K Fest 2024

ആദ്യ കലോത്സവത്തിലെ മാന്ത്രിക വിരലുകൾ

രവി മേനോന്‍

മുന്നിലിരുന്നു സംസാരിക്കുന്ന പ്രസന്നവദനനായ എണ്‍പത്തിയൊന്നുകാരനിൽ ഒരു സ്കൂൾ കുട്ടിയെ തിരയുകയായിരുന്നു ഞാൻ; ഇത്തിരിപ്പോന്ന വിരലുകളാൽ മൃദംഗത്തിൽ താളവിസ്മയം തീർക്കുന്ന നിഷ്കളങ്കനായ ഒരു പതിനാലുകാരനെ.

ചില്ലറക്കാരനല്ല ആ "കുഞ്ഞു"വിരലുകളുടെ ഉടമ. ആറര പതിറ്റാണ്ടിനിടക്ക് ഇന്ത്യയിലും വിദേശത്തുമുള്ള എണ്ണമറ്റ വേദികളിൽ അതിപ്രഗത്ഭരായ എത്രയോ സംഗീതകാരന്മാർക്ക് അകമ്പടി സേവിച്ചിരിക്കുന്നു അദ്ദേഹം. കെ എസ് നാരായണസ്വാമി, ഡോ എസ് രാമനാഥൻ, കെ ജെ യേശുദാസ്, ചാലക്കുടി എൻ എസ് നാരായണസ്വാമി, ടി വി ശങ്കരനാരായണൻ, നെയ്യാറ്റിൻകര വാസുദേവൻ, പി ലീല, മാതംഗി സത്യമൂർത്തി, ഡോ കെ ഓമനക്കുട്ടി, പാലാ സി കെ രാമചന്ദ്രൻ, ശ്രീവത്സൻ ജെ മേനോൻ...

അതൊരു കാലം. അപൂർവമായേ ഇപ്പോൾ മൃദംഗവുമായി സല്ലപിക്കാറുള്ളൂ ചേർത്തല എ കെ രാമചന്ദ്രന്റെ വിരലുകൾ. പ്രിയപത്നിയുടെ അപ്രതീക്ഷിത വിയോഗമേൽപ്പിച്ച ആഘാതം, രാമചന്ദ്രനെ കൊണ്ടെത്തിച്ചത് ഏകാന്തതയുടേയും ആത്മീയതയുടേയും വഴിയിൽ. എങ്കിലും ആയുഷ്കാലം മുഴുവൻ ഹൃദയത്തോട് ചേർന്നുനിന്നു സ്പന്ദിച്ച മൃദംഗത്തെ രാമചന്ദ്രൻ എങ്ങനെ മറക്കാൻ? തന്നെ താനാക്കി മാറ്റിയ വാദ്യമല്ലേ?.

1957-ൽ എറണാകുളം ഗേൾസ് ഹൈസ്കൂൾ ആതിഥ്യമരുളിയ ആദ്യത്തെ കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നിന്ന് തുടങ്ങുന്നു രാമചന്ദ്രന്റെ സംഗീത ജൈത്രയാത്ര. അവിടെ മൃദംഗത്തിൽ ഒന്നാം സ്ഥാനം നേടിയത് രാമചന്ദ്രൻ. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് കഷ്ടിച്ച് ഒരു വർഷമേ ആയിരുന്നുള്ളൂ അപ്പോൾ. ഐക്യ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പതിനൊന്നു പേരോട് മത്സരിച്ചാണ് ചേർത്തല ഗവ ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന രാമചന്ദ്രൻ ഒന്നാമതെത്തിയത്. ആദ്യ യുവജനോത്സവത്തിൽ ആകെയുണ്ടായിരുന്നത്‌ 22 മത്സര ഇനങ്ങൾ. പങ്കെടുത്തത് മുന്നൂറോളം പേർ.

1958 ൽ അരങ്ങേറിയ രണ്ടാമത്തെ സംസ്ഥാന യുവജനോത്സവത്തിൽ രാമചന്ദ്രന്റെ പിൻഗാമിയായി മൃദംഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഇരിഞ്ഞാലക്കുട നാഷണൽ സ്കൂൾ വിദ്യാർഥിയെ നാമറിയും: ഭാവഗായകൻ പി ജയചന്ദ്രൻ. അതേ കലോത്സവത്തിൽ വായ്പ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയത് സാക്ഷാൽ യേശുദാസും.

കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിലും വിജയഗാഥ തുടർന്നു രാമചന്ദ്രൻ. 1961 മുതൽ തുടർച്ചയായി മൂന്ന് വർഷം ഒന്നാം സ്ഥാനം. അഖിലേന്ത്യാ അന്തർ സർവകലാശാലാ മത്സരങ്ങളിലും വിജയം ആവർത്തിച്ചു കഥാപുരുഷൻ. ചാച്ചാ നെഹ്‌റുവിനെയും ഡോ എസ് രാധാകൃഷ്ണനെയുമൊക്കെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു.

ആറര പതിറ്റാണ്ട് പിന്നിടുന്നു രാമചന്ദ്രന്റെ സംഗീത സപര്യ. ഇതിനിടെ 1993 ൽ യേശുദാസിനൊപ്പം വിദേശ രാജ്യങ്ങളിൽ കച്ചേരികൾ അവതരിപ്പിച്ചു. തിരുവയ്യാറിലെ ത്യാഗരാജാരാധനയിൽ ഗാനഗന്ധർവനെ അനുഗമിച്ചത് മറ്റൊരു മറക്കാനാവാത്ത അനുഭവം. 2009 ൽ ആകാശവാണി ടോപ് ഗ്രേഡ് ആർട്ടിസ്റ്റ്. 2003 ൽ കേരള സംഗീത നാടക അക്കാദമി അവാർഡ്.... അംഗീകാരങ്ങൾ നീളുന്നു.

മൃദംഗതാളമാണ് രാമചന്ദ്രകുടുംബത്തിന്റെ "ആധാരശ്രുതി" പോലും. അങ്ങനെയല്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ? വിവാഹം കഴിച്ചത് മൃദംഗ ചക്രവർത്തി മാവേലിക്കര കൃഷ്ണൻ കുട്ടി നായരുടെ മകൾ രാധയെ. മക്കളായ മാവേലിക്കര ആർ രാജേഷും ആർ രാജീവും ആകാശവാണിയിലെ എ ഗ്രേഡ് മൃദംഗം ആർട്ടിസ്റ്റുകൾ. രാജേഷിന്റെ പത്നി മഞ്ജുള തിരുവനന്തപുരം ആകാശവാണി ഉദ്യോഗസ്ഥ; നല്ലൊരു വയലിനിസ്റ്റും. പേരക്കുട്ടി അപർണ്ണ വളർന്നുവരുന്ന സംഗീതജ്ഞ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജർ ആയി വിരമിച്ച രാമചന്ദ്രൻ ഇപ്പോൾ തൈക്കാട് താമസിക്കുന്നു. തിരുവനന്തപുരത്തും ഗുരുവായൂരുമായാണ് ജീവിതം.

സംഗീത പ്രേമിയും ഗുരുവായൂർ മുൻ എം എൽ എയുമായ കെ വി അബ്ദുൾഖാദറാണ് രാമചന്ദ്രനെ പരിചയപ്പെടുത്തിയത്. പ്രായത്തെ വെല്ലുന്ന ഉത്സാഹത്തോടെ, പ്രസാദാത്മകതയോടെ, വിനയത്തോടെ മുന്നിൽ വന്നിരുന്ന് സംസാരിച്ച മനുഷ്യനിൽ നിന്ന് നമുക്കൊക്കെ പലതും പഠിക്കാനുണ്ടെന്ന് തോന്നി. യാത്ര പറയാൻ രാമചന്ദ്രൻ വിടർന്ന ചിരിയോടെ കൈനീട്ടിയപ്പോൾ വീണ്ടും ആ വിരലുകളിൽ കണ്ണുടക്കി. ദൈവസ്പർശമേറ്റ വിരലുകൾ. അവയിലെ ഇന്ദ്രജാലദ്യുതി ഒരിക്കലും അണയാതിരിക്കട്ടെ...

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം