സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനം കഴിഞ്ഞപ്പോള്‍ പോയിന്റ് പട്ടികയില്‍ കോഴിക്കോട് മുന്നില്‍. ഫലം പ്രഖ്യാപിച്ച 56 ഇനങ്ങളില്‍ നിന്നായി 202 പോയിന്റുകളാണ് കോഴിക്കോട് സ്വന്തമാക്കിയത്. 43 മത്സരങ്ങളില്‍ ഗ്രേഡ് പോയിന്റുകള്‍ ഉറപ്പിച്ചാണ് നിലവിലെ ജേതാക്കളായ കോഴിക്കോടിന്റെ കുതിപ്പ്. 200 പോയിന്റുകള്‍ വീതമുള്ള തൃശൂരും കണ്ണൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആതിഥേയരായ കൊല്ലം 189 പോയിന്റോടെ ആറാം സ്ഥാനത്താണ്.
സ്‌കൂളുകളുടെ പോയിന്റ് നിലയില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്. 41 പോയിന്റോടെയാണ് ബിഎസ്എസ് ഗുരുകുലം മുന്നിലെത്തിയത്.
പത്തനംതിട്ട വിജിവിഎച്ച്എസ്എസ് ആണ് 33 പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ളത്. 31 പോയിന്റ് നേടിയ തിരുവനന്തപുരം കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് തൊട്ടുപിന്നില്‍.
മോഹിനിയാട്ടം (എച്ച്എസ്എസ്), ഒപ്പന (എച്ച്എസ്), നാടകം, ദഫ്മുട്ട് (എച്ച്എസ്എസ്),തുള്ളല്‍ (എച്ച്എസ്), കുച്ചിപ്പുടി, മാര്‍ഗം കളി തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന ഇനങ്ങള്‍. രചനാ മത്സരങ്ങളും വാദ്യോപകരണ മത്സരങ്ങളും വിവിധ വേദികളിലായി നടക്കും. ഇരുപത്തിനാല് വേദികളിലും രാവിലെ ഒന്‍പതരയോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുക.