Commentary

സിപിഎമ്മിനെ വിറപ്പിക്കുന്ന കേഡികളാണോ കൊടിസുനിയും കിർമാണി മനോജും?

പിണറായി വിജയനില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള സിപിഎമ്മിന്റെ അധികാരകേന്ദ്രം ഈ പ്രതികളെ സംരക്ഷിക്കാനും പുറത്തിറക്കാനും ശ്രമിക്കുന്നത് എന്തിനുവേണ്ടിയാണ്?

ജിഷ്ണു രവീന്ദ്രൻ

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം സിപിഎമ്മിന്റെ കഴുത്തിനു മുകളില്‍ ഓങ്ങിയ വാളായി തന്നെ തുടരുകയാണ്. പലപ്പോഴായി ശ്രമിച്ചെങ്കിലും ഒരിക്കലും അതിന്റെ നിഴലില്‍ നിന്ന് രക്ഷപെടാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല എന്നതാണ് സത്യം. ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശ്രമം നടക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതും അതിനെ പിണറായി സര്‍ക്കാര്‍ നേരിട്ടതും ഇതിന്റെ പുതിയ ഉദാഹരണമാണ്. പിണറായി വിജയനില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള സിപിഎമ്മിന്റെ അധികാരകേന്ദ്രം ഈ പ്രതികളെ സംരക്ഷിക്കാനും പുറത്തിറക്കാനും ശ്രമിക്കുന്നത് എന്തിനുവേണ്ടിയാണ്? എന്തു രഹസ്യമാണ് അവരിലുള്ളത്.

ടിപിയെ കൊലപ്പെടുത്തിയ ക്രിമിനലുകളെ പുറത്തുവിടാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ കെ കെ രമ ശ്രമിക്കുന്നു. എന്നാല്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ അവതരണാനുമതി നിഷേധിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അത്തരത്തില്‍ ഒരു നീക്കമില്ലെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. മുഖ്യമന്ത്രിക്ക് ടിപിയുടെ പേര് പോലും ഉച്ഛരിക്കാന്‍ വയ്യാത്തതുകൊണ്ട് സ്പീക്കര്‍ ആ പണി ഏറ്റെടുത്തുവെന്നാണ് അരിയാഹാരം കഴിക്കുന്നവര്‍ മനസ്സിലാക്കിയത്.

മൂര്‍ത്തിയേക്കാളും വലിയ ശാന്തിയുള്ള കാലമായതുകൊണ്ട് പ്രതിരോധിക്കാന്‍ ആളുകള്‍ സ്ഥാനമാനങ്ങള്‍ മറന്നും അണിനിരക്കും. കെ കെ രമ നല്‍കിയ അടിയന്തരപ്രമേയനോട്ടീസിന് എ എന്‍ ഷംസീര്‍ മറുപടി പറയുന്നത് അങ്ങനെയാണ്. സര്‍ക്കാര്‍ ഫയലുകള്‍ ഉദ്ദരിച്ചുകൊണ്ട് മറുപടി പറയാന്‍ യാതൊരു അധികാരവുമില്ലാത്ത സ്പീക്കര്‍ തന്റെ പദവിയും സഭയില്‍ പാലിക്കേണ്ട കാര്യങ്ങളും മറന്ന് ഒരു സര്‍ക്കാര്‍ പ്രതിനിധിമാത്രമായി ചുരുങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.

ടിപി കേസ് കേരളത്തിലെ മറ്റേത് രാഷ്ട്രീയ കൊലപാതകത്തിനുമപ്പുറം പ്രത്യേകമായി പരിഗണിക്കുന്നതിന് ഈ കാലയളവില്‍ കേസില്‍ സിപിഎം നടത്തിയ ഇടപെടലുകള്‍ തന്നെയാണ് കാരണം. കൊലപാതക വാര്‍ത്ത പുറത്ത് വന്നപ്പോള്‍ പിണറായി വിജയന്റെ ഒരു പ്രതികരണം പുറത്തുവന്നിരുന്നു. ഇന്നും ആളുകള്‍ ആവര്‍ത്തിച്ച് പറയുകയും ഓര്‍മപ്പെടുത്തുകയും ചെയ്യുന്നതാണത്. കൊലപാതക വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടല്‍ തോന്നിയോ എന്നാണ് കൊലപാതകം നടന്നതിന്റെ പിറ്റേദിവസം ഡെല്‍ഹിയിലുണ്ടായിരുന്ന പിണറായി വിജയനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഞെട്ടലൊന്നുമില്ലെന്ന് പിണറായി ചിരിച്ചുകൊണ്ട് പറഞ്ഞു. അങ്ങനെ ഞെട്ടിക്കാന്‍ മാത്രമുള്ള വര്‍ത്തയൊന്നുമല്ല അത് എന്ന മട്ടിലായിരുന്നു പിണറായിയുടെ ആദ്യ പ്രതികരണം.

2009ലാണ് വടകര ലോക്‌സഭാ സീറ്റ് പി സതീദേവിയില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിടിച്ചെടുക്കുന്നത് അത്തവണ ടിപിയും മത്സരിച്ചിരുന്നു. ടിപി ഇല്ലാതാകുന്നതോടെ ആര്‍എംപിയും ടിപി ചന്ദ്രശേഖരനുമുയര്‍ത്തിയ രാഷ്ട്രീയം വടകരയില്‍ ഇല്ലാതാകുമെന്ന് കരുതിയ സി പി എമ്മിന് തെറ്റി. 2014ല്‍ ഷംസീറിനെയും 2019ല്‍ പി ജയരാജനെയും കളത്തിലിറക്കിയിട്ടും ഒന്നും ചെയ്യാന്‍ സിപിഎമ്മിന് സാധിച്ചില്ല.

ടിപി കേസ് കാരണമുണ്ടായത് പോലൊരു നഷ്ടം മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയിലും പാര്‍ട്ടിക്കുണ്ടായിട്ടില്ല.

ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വരുന്നത് കേരളം ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന സമയത്താണ്. നീതിന്യായ വ്യവസ്ഥിതിയിലുള്ള തന്റെ വിശ്വാസത്തെ കുറിച്ച് കെ കെ രമ വീണ്ടും ഓര്‍മിപ്പിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാതൃക പെരുമാറ്റച്ചട്ടം പിന്‍വലിച്ചതോടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് ടി പി കേസിലെ നാലാം പ്രതിയായ ടി കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത്ത് എന്നിവ്വരുടെ ശിക്ഷ ഇളവ് ചെയ്യുന്നതിന് വേണ്ടി പോലീസിന്റെ റിപ്പോര്‍ട്ട് തേടിക്കൊണ്ട് കത്തയച്ചത്. ഈ കത്ത് പുറത്ത് വന്ന സാഹചര്യത്തില്‍ അതൊരു സ്വാഭാവിക നടപടിയാണെന്ന് ന്യായീകരിച്ച സിപിഎമ്മിന്റെ പ്രമുഖ ചാനല്‍ മുഖങ്ങളുമുണ്ട്. ഹൈക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച ആളുകളെയാണ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ക്ക് അറിയാഞ്ഞിട്ടൊന്നുമല്ല. ഇനിയിപ്പോൾ ശിക്ഷ കുറയ്ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തെ ധീരമായാവതരിപ്പിച്ചുകൊണ്ടും ഈ ന്യായീകരണക്കാര്‍ പ്രത്യക്ഷപ്പെടും.

പിണറായി വിജയനില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള സിപിഎമ്മിന്റെ അധികാരകേന്ദ്രം അവരുടെ നിലനില്‍പ്പ് തന്നെ പണയം വച്ച് ഈ പ്രതികളെ സംരക്ഷിക്കാനും പുറത്തിറക്കാനും ശ്രമിക്കുന്നത് എന്തിനുവേണ്ടിയാണ്? കേരളത്തിന്റെ മുഖ്യമന്ത്രിയെ തന്നെ വിറപ്പിക്കുന്ന കേഡികളാണോ കൊടിസുനിയും കിര്‍മാണി മനോജും? എങ്ങനെയാണ് ഒരുപറ്റം ഗുണ്ടകളെ പേടിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് കേരളാ മുഖ്യമന്ത്രിയും സിപിഎമ്മും എത്തിയത്? മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന ഏത് വിവരമാണ് ഈ ഗുണ്ടകളുടെ പക്കലുള്ളത്? ഇന്ദ്രനെയും ചന്ദ്രനെയും പിടിക്കാത്ത മുഖ്യമന്ത്രി പക്ഷെ ശിക്ഷായിളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ മറുപടി നല്‍കേണ്ട സമയത്ത് കൃത്യമായി കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്കു പോയി. ന്യായീകരിച്ച് കുഴഞ്ഞപ്പോള്‍ സ്പീക്കര്‍ എ എന്‍ ഷംസീറും ചെയറില്‍ നിന്ന് എണീറ്റ് രക്ഷപ്പെട്ടു. അതൊരു രക്ഷപ്പെടലല്ലെന്ന് അവര്‍ക്ക് ഇനിയും മനസിലായില്ലേ?

സിപിഎമ്മിനോ പിണറായി വിജയനോ ടിപി കേസില്‍ നിന്ന് ഒരുകാലത്തും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. അതിനവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്തോറും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയും അതില്‍ നിന്നൂരിപ്പോകാന്‍ സാധിക്കാത്ത വിധത്തില്‍ സിപിഎം പ്രതിസന്ധിയിലാവുകയും ചെയ്യുമെന്നതാണ് കഴിഞ്ഞ 13 വര്‍ഷത്തെ ചരിത്രം സൂചിപ്പിക്കുന്നത്. അതവിടെ ഇരിക്കട്ടെ, എന്നാലും എന്തിനായിരിക്കും പിണറായി വിജയന്‍ ഈ ഗുണ്ടകളെ പേടിക്കുന്നത്? അവരുടെ പക്കലുള്ള രഹസ്യമെന്തായിരിക്കും? ടിപി കൊലപാതാകത്തെ സംബന്ധിച്ച് ജനങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞ് അകപ്പെട്ട കുരുക്കില്‍നിന്ന് ഒഴിവാകുന്നതിന് തടസ്സമാകുന്നത് ഈ കൊടുംക്രിമിനലുകള്‍ ഉള്ളിലൊതുക്കിയിട്ടുള്ള രഹസ്യമാണോ? സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഓരോ പ്രവര്‍ത്തിയും കാണുമ്പോള്‍ അതാണ് തോന്നുന്നത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം