Commentary

സിപിഎമ്മിന്റെ 'സാമൂഹ്യനീതി'യിൽ ദളിത് മന്ത്രിക്ക് പട്ടികജാതിക്ഷേമം മാത്രമോ?

ജിഷ്ണു രവീന്ദ്രൻ

രണ്ടാം പിണറായി മന്ത്രിസഭയില്‍ വീണ്ടുമൊരു അഴിച്ചുപണി അനിവാര്യമായിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ വിജയിച്ചതോടെ സര്‍ക്കാരിലെ ഏക ദളിത് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന്‍ രാജിവച്ചതാണ് പുനഃസംഘടനയ്ക്ക് അടിസ്ഥാനം. കെ രാധാകൃഷ്ണന് പകരം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള എല്‍ഡിഎഫിന്റെ ഏക എംഎല്‍എ ഒ ആര്‍ കേളുവിനാണ് മന്ത്രിസഭയില്‍ ഇടം നല്‍കുന്നത്.

ഒരു പട്ടികജാതി മന്ത്രി സ്ഥാനമൊഴിയുമ്പോള്‍ പകരം പട്ടിക വര്‍ഗ്ഗത്തില്‍ നിന്ന് തന്നെ മറ്റൊരു മന്ത്രിയെ അവതരിപ്പിക്കുന്നത് നല്ല കാര്യം തന്നെ. എന്നാല്‍, ബാക്കിയാകുന്ന ഒരു പ്രശ്‌നം വകുപ്പ് വിഭജനത്തിലാണ്. ഒ ആര്‍ കേളുവിനെ മന്ത്രിയാക്കി അവതരിപ്പിക്കുമ്പോള്‍ കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മൂന്ന് മറ്റ് മന്ത്രിമാര്‍ക്കായി വിഭജിച്ച് നല്‍കുകയാണ് ചെയ്തത്. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം മാത്രമാണ് ഒ ആര്‍ കേളുവിന് നല്‍കിയിരിക്കുന്ന വകുപ്പ്. ഇവിടെ ഉയരുന്ന ചോദ്യം പ്രസക്തമാണ്, മറ്റുവകുപ്പുകളൊന്നും കൈകാര്യം ചെയ്യാനുള്ള ശേഷി ഒ ആര്‍ കേളുവിനില്ലേ?

ആദ്യമായി എംഎല്‍എ ആവുകയും മന്ത്രിസ്ഥാനം ലഭിക്കുകയും ചെയ്തപ്പോള്‍ രണ്ട് വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള, പാര്‍ട്ടിയുടെ കണ്ണില്‍ പ്രതിഭാധനരായ ആളുകളും സര്‍ക്കാരിന്റെ ഭാഗമായി തന്നെയുണ്ടെന്നിരിക്കെയാണ് ചോദ്യം കൂടുതല്‍ പ്രസക്തമാകുന്നത്.

2021ൽ രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിൽ വരുമ്പോൾ കെ രാധാകൃഷ്ണനെ സിപിഎം പ്രൊഫൈലുകൾ ആഘോഷമാക്കിയ ഒരു കാര്യമുണ്ട്. അത് കെ രാധാകൃഷ്ണൻ ദേവസ്വം വകുപ്പുകൂടി കൈകാര്യം ചെയ്യുന്നു എന്നതായിരുന്നു. സവർണ്ണ അധികാരസ്ഥാനങ്ങളായി നിലനിൽക്കുന്ന ദേവസ്വം ബോർഡുകളെ നിയന്ത്രിക്കുന്ന മന്ത്രിയായി ഒരു ദളിതൻ വരുന്നു എന്ന വലിയ ആഘോഷമായിരുന്നു അന്ന് നടന്നത്. ആ ആഘോഷക്കമ്മറ്റി ഇപ്പോൾ എവിടെയാണ്?

കെ രാധാകൃഷ്ണനെ പോലെ ദേവസ്വം കൈകാര്യം ചെയ്യാനുള്ള ശേഷി ഒ ആർ കേളുവിനില്ല എന്നാണോ സിപിഎം കരുതുന്നത്? ഒരു ദളിതൻ ക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിക്കുന്ന സ്ഥാനത്തേക്ക് വരുന്നു എന്ന തത്വം ഇപ്പോൾ ഇല്ലാതായോ? ദേവസ്വം ബോർഡുകളിൽ സവർണർക്ക് പത്ത് ശതമാനം സംവരണം നൽകിയ സർക്കാരാണ് കെ രാധാകൃഷ്‌ണനെ ആഘോഷിച്ചുകൊണ്ടിരുന്നത് എന്ന വിരോധാഭാസം അവിടെ നിലനിൽക്കുമ്പോൾ തന്നെ അവർ ഊറ്റംകൊണ്ട ആശയാദർശങ്ങളെല്ലാം അവർ ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നുണ്ടോ എന്ന ചോദ്യം അതുപോലെ നിലനിൽക്കുന്നു.

കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പും പാർലമെന്ററികാര്യ വകുപ്പും പട്ടികേതര ജാതിയിൽപ്പെട്ട വ്യക്തികൾക്ക് മാറ്റിക്കൊടുക്കുന്നതിന് പിണറായി വിജയനും പാർട്ടിക്കും മുകളിൽ സമ്മർദമുണ്ടായിരുന്നോ? രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ സിപിഎം മുസ്ലിം പ്രീണനം നടത്തിയെന്ന വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷപ്രസംഗത്തിൽ ഇതുവരെ പിണറായി വിജയനോ സി പി എമ്മോ ഒരു മറുപടി പോലും പറഞ്ഞിട്ടില്ല എന്ന കാര്യം നമ്മൾ ഓർക്കേണ്ടതുണ്ട്. വെള്ളാപ്പള്ളിയെ സമാധാനിപ്പിക്കാനാണോ വാസവന് ദേവസ്വം വകുപ്പ് നൽകിയത് എന്ന ചോദ്യം ചെറിയ ചോദ്യമൊന്നുമല്ല.

2011ലെ സെൻസസ് പ്രകാരം കേരളത്തിൽ ആകെ 30 ലക്ഷത്തിലധികം ദളിതരുണ്ട്. അതായത് ആകെ ജനസംഖ്യയുടെ 9.1 ശതമാനം. 21 അംഗ കേരള മന്ത്രിസഭയിൽ ആകെ ഒരു ദളിത് മന്ത്രിയാണുള്ളത്. എന്നുവച്ചാൽ ദളിത് പ്രാതിനിധ്യം 4.7 ശതമാനം മാത്രമാണ്. ഇനി മുസ്ലിങ്ങളുടെ പ്രാതിനിധ്യം കൂടി നോക്കാം. 2011ലെ കണക്കനുസരിച്ച് കേരളത്തിൽ 88 ലക്ഷത്തിലധികം മുസ്ലിങ്ങളുണ്ട്. എന്നു വച്ചാൽ ഏകദേശം 27 ശതമാനം. കേരള മന്ത്രിസഭയിൽ ആകെ രണ്ട് മുസ്ലിങ്ങൾ മാത്രമാണുള്ളത്. അപ്പോൾ മന്ത്രിസഭയിലെ മുസ്ലിങ്ങളുടെ പ്രാതിനിധ്യം 9.5 ശതമാനം മാത്രമാണെന്ന് ചുരുക്കം. സംവരണ തത്വങ്ങളെ കുറിച്ചും സാമൂഹിക നീതിയെ കുറിച്ചും വിതരണനീതിയെ കുറിച്ചും ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ മനസിലാക്കൽ ഇതാണെങ്കിൽ ദയവുചെയ്ത് ദളിത് മന്ത്രി എന്നൊക്കെയുള്ള ആഘോഷവുമായി ഇനിയും ഇറങ്ങരുത്. സിപിഎമ്മിനെ കൂടി കക്ഷി ചേർത്ത് വെള്ളാപ്പള്ളി നടത്തിയ വിദ്വേഷപ്രസ്താവനയ്ക്ക് മറുപടി നൽകാൻ പോലും ശേഷിയില്ലാത്ത ഒരു സർക്കാരിന്റെ ഇച്ഛാശക്തിയെ കുറിച്ചൊന്നും ഇനിയും ഓൺലൈൻ പോരാളികൾ പാടിപ്പുകഴ്ത്താൻ നിൽക്കരുത്.

സംഭവം ചർച്ചയായ സാഹചര്യത്തിൽ ഒ ആർ കേളുവിനെ കൊണ്ട് തന്നെ പാർട്ടി പറയിപ്പിക്കുന്ന ഒരു വിശദീകരണവും കേട്ടു. മന്ത്രിസഭയിലെ പുതുമുഖമായതിനാലാണ് ഒരു വകുപ്പ് മാത്രം നൽകിയത് എന്നാണ് ആ വിശദീകരണം. എന്നാൽ കെ രാധാകൃഷ്ണന്റെ പാർലമെന്ററി വകുപ്പ് കൊടുത്ത, ഇപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പും എക്‌സൈസ് വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി എം ബി രാജേഷ് ആദ്യമായി മന്ത്രിയായത് ഇത്തവണയാണ്. ദേവസ്വം വകുപ്പ് നൽകിയ വി എൻ വാസവനോ? അദ്ദേഹവും ഈ മന്ത്രിസഭയിലെ പുതുമുഖം തന്നെയാണ്. മേല്പറഞ്ഞ പുതുമുഖങ്ങൾക്ക് മൂന്നു വകുപ്പുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്നും, ആ ശേഷി ഒ ആർ കേളുവിനില്ലെന്നും പാർട്ടി അളന്നത് ഏത് അളവുകോലുവെച്ചാണ്?

പട്ടിക വർഗ്ഗത്തിൽ നിന്നുള്ള മന്ത്രിക്ക് പട്ടികജാതി പട്ടിക വർഗ്ഗക്ഷേമ വകുപ്പ് മാത്രം നൽകുകയും അതിനെതിരെ ചോദ്യങ്ങളുയരുമ്പോൾ മുട്ടാപ്പോക്ക് ന്യായം പറയുകയും ചെയ്യുന്നത് ജാതീയതയല്ലാതെ മറ്റെന്താണ്? തൊലിപ്പുറത്തുള്ള ജാതിവിരുദ്ധത എത്രകാലം കൊണ്ട് നടന്നിട്ടും കാര്യമില്ല, യാഥാർഥ്യം പുറത്തുവരും. അതിന് വ്യത്യസ്ത ന്യായീകരണങ്ങൾ ചമയ്ക്കാമെന്നുമാത്രം.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്