Kalakkaattu 2023

മറവിയുടെ തിരശ്ശീലക്കപ്പുറത്തെ മോഹന്‍ ലോറന്‍സ് സൈമണ്‍; കേള്‍ക്കുന്നുണ്ടോ ഈ വാക്കുകള്‍?

രവി മേനോന്‍

തൃശൂരിൽ നടന്ന 1978 ലെ സംസ്ഥാന കലോത്സവത്തിൽ  പെൺകുട്ടികളുടെ ലളിതഗാനവിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയ തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ പത്താം ക്ലാസുകാരിയെ നമുക്കറിയാം: കെ എസ് ചിത്ര. തെന്നിന്ത്യയുടെ പ്രിയപ്പെട്ട വാനമ്പാടി.

അതേ കലോത്സവത്തിലെ  ആൺകുട്ടികളുടെ വിഭാഗം ജേതാവിന്റെ കാര്യമോ ? ലളിതഗാന മത്സരവേദിയിലെ  നിറഞ്ഞ സദസ്സിനെ മധുരോദാരമായി പാടി കയ്യിലെടുത്ത ശേഷം മറവിയുടെ തിരശ്ശീലക്കപ്പുറത്ത് മറയുകയായിരുന്നു മോഹൻ ലോറൻസ് സൈമൺ എന്ന ആ കൗമാരപ്രതിഭ. പിന്നീടൊരിക്കലും കേട്ടിട്ടില്ല മോഹനെപ്പറ്റി; മോഹനിലെ പാട്ടുകാരനെ പറ്റി.  

കലോത്സവ സ്മരണകളിൽ നിറഞ്ഞു നിൽക്കുന്ന മുഖവും നാദവുമാണ് മോഹന്റേത്. 1977 ലെ കോഴിക്കോട് ജില്ലാ യുവജനോത്സവത്തിൽ പങ്കെടുത്ത ഞങ്ങളുടെ സ്കൂൾ ടീമിലെ സ്റ്റാർ പെർഫോമർ

പക്ഷേ എനിക്കെങ്ങനെ മറക്കാനാകും ആ ഗായകനെ?

കലോത്സവ സ്മരണകളിൽ നിറഞ്ഞു നിൽക്കുന്ന മുഖവും നാദവുമാണ് മോഹന്റേത്. 1977 ലെ കോഴിക്കോട് ജില്ലാ യുവജനോത്സവത്തിൽ പങ്കെടുത്ത ഞങ്ങളുടെ സ്കൂൾ ടീമിലെ സ്റ്റാർ പെർഫോമർ. കഥാരചനയായിരുന്നു എന്റെ തട്ടകം;  മോഹന്റേത് ലളിതഗാനവും. വയനാട്ടിലെ ചുണ്ടേൽ ആർ സി ഹൈസ്കൂൾ  എന്ന ഞങ്ങളുടെ പാവം വിദ്യാലയത്തിന്റെ ഖ്യാതി ആദ്യമായി കലോത്സവ വേദികളിൽ മുഴങ്ങിയത് മോഹന്റെ പാട്ടിലൂടെയാവണം. 

''ഓടക്കുഴലേ  ഓടക്കുഴലേ'' എന്ന ഗാനം പാടി പെൺകുട്ടികളുടെ വിഭാഗത്തിൽ ജയിച്ച ചിത്ര സംഗീത ലോകത്ത് പ്രശസ്തിയുടെ പടവുകൾ കയറിപ്പോയപ്പോൾ ഞങ്ങളുടെ മോഹൻ എന്ന താരകം സംഗീതചക്രവാളത്തിൽ നിന്നേ മാഞ്ഞു. പിന്നീടൊരിക്കലും ചർച്ച ചെയ്യപ്പെട്ടില്ല സംഗീത ലോകത്ത് ആ പേര്

മീനങ്ങാടിയിലായിരുന്നു ആ വർഷത്തെ ജില്ലാ കലോത്സവം (അന്ന്  യുവജനോത്സവം). വയനാട് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന കാലമാണ്. സ്വാഭാവികമായും പോരാട്ടം  കനക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ ജോർജ്ജ് സാറിനൊപ്പം മീനങ്ങാടിയിൽ ചെന്ന ഞങ്ങൾ പിള്ളേർക്ക് താമസിക്കാൻ ഇടം കിട്ടിയത് പള്ളിപ്പരിസരത്തുള്ള ഒരു കൊച്ചു മുറിയിൽ. മോഹനും എനിക്കും പുറമെ കഥാപ്രസംഗക്കാരൻ സുബ്രഹ്മണ്യനും പ്രാസംഗികരും പദ്യപാരായനക്കാരുമുണ്ട് മുറിയിൽ. സ്വതവേ മിതഭാഷിയും ലജ്ജാശീലനുമായ മോഹൻ, നേർത്ത വിഷാദസ്പർശമുള്ള ശബ്ദത്തിൽ അന്ന് രാത്രി ഞങ്ങൾക്ക് വേണ്ടി പാടിയ ഭാവഗീതങ്ങൾ എത്രയെത്ര.

പിറ്റേന്ന്  മത്സരവേദിയിൽ ഒരു സൂപ്പർ ഹിറ്റ് സിനിമാ ഗാനമാണ് മോഹൻ പാടിയത്: ''അഭിമാനം''എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതി എ ടി ഉമ്മർ ഈണമിട്ട് യേശുദാസ് പാടിയ ``പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം.'' സിനിമാപാട്ടുകൾ കലോത്സവ വേദിയിൽ നിന്ന് പടിയിറക്കപ്പെട്ടിരുന്നില്ല അന്ന്.  ഗാനത്തിന്റെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ട് മോഹൻ പാടിയപ്പോൾ, മുന്നിലിരുന്ന് കണ്ണു തുടച്ച ഒരു ടീച്ചറുടെ ചിത്രം എങ്ങനെ മറക്കും?  സദസ്സ് പൂർണ്ണ നിശ്ശബ്ദതയിലായിരുന്നു അപ്പോൾ. കാതുകളിൽ ഇന്നും അലയടിക്കുന്നു ആ  മൗനം.  

സിനിമാപാട്ടുകൾ കലോത്സവ വേദിയിൽ നിന്ന് പടിയിറക്കപ്പെട്ടിരുന്നില്ല അന്ന്.  ഗാനത്തിന്റെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ട് മോഹൻ പാടി

കഥാരചയിൽ (അടിയന്തരാവസ്ഥക്കാലമായതിനാൽ ഇരുപതിന പരിപാടിയായിരുന്നു വിഷയം)  രണ്ടാം സ്ഥാനം നേടിയ ഞാൻ പിന്നീട്  സപര്യ തുടർന്നില്ലെന്നത് ആ ശാഖയുടെ ഭാഗ്യം. പക്ഷേ മോഹൻ ജൈത്രയാത്ര തുടങ്ങിയിരുന്നതേയുള്ളൂ.  മാസങ്ങൾക്കകം എറണാകുളത്ത് അരങ്ങേറിയ  സംസ്ഥാന കലോത്സവത്തിൽ ''അഭിമാന''ത്തിലെ പാട്ട് കൂടുതൽ ഭാവദീപ്തമായാണ് മോഹൻ പാടിയതെന്ന് ടീമിനെ അനുഗമിച്ച ജോസ് സാർ (ഞങ്ങളുടെ സാമൂഹ്യപാഠം അധ്യാപകൻ) ഓർക്കുന്നു. സദസ്സ് ഒന്നടങ്കം  എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ്  മോഹന്റെ ആലാപനത്തെ വരവേറ്റത്. 

പക്ഷേ ആന്റി ക്ലൈമാക്സ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മത്സരഫലം വന്നപ്പോൾ ചിത്രത്തിലെങ്ങുമില്ല മോഹൻ ലോറൻസ് സൈമൺ. അയോഗ്യത കല്പിക്കപ്പെട്ടതാണ് കാരണം.  ലളിതഗാന വേദിയിൽ ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചുകൂടാ എന്ന നിയമം  നിലവിൽ വന്നത് അറിയാതെ പോയത് മോഹന്റെ കുറ്റമോ? അതോ അതറിയിക്കാത്ത സംഘാടകരുടെയോ? 

അടുത്ത വർഷം ഞങ്ങളുടെ വയനാടൻ സ്‌കൂളിനോട് വിടവാങ്ങി എറണാകുളത്തെ സെന്റ് ആൽബർട്ട്സ് സ്കൂളിൽ ചേരുന്നു മോഹൻ. പഴയ സതീർഥ്യന്റെ പിന്നീടുള്ള  ഉയർച്ച ഞങ്ങളറിഞ്ഞത് പത്രവാർത്തകളിലൂടെ. തൃശൂരിൽ നടന്ന അടുത്ത യുവജനോത്സവത്തിൽ ശക്തമായ വെല്ലുവിളി അതിജീവിച്ച് ഒന്നാം സ്ഥാനത്തെത്തിയ മോഹനിൽ മികച്ച ഭാവിയുള്ള ഒരു പിന്നണിഗായകനെ കണ്ടു പല മാധ്യമങ്ങളും. യേശുദാസിനും ജയചന്ദ്രനും ഒരു പിൻഗാമി. 

എന്നാൽ നടന്നത് മറിച്ചാണ്. ''ഓടക്കുഴലേ  ഓടക്കുഴലേ'' എന്ന ഗാനം പാടി പെൺകുട്ടികളുടെ വിഭാഗത്തിൽ ജയിച്ച ചിത്ര സംഗീത ലോകത്ത് പ്രശസ്തിയുടെ പടവുകൾ കയറിപ്പോയപ്പോൾ ഞങ്ങളുടെ മോഹൻ എന്ന താരകം സംഗീതചക്രവാളത്തിൽ നിന്നേ മാഞ്ഞു. പിന്നീടൊരിക്കലും ചർച്ച ചെയ്യപ്പെട്ടില്ല സംഗീത ലോകത്ത് ആ പേര്. ഓരോ കലോത്സവവും കടന്നു വരുമ്പോൾ പ്രതീക്ഷയോടെ മോഹനെ തിരഞ്ഞുപോയ ജോസ് സാറിന് പോലും നിരാശയായിരുന്നു ഫലം. ''എന്നെങ്കിലും മോഹനെ കണ്ടെത്താൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. എന്തുകൊണ്ട് സംഗീതത്തിൽ തുടർന്നില്ല എന്ന് ചോദിച്ചറിയണം അപ്പോൾ.''-- ജോസ് സാർ പറയും. 

ഉദ്യോഗാർത്ഥം കേരളം വിട്ട് ഗൾഫിൽ ചേക്കേറിയെന്നാണ് മോഹൻ ലോറൻസ് സൈമണെ കുറിച്ച് ജോസ്  സാറിന് ലഭിച്ച വിവരം. പല വഴിക്കും അന്വേഷിച്ചെങ്കിലും മോഹനെ കുറിച്ച്  മറ്റൊരു വിവരവും ലഭിച്ചില്ലെന്നത് സാറിന്റെ സ്വകാര്യ ദുഃഖം. ``അത്രയും മനോഹരമായി പാടിയിരുന്ന ഒരാൾക്ക് സംഗീതത്തോട് പൂർണ്ണമായി വിടപറയാൻ ആവില്ലെന്ന് എന്റെ മനസ്സ് പറയുന്നു. എറണാകുളത്തെ വേദിയിൽ അയാൾ പാടിയ പാട്ട് ഇപ്പോഴും എന്റെ കാതിലും മനസ്സിലും  ഉള്ളതുകൊണ്ടുള്ള പ്രശ്നമാണ്. ചില ഓർമ്മകൾ നമ്മെ വിട്ടൊഴിയില്ലല്ലോ...''

എങ്ങോയിരുന്ന്  മോഹൻ ലോറൻസ് സൈമൺ കേൾക്കുന്നുണ്ടാകുമോ ഈ വാക്കുകൾ? 

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും