അങ്ങനെ വിള്ളലുണ്ടാക്കാന്‍ ആം ആദ്മിക്ക് നേരത്തെയും സാധിക്കില്ലായിരുന്നോ എന്ന് ചോദിച്ചാല്‍; ജയിലില്‍ പോകുന്നതിന് മുമ്പുവരെ പത്തുവര്‍ഷമായി ഡല്‍ഹി ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാന നേതാവ് മാത്രമായി ചുരുങ്ങിയിരുന്നു കെജ്‌രിവാള്‍. എന്നാല്‍ മാര്‍ച്ച് 21ന് കെജ്‌രിവാള്‍ അറസ്റ്റിലായതോടെ കാര്യങ്ങള്‍ മാറി. കഴിഞ്ഞ 50 ദിവസങ്ങള്‍ ജയിലില്‍ കഴിഞ്ഞശേഷമാണ് ഇപ്പോള്‍ കെജ്‌രിവാള്‍ പുറത്തുവരുന്നത്. നിയമപോരാട്ടത്തിനൊടുവില്‍ പുറത്തേക്കുവരുന്ന നായകന്റെ പരിവേഷമാണ് കെജ്‌രിവാളിന്. ആം ആദ്മി പ്രവര്‍ത്തകരെല്ലാം ആവേശത്തിലാണ്.

അതിന്റെ കൊടുമുടിയാണ് ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പൊതുയോഗത്തില്‍ കണ്ടത്. ബിജെപിയെ അതിനുള്ളില്‍നിന്ന് തന്നെ പ്രതിസന്ധിയിലാക്കുകയെന്ന ഉദ്ദേശ്യം മാത്രമേ അരവിന്ദ് കെജ്‌രിവാളിന്റെ ഇന്നത്തെ പ്രസംഗത്തിനുള്ളൂ. വസുന്ധര രാജ സിന്ധ്യയുടെയും ശിവരാജ് സിങ് ചൗഹാന്റെയും രമണ്‍ സിങ്ങിന്റെയും രാഷ്ട്രീയജീവിതം ഇല്ലാതാക്കിയത് യോഗിക്കുവേണ്ടിയായിരുന്നുവെന്ന് പറയുന്നത് തന്നെ ബിജെപിയെ പ്രതിസന്ധിയിലാക്കാനാണ്. 75 വയസ് കഴിഞ്ഞാല്‍ മത്സരിക്കാന്‍ പാടില്ലെന്ന് പറഞ്ഞാണ് അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ഒതുക്കിയത്. അങ്ങനെയാണെങ്കില്‍ ഇത്തവണ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാരാണെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ ചോദിക്കുന്നത്. അമിത് ഷായ്ക്കുവേണ്ടിയാണ് മോദി വോട്ട് ചോദിക്കുന്നതെന്നും കെജ്‌രിവാള്‍ പറയുന്നു. ബിജെപിക്ക് മറുപടി പറയാതിരിക്കാന്‍ സാധിക്കാത്ത തരം പ്രശ്‌നങ്ങള്‍ നിരന്തരം സൃഷ്ടിക്കുന്നതില്‍ കെജ്‌രിവാളിന്റെ മിടുക്ക് അപാരമാണ്.

മേയ് 25ന് ആറാം ഘട്ടത്തിലാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് പതിനഞ്ച് ദിവസം മുമ്പ് തന്നെ കെജ്‌രിവാള്‍ ഗ്രൗണ്ടില്‍ ഇറങ്ങിക്കഴിഞ്ഞു. ആദ്യം സന്ദര്‍ശിച്ചത് ഹനുമാന്‍ ക്ഷേത്രമാണ്. ജയിലില്‍ നിന്നിറങ്ങിയപ്പോള്‍, ആദ്യം കെജ്‌രിവാള്‍ നന്ദി പറഞ്ഞത് ഹനുമാന്‍ സ്വാമിക്കാണ്. ഹനുമാന്‍ ക്ഷേത്രത്തില്‍ പോകുമ്പോള്‍ നിങ്ങളും കൂടെ വേണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. അവിടെയാണ് ബിജെപി ഭയപ്പെടുന്നത്. രണ്ട് കാര്യങ്ങളാണ് ബിജെപിക്ക് തലവേദനയുണ്ടാക്കുന്നത്. ഒന്ന് ബിജെപി തന്നെ കെജ്‌രിവാളിന് ഉണ്ടാക്കിക്കൊടുത്ത താരപരിവേഷം. രണ്ട് അദ്ദേഹം തിരിച്ചുവരുന്നത് ബിജെപിയെ നിരന്തരം ബുദ്ധിമുട്ടിലാക്കിയ സവിശേഷമായൊരു ഹിന്ദുത്വ കാര്‍ഡുമായാണ്.

അരവിന്ദ് കെജ്‌രിവാളിന്റെ പത്രസമ്മേളനങ്ങളില്‍ അദ്ദേഹത്തിന്റെ പിന്നില്‍ അംബേദ്കറിന്റെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങള്‍ നമ്മള്‍ എപ്പോഴും കാണാറുണ്ട്. ഈ രണ്ടു ചിത്രങ്ങളും ഒരുമിച്ചുവെയ്ക്കുന്നതാണ് കെജ്‌രിവാളിന്റെ കൗശലം. അത് ആരെക്കാളും നന്നായി ബിജെപിക്ക് അറിയാവുന്നതാണ്. നരേന്ദ്രമോദിയും ബിജെപിയും എങ്ങനെയാണോ ജനങ്ങള്‍ക്കിടയില്‍ ഇമേജ് ഉണ്ടാക്കിയെടുത്തത് അതിനെ അതേ നാണയത്തില്‍ തിരിച്ചടിക്കുക എന്നതാണ് കെജ്‌രിവാളിന്റെ നയം. ഒരു പടികൂടിക്കടന്ന് ഒരു പുരോഗമന ചേരുവ കൂടി ഇതിനൊപ്പം ചേര്‍ക്കാന്‍ കെജ്‌രിവാള്‍ ശ്രദ്ധിച്ചിരുന്നു.

നരേന്ദ്രമോദി രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് പറയുമ്പോള്‍ താന്‍ ഡെല്‍ഹിക്കാരുടെ മകനാണെന്ന് കെജ്‌രിവാള്‍ തിരിച്ചു പറയും. 'ആപ് കാ ഭേട്ടാ' എന്നാണ് പൊതുയോഗങ്ങളില്‍ കെജ്‌രിവാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. നരേന്ദ്രമോദി ഹനുമാന് ആരതിയുഴിഞ്ഞാല്‍ കെജ്‌രിവാള്‍ ഹനുമാന്‍ ചാലിസ ചൊല്ലും. ഹനുമാന്‍ ജയന്തിയില്‍ ഡല്‍ഹിയില്‍ മുഴുവന്‍ രാമായണത്തിലെ സുന്ദരകാണ്ഡം മുഴങ്ങണം എന്ന് പറഞ്ഞ നേതാവുകൂടിയാണ് അരവിന്ദ് കെജ്‌രിവാള്‍.

ആ ഹനുമാനില്‍ നിന്നാണ് കെജ്‌രിവാള്‍ അംബേദ്കറിലേക്ക് വരുന്നത്. അയാള്‍ക്ക് അത് അനായാസം ചെയ്യാന്‍ കഴിയുന്നതാണെന്നതാണ് വാസ്തവം. 'ബാബ സാഹിബ് തേര സപ്ന അധൂരാ കെജ്‌രിവാള്‍ കരേഗാ പൂരാ' എന്നാണ് കെജ്‌രിവാള്‍ എല്ലായിടത്തും പ്രസംഗിച്ചത്. ഒരേസമയം ഹനുമാന്‍ ചാലിസ ചൊല്ലാനും അംബേദ്കറിന്റെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ ജീവിതകാലം മുഴുവന്‍ പരിശ്രമിക്കുമെന്നു പറയാനും കെജ്‌രിവാളിന് സാധിക്കും. ഇതാണ് ബിജെപിയെ ഭയപ്പെടുത്തുന്നത്.

ഇങ്ങനെ ചെയ്യുന്നതിലൂടെ, കോണ്‍ഗ്രസ് എത്ര ശ്രമിച്ചിട്ടും തകര്‍ക്കാന്‍ സാധിക്കാത്ത ബിജെപിയുടെ മധ്യവര്‍ഗ വോട്ട് ബാങ്കാണ് കെജ്‌രിവാള്‍ പെട്ടിയിലാക്കിയത്. കറന്‍സിയില്‍ ലക്ഷ്മിയുടെയും ഗണപതിയുടെയും ഫോട്ടോ വയ്ക്കണം എന്ന് പറഞ്ഞ കെജ്‌രിവാളിനെ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. അത് സമര്‍ഥിക്കാന്‍ മുമ്പ് ആര്‍എസ്എസ് സര്‍ക്കിളില്‍ പ്രചരിച്ച, മുസ്ലിം രാജ്യമായിട്ടും നോട്ടില്‍ ഗണപതിയുടെ ചിത്രം വച്ച ഇന്തോനേഷ്യയുടെ കഥയും കെജ്‌രിവാള്‍ പറഞ്ഞു. ബിജെപിക്ക് കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയായിരുന്നു. അതിബുദ്ധിമാനായ രാഷ്ട്രീയക്കാരനാണ് കെജ്‌രിവാള്‍ എന്ന് നമുക്ക് മനസിലാകുന്നത് അവിടെയാണ്.

നരേന്ദ്രമോദി വികസനം പറഞ്ഞാല്‍ കെജ്‌രിവാള്‍ ഗ്യാസ് സബ്‌സിഡിയെ കുറിച്ചും സൗജന്യ വൈദ്യുതിയെക്കുറിച്ചും പറയും. മോദി രാമനെക്കുറിച്ച് പറഞ്ഞാല്‍ കെജ്‌രിവാള്‍ ഹനുമാന്‍ ചാലിസ ചൊല്ലും. ഇതിനിടെ അയാള്‍ അംബേദ്കറിനെക്കുറിച്ചും ഭഗത് സിങ്ങിനെക്കുറിച്ചു പറയും. ജയിലില്‍ കിടന്ന് പോരാടി തിരിച്ചുവന്ന നേതാവിന്റെ പരിവേഷം കൂടി ചേരുന്നതോടെ ബിജെപിക്ക് ഇതുപോലൊരു തലവേദന ഈ തിരഞ്ഞെടുപ്പുകാലത്തുണ്ടാകാനില്ല.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം