നരേന്ദ്രമോദി തൃശ്ശൂരില്‍ വന്ന് പോയി. തൃശ്ശൂര്‍ സുരേഷ് ഗോപിയ്ക്ക് എടുക്കാന്‍ പാകത്തില്‍ ചെറുതായോ എന്നതൊക്കെ ഇനിയും കണ്ടറിയേണ്ടതാണ്. എന്തായാലും മോദിയുടെ മോദി വാഴ്ത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ താരമായത് ശോഭനയാണ്. സിനിമാ താരം ശോഭന. നമ്മുടെ പ്രിയപ്പെട്ട നടി, നര്‍ത്തകി.
ശോഭന ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തുവെന്ന് മാത്രമല്ല, മോദിയെക്കുറിച്ച് നല്ല വാക്ക് പറയുകയും ചെയ്തു. ഏത് ശോഭന..? അതെ കേരളീയത്തിന് മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്ത ശോഭന. അതേ ശോഭന. ഇതുവരെ രാഷ്ട്രീയമൊന്നും പറഞ്ഞുകണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ശോഭന. ഇതൊക്കെ കണ്ടിട്ട് ആകെ കണ്‍ഫ്യൂഷനായിരിക്കുന്നത് ഇടതു പ്രൊഫൈലുകള്‍ക്കാണ്. അവരുടെ അത്ര രാഷ്ട്രീയ ആശങ്ക എന്തായാലും കോണ്‍ഗ്രസുകാര്‍ക്കില്ലല്ലോ. അവര്‍ മോദിയുടെ വേദി ചാണകം തെളിച്ച് ശുദ്ധമാക്കാനുള്ള തിരക്കിലാണ്. ശുദ്ധി ആണ് അവര്‍ക്ക് പ്രധാനം. രാഷ്ട്രീയം പിന്നെ.
ശോഭനയെ വേദിയില്‍ കണ്ടപ്പോള്‍ തന്നെ, നാഗവല്ലിയുടെ അഭിനയം അത്ര പോരെന്ന് പോലും ചില ഇടതു ഭക്തര്‍ പറഞ്ഞു. സംഘി ചാപ്പക്കുത്തലിന് പക്ഷെ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കുറച്ചു ശമനമുണ്ടാട്ടുയിണ്ട്. ശോഭന ആര് വിളിച്ചാലും പോകും. അവര്‍ക്ക് സൗകര്യമുളളത് പറയും. ഇതിലൊക്കെ എന്ത് എന്ന നിസ്സംഗത ചിലര്‍ക്ക്, മറ്റു ചിലര്‍ അവരുടെ നികുതി കണക്ക് ഐടി അധികൃതര്‍ തേടി വരാതിരിക്കാനുള്ള ഒരു ഉപായം മാത്രമാണ് മോദി വാഴ്‌ത്തെന്ന കണ്ടത്തലിലാണ് അഭയം കണ്ടെത്തിയത്.
എന്നാല്‍ ശോഭനയെ ഇത്ര പെട്ടെന്ന് സംഘി പാളയത്തിലെത്തിക്കണോ എന്ന ചോദ്യം ചിലര്‍ ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അത് പറഞ്ഞതോടെ അതാണ് ക്യാപ്‌സൂള്‍ എന്ന മട്ടില്‍ സിദ്ധാന്തം പറഞ്ഞു തുടങ്ങിയിട്ടുണ്ട് കൂറെ ആളുകള്‍. മറ്റ് പണ്ഡിതരാവട്ടെ ഈ നൃത്ത പരിപാടിയുമായി നടക്കുന്നവര്‍ക്ക് രാഷ്ട്രീയമേ അറിയില്ലെന്ന് കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.
ഏതായാലും ശോഭനയാണ് താരം. മോദി വന്നു പോയി. നല്ല ആള്‍ക്കൂട്ടവും വന്നു. ഇനി തൃശ്ശൂരില്‍ കാവി കലരുമോ? അതിനെന്താണ് പ്രതിവിധി? എന്ന രാഷ്ട്രീയ ചോദ്യം സ്വയം ചോദിക്കാനോ അതിന് മറുമരുന്ന് തേടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ ആരെങ്കിലും തയ്യാറായതായി അറിയില്ല. അതൊക്കെ മിനക്കേടാണെന്നത് കൊണ്ടാണോ എന്നറിയില്ല, ശോഭനയില്‍ ചുറ്റിപറ്റി, കുറച്ച് ദിവസത്തെ സാമൂഹ്യ ജീവിതം ജീവിച്ചുതീര്‍ക്കുകയാണ് സൈബര്‍ മേഖലയിലെ മഹാജ്ഞാനികള്‍.