സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തില്‍ മുസ്ലീം സമുദായത്തെ അവഹേളിക്കുന്ന രീതിയില്‍ ദൃശ്യാവിഷ്‌കാരം നടത്തിയെന്ന വിവാദം പുകയുന്നു. സ്വാഗത ഗാനത്തിനെതിരെ മുസ്ലീം ലീഗും ഇതര മുസ്ലീം സംഘടനകളും രംഗത്തെത്തി. കവി പി കെ ഗോപിയുടെ വരികളെ ആസ്പദമാക്കി പേരാമ്പ്ര മാതാ കലാവേദിയാണ് ദൃശ്യാവിഷ്‌കാരം നടത്തിയത്. ഇന്ത്യന്‍ സേന ഭീകരവാദിയെ കീഴടക്കുന്നതായി കാണിക്കുന്ന ഭാഗത്ത് പരമ്പരാഗത അറബി തലപ്പാവ് ധരിച്ച മുസ്ലീം മതസ്ഥനെന്ന് തോന്നിക്കുന്ന ആളെ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് ആധാരം. ഇസ്ലാം മത വിശ്വാസികളെ അവഹേളിക്കുന്ന തരത്തിലാണ് ഗാന ചിത്രീകരണമെന്നും സംഘപരിവാറുമായി ബന്ധമുള്ളവരാണ് ദൃശ്യാവിഷ്‌കാരം നടത്തിയതെന്നുമാണ് വിവിധ മുസ്ലീം സംഘടനകളുടെ ആരോപണം.
പേരാമ്പ്ര മാതാ കലാവേദിയുടെ പ്രവര്‍ത്തകനായ സതീഷ് ബാബുവാണ് ദൃശ്യാവിഷ്‌കാരത്തിന് നേതൃത്വം വഹിച്ചത്. സതീഷ് ബാബുവിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലെല്ലാം സംഘപരിവാര്‍ അനുകൂല പോസ്റ്റുകളാണ് ഉളളത്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് മുസ്ലീം സംഘടനകളുടെ പ്രതിഷേധം. ഉത്തരവാദിത്വപ്പെട്ട മന്ത്രിമാര്‍ക്ക് മുന്നിലാണ് ഇത്തരമൊരു ദൃശ്യാവിഷ്‌കാരം നടന്നതെന്നും കേവലം യാദൃശ്ചികമായി സംഭവത്തെ കാണാനാകില്ലെന്നും കെപിഎ മജീദ് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള നീക്കമാണെന്നും കെപിഎ മജീദ് കുറ്റപ്പെടുത്തി.
ഇളം തലമുറകളുടെ മനസ്സിലേക്ക് പോലും ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന ഈ ചിത്രീകരണം നടക്കുമ്പോള്‍ സംഘാടകരോട് തിരിഞ്ഞുനിന്ന് ചോദിക്കാന്‍ ആരുമുണ്ടായില്ലെന്നായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ പി കെ അബ്ദു റബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്. ഓങ്ങി നില്‍ക്കുന്ന മഴുവിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടിക്കൊടുക്കണ്ട! മുഖ്യമന്ത്രി പറഞ്ഞതെത്ര കൃത്യം. 'അതായത് കോയാ...നിങ്ങള്‍ അങ്ങോട്ട് പോണ്ടാ, ഓരെ ഞമ്മള് ഇങ്ങോട്ട് കൊണ്ടു വരും, എന്താല്ലേ! -അബ്ദു റബ്ബ് കുറിച്ചു.
ഇസ്ലാം എന്നാല്‍ ഭീകരവാദമെന്ന സംഘപരിവാര്‍ പ്രചാരണത്തിന് ആക്കം കൂട്ടുന്നതും പൊതുബോധ നിര്‍മിതിക്ക് സഹായകരവുമാണ് ഈ ദൃശ്യാവിഷ്‌കാരമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പ്രതികരിച്ചു. ദൃശ്യാവിഷ്‌കാരത്തിന് അനുമതി നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ന്യൂനപക്ഷ സമ്മേളന വേദിയില്‍ ചെന്ന് ഓങ്ങി നില്‍ക്കുന്ന മഴുവിന് താഴെ കഴുത്ത് നീട്ടികൊടുക്കരുതെന്ന് ഉപദേശിക്കുന്ന മുഖ്യമന്ത്രി സംഘപരിവാറിന്റെ മഴുവിന് മൂര്‍ച്ച കൂട്ടികൊടുക്കുന്ന സമീപനം കലോത്സവ വേദിയില്‍ ഉണ്ടായതിനെകുറിച്ച് അഭിപ്രായം പറയാന്‍ തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. വിവിധ മുസ്ലീം ഗ്രൂപ്പുകളിലും സ്വാഗത ഗാന ചിത്രീകരണ വിവാദം സജീവ ചര്‍ച്ചയായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംഭവത്തെകുറിച്ച് പ്രതികരിക്കാന്‍ മാതാ കലാവേദി തയ്യാറായില്ല. സംഘാടകരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബുവും കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ അടക്കമുള്ള ജനപ്രതിനിധികളും റിഹേഴ്‌സല്‍ കണ്ടതിന് ശേഷമാണ് ദൃശ്യാവിഷ്‌കാരം ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടത്. ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയതിന് മാതാ പേരാമ്പ്രയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ചടങ്ങില്‍ ഉപഹാരവും നല്‍കിയിരുന്നു.
വിവാദം അനാവശ്യമാണെന്നും ഒന്നാം വേദി ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ളതിനായതിനാൽ കാർഗിൽ യുദ്ധവുമായി ബന്ധപ്പെടുത്തി ദൃശ്യാവിഷ്കാരം ഒരുക്കുകയായിരുന്നെന്നും മാതാ കലാവേദി ഡയറക്ടർ
അതേസമയം, വിവാദം അനാവശ്യമാണെന്നും ഒന്നാം വേദി ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ളതിനായതിനാൽ കാർഗിൽ യുദ്ധവുമായി ബന്ധപ്പെടുത്തി ദൃശ്യാവിഷ്കാരം ഒരുക്കുകയായിരുന്നെന്നും മാതാ കലാവേദി ഡയറക്ടർ കനക ദാസ് ദ ഫോർത്തിനോട് പറഞ്ഞു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും റിഹേഴ്സൽ കണ്ടതാണെന്നും അന്ന് ഒന്നും പറയാതിരുന്ന കാര്യം പരിപാടി അവതരിപ്പിക്കപ്പെട്ട് ഒരു ദിവസത്തിനുശേഷം ഉണ്ടായത് സംശയാസ്പദമാണെന്നും കനകദാസ് വ്യക്തമാക്കി. എന്നാല്‍, സംഘാടകര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.