ഏകീകൃത സിവില്‍ കോഡ് ബില്ലിന് ഉത്തരാഖണ്ഡ് നിയമസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ച, ലിവ് ഇന്‍ റിലേഷനിലെ വ്യവസ്ഥകള്‍ തുടങ്ങിയവയായിരുന്നു ബില്ലില്‍ പ്രധാനമായും അവതരിപ്പിച്ചത്. ലിവ് ഇന്‍ റിലേഷനുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത്.
എതിര്‍ലിംഗക്കാരായ പങ്കാളികള്‍ ലിവ് ഇന്‍ റിലേഷന്‍ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചുകൊണ്ടാവണം എന്ന് നിഷ്‌കര്‍ഷിക്കുകയാണ് പുതിയ ബില്ലിലൂടെ. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ പങ്കാളികള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആറ് മാസം തടവും 25000 രൂപ പിഴയും, തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ മൂന്ന് മാസം തടവും 25000 രൂപ പിഴയും, രജിസ്റ്റര്‍ ചെയ്യാന്‍ ഒരു മാസം വൈകിയാല്‍ മൂന്ന് മാസം തടവും 10000 രൂപ പിഴയും ചുമത്തുന്നുണ്ട്. ലിവ് ഇന്‍ റിലേഷനെ ക്രിമിനല്‍ കുറ്റമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ സ്ഥാപിക്കുന്നത്.
കൂടാതെ പങ്കാളികളില്‍ ഒരാള്‍ 21 വയസില്‍ താഴെയാണെങ്കില്‍ മാതാപിതാക്കളെ രജിസ്‌ട്രേഷന്റെ കാര്യം അറിയിക്കണമെന്ന നിര്‍ദേശവും ബില്ലിലുണ്ട്. ലിവ് ഇന്‍ റിലേഷന്‍ അവസാനിപ്പിക്കുകയാണെങ്കില്‍ രേഖാമൂലമുള്ള പ്രസ്താവന നല്‍കണം, ലിവ് ഇന്‍ ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ നിയമപരമായ എല്ലാ സ്വത്തവകാശങ്ങള്‍ക്കും അര്‍ഹരാണ്,ലിവ് ഇന്‍ റിലേഷനിലുള്ള പുരുഷപങ്കാളിയാല്‍ സ്ത്രീ പങ്കാളി വഞ്ചിക്കപ്പെട്ടാല്‍ അവര്‍ക്ക് ജീവനാംശം നല്‍കണം തുടങ്ങിയ നിബന്ധനകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എന്നാല്‍ വിവാഹം എന്ന സമ്പ്രദായത്തിലേക്ക് ലിവ് ഇന്‍ പങ്കാളികളെ നിര്‍ബന്ധിക്കുന്ന നടപടിയിലേക്കാണ് ഇതിലൂടെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന കാര്യം വ്യക്തമാണ്. സംസ്ഥാനത്ത് ലിവ് ഇന്‍ റിലേഷനില്‍ ജീവിക്കുന്നവരും പുറത്ത് സമാനമായി കഴിയുന്ന ഉത്തരാഖണ്ഡ് സ്വദേശികളും ബന്ധം രജിസ്റ്റര്‍ ചെയ്യേണ്ടി വരുമെന്ന നിര്‍ബന്ധവും കൂടിയാകുമ്പോള്‍ സംസ്ഥാനത്തിന് പുറത്തുള്ളവരും ഇതില്‍ ഭാഗമാകുന്നുവെന്നതും ശ്രദ്ധേയമാണ്.
ലിവ് ഇന്‍ റിലേഷനിലുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന നിയമമാണ് സര്‍ക്കാര്‍ നിര്‍മിക്കുന്നത്. നമ്മുടെ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് മുതല്‍ ജീവിതം പോലും ഭരണകൂടം നേരിട്ട് ഇടപെടുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വിവാഹം എന്ന സമ്പ്രദായത്തെ അംഗീകരിക്കാത്ത, ഒരു കെട്ടുപാടുകളുടെയും ഭാരമോ ബാധ്യതയോ ഇല്ലാതെ ഇഷ്ടപ്പെട്ട വ്യക്തിയുമായി ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക് നേരെയുള്ള കൂച്ചുവിലക്കാണിതെന്ന് നിസംശയം പറയാം.