2017, തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു ക്രൈം, കൊലപാതകം നടന്നു. സ്വാതി റെഡ്ഡി എന്ന സ്ത്രീ അവര്‍ക്ക് പ്രണയം തോന്നിയ ആളോടൊപ്പം ജീവിക്കാനായി ഭര്‍ത്താവ് സുധാകറിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുന്നു. സുധാകറിന് അനസ്‌തേഷ്യ നല്‍കിയ ശേഷം അയാള്‍ അബോധാവസ്ഥയിലായപ്പോള്‍ സൃഹൃത്ത് രാജേഷിനൊപ്പം ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മൃതദേഹം കാട്ടില്‍ കൊണ്ടുപോയി കത്തിച്ചു. പിന്നീട് സ്വാതി രാജേഷിന്റെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കുന്നു. മുഖം തിരിച്ചറിയാനാവാത്ത കൂട്ടുകാരനെ ഭര്‍ത്താവ് സുധാകറായി എല്ലാവരുടേയും മുന്നില്‍ അവതരിപ്പിക്കുന്നു. അജ്ഞാതരായ അക്രമികളുടെ ആക്രമണമാണെന്ന് ഇരുവരും പറയുന്നു. രാജേഷിനെ ആശുപത്രിയില്‍ എത്തിച്ച് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ സ്വാതി ആവശ്യപ്പെടുന്നു. ചികിത്സയിലിരിക്കെ ഒരിക്കല്‍ ആശുപത്രിയില്‍ നിന്ന് രാജേഷിന് മട്ടന്‍ സൂപ്പ് നല്‍കുന്നു. എന്നാല്‍ താന്‍ വെജിറ്റേറിയനാമെന്ന് പറഞ്ഞ് രാജേഷ് അത് നിരസിക്കുന്നു. സുധാകര്‍ വെജിറ്റേറിയന്‍ ആയിരുന്നില്ല. അവിടെ പൊളിയുന്നു ഗൂഢാലോചനയുടേയും കൊലപാതകത്തിന്റെയും രഹസ്യങ്ങള്‍. ഒടുവില്‍ പോലീസിന് മുന്നില്‍ സ്വാതി റെഡ്ഡി കുറ്റം സമ്മതിക്കുന്നു. എല്ലാം ആര്‍ട്ടിസ്റ്റിക്കലി പ്ലാന്‍ ചെയ്ത ഒരു കൊലപാതകം ഒരു സൂപ്പില്‍ തെളിഞ്ഞു.
ഓരോ സീനും മനസ്സില്‍ നിന്ന് മായാത്ത തരത്തില്‍, ഒരുപാട് പൊള്ളത്തരങ്ങള്‍ ഉള്ള കഥയെ അങ്ങേയറ്റം സൂക്ഷ്മതയോടെ പറഞ്ഞു ഫലിപ്പിക്കുന്നതില്‍ അസാമാന്യ മികവ് കാണിച്ച അദ്ദേഹത്തിനുള്ളതാണ് കില്ലര്‍സൂപ്പിനുള്ള കയ്യടി
രാജ്യത്ത് ടോപ്പ് ട്രെന്‍ഡിങ് ആയി മാറിയ നെറ്റ്ഫ്‌ലിക്‌സ് സ്ട്രീം ചെയ്യുന്ന 'കില്ലര്‍ സൂപ്പ്' യഥാര്‍ഥ കഥയില്‍ നിന്ന് ഉണ്ടായ സീരീസാണെന്ന് പറയുന്നുണ്ടെങ്കിലും അത് ഏത് കഥയെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിട്ടില്ല. എന്നാല്‍ 2017ല്‍ നാഗര്‍കുര്‍ണൂലില്‍ സ്വാതി റെഡ്ഡി കൂട്ടുകാരനൊപ്പം ചെയ്ത കൊലപാതകവുമായാണ് അതിന് സാമ്യം. സൂപ്പ്, ഇതില്‍ ഒരു പ്രധാന കഥാപാത്രമാണ്. എന്നാല്‍ പേര് കേള്‍ക്കുമ്പോള്‍ വിചാരിക്കുന്നത് പോലെ സൂപ്പ് അല്ല കൊലപാതകത്തിനോ, ക്രൈമിനോ ഉള്ള ആയുധം. എന്നാല്‍ ആദ്യന്തം സൂപ്പുണ്ട്.
കില്ലര്‍ സൂപ്പ് തുടങ്ങുന്നതും സൂപ്പ് ഉണ്ടാക്കുന്നതില്‍ നിന്നാണ്. വളരെ സമാധാനവും ശാന്തതയുമുള്ള ഒരു വീട്, അവിടെ ഭര്‍ത്താവ് പ്രഭാകര്‍ ഷെട്ടിക്കായി വളരെ ശ്രദ്ധയോടെ, ആത്മാര്‍പ്പണം ചെയ്ത് പായ സൂപ്പ് ഉണ്ടാക്കുന്ന സ്വാതി ഷെട്ടി. ആ ഒറ്റ ദിവസം, അന്ന് പകല്‍, രാത്രി, ആ ഒറ്റ ദിവസം ഇരുട്ടിവെളുക്കുമ്പോള്‍ കഥയെല്ലാം മാറുന്നു. മസാജ്പാര്‍ലറില്‍ ജോലി ചെയ്യുന്ന ഉമേഷുമായി സ്വാതിയുടെ ബന്ധം ( അത് പ്രണയമാണോ, സാഹചര്യത്താല്‍ ഉണ്ടാവുന്ന മറ്റെന്തെങ്കിലും ബന്ധമാണോ എന്ന് ഒരിക്കലും കഥ തീര്‍പ്പാക്കുന്നില്ല, എന്നാല്‍ അവര്‍ തമ്മില്‍ ശാരീരിക ബന്ധമുണ്ട്.), ആ ബന്ധം മനസ്സിലാക്കുന്ന പ്രഭാകറിനെ കൊല്ലുന്നത് ഉമേഷാണ്.
എന്നാല്‍ ഒരു ഘട്ടത്തില്‍ പോലും, ഒരു നിമിഷത്തിന്റെ പോലും ആശങ്കയോ അങ്കലാപ്പോ ഇല്ലാതെ സ്വാതി സാഹചര്യങ്ങളെയെല്ലാം നേരിടുന്നു. മൃതദേഹം ഇല്ലാതാക്കുന്നത് മുതല്‍, പ്രഭാകറിനോട് രൂപസാദൃശ്യമുള്ള ഉമേഷിനെ പ്രഭാകറാക്കി മാറ്റുന്നത്, പിന്നീടുള്ള ഓരോ ചുവടിലും ഉറച്ച ആത്മവിശ്വാസത്തിലും മനക്കരുത്തിലും മുന്നോട്ട് പോവുകയാണ് സ്വാതി. കുറ്റം ചെയ്യുമ്പോള്‍, മുന്നില്‍ മരണങ്ങള്‍ നടക്കുമ്പോള്‍ ഒരിക്കലും അവളുടെ കൈ വിറക്കില്ല, മനസ്സ് ഉലയില്ല. എങ്ങനെ ആ സാഹചര്യത്തെ മറികടക്കാമെന്ന് മാത്രമാണ് ആ കഥാപാത്രം ചിന്തിക്കുന്നത്. കൊങ്കണ സെന്‍ ശര്‍മ്മ, അതി ഗംഭീരമായ പെര്‍ഫോമന്‍സിലൂടെ യാഥാര്‍ത്ഥ്യമാക്കിയ സ്വാതി റെഡ്ഡി എന്ന കഥാപാത്രം. ഒരു നോട്ടത്തില്‍ പോലും മുഴുവന്‍ സാഹചര്യങ്ങളേയും അന്‍ര്‍സംഘര്‍ങ്ങളേയും അവര്‍ പ്രകടമാക്കി. പ്രഭാകറും ഉമേഷുമായി അഭിനയിക്കുന്നത് മനോജ് വാജ്‌പേയ് ആണ്.
ഡബിള്‍ റോള്‍ അല്ല, ആദ്യം പ്രഭാകര്‍, പിന്നീട് ഉമേഷ്, ഉമേഷില്‍ നിന്ന് ഉണ്ടായി വരുന്ന രണ്ടാം പ്രഭാകര്‍, ഈ മൂന്ന് പേര്‍ക്കും അവരവരുടേതായ കാരക്ടര്‍ ഉണ്ട്, രീതികള്‍ ഉണ്ട്, സംഘര്‍ഷങ്ങള്‍ ഉണ്ട്. മൂന്ന് പേരേയും വ്യത്യസ്തമായി ചെയ്ത മനോജ് വാജ്‌പേയ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിദംബരം എന്ന സിനിമയില്‍ ഇന്ത്യകണ്ട വണ്ടര്‍ഫുള്‍ ആക്ടേഴ്‌സ് ആയ ഭരത് ഗോപിയും സ്മിതാപാട്ടീലും ചേര്‍ന്നൊരുക്കുന്ന അഭിനയ വിരുന്നുണ്ട്. അതുപോലെ പരസ്പരം മത്സരിച്ച് അഭിനയിച്ച് ഒരു ഉഗ്രന്‍ സൂപ്പിന്റെ സ്വാദ് അറിയിക്കുകയാണ് കൊങ്കണയും മനോജും.
പോലീസ് ഓഫീസറായി വേഷമിട്ട നാസര്‍ ആ വേഷം വളരെ അനായാസം, ഗംഭീരമായി തന്നെ കൈകാര്യം ചെയ്തു. കഥയില്‍ ട്വിസ്റ്റ് ആന്‍ഡ് ടേണ്‍സ് എല്ലാം സംഭവിക്കുന്നുണ്ടെങ്കിലും കഥയില്‍ മാത്രം ശ്രദ്ധിച്ചാല്‍ അതില്‍ വലിയ കഴമ്പൊന്നും കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല
സ്വാതിക്ക് മറ്റൊരു ആഗ്രഹവുമില്ല. ഒരു റസ്റ്റോറന്റ് തുറക്കണം, സ്വന്തമായി. അവളുണ്ടാക്കുന്ന, എന്നാല്‍ ഇന്നേ വരെ ആരും നല്ല അഭിപ്രായം പറഞ്ഞിട്ടില്ലാത്ത, പരമാവധി പരിഹാസം നേരിട്ടിട്ടുള്ള സൂപ്പ്, പ്രധാന ഡിഷ് ആയി നല്‍കുന്ന റസ്റ്റോറന്റ്. എന്നാല്‍ ആ ആഗ്രഹത്തിനും ജീവിതത്തിനും ഇടയില്‍ അവളോടൊപ്പം നില്‍ക്കുന്ന എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവളെ വഞ്ചിക്കുകയാണ്. ആരാണ് ഇതില്‍ യഥാര്‍ത്ഥ കുറ്റവാളി എന്ന് ചോദിച്ചാല്‍, എല്ലാവരും അവരവരുടെ ജീവിതത്തില്‍ വിശ്വാസവഞ്ചനയും, തട്ടിപ്പും, ചെറുതുംവലുതമായ തെറ്റുകളും ചെയ്യുന്നുണ്ട്. ആരും അത്ര വെടിപ്പല്ല എന്ന വിശ്വാസത്തില്‍ തന്നെയാണ് തന്റെ റസ്റ്റോറന്റ് എന്ന ലക്ഷ്യവുമായി സ്വാതി യാത്ര തുടരുന്നതും. എന്താണ് ശരിക്കും വേണ്ടത് എന്ന് ഒരിക്കല്‍ സ്വാതിയോട് ഉമേഷ് ചോദിക്കുന്നുണ്ട്. ' റസ്‌പെക്ട്'. അതായിരുന്നു അവളുടെ മറുപടി. സ്ത്രീ എന്ന നിലയില്‍ ഇന്‍ഡിപന്‍ഡന്റ് ആയി, സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട് ജീവിക്കാന്‍ ആണ് അവളുടെ ആഗ്രഹം. റസ്പക്ട് എന്നത് അവള്‍ക്ക് മറ്റേത് ബന്ധത്തേക്കാളും വലുതായിരുന്നു. സ്വാതി ആരെയെങ്കിലും കൊന്നിട്ടുണ്ടോ? യതാര്‍ത്ഥത്തില്‍ ഇല്ല. എല്ലാം ആക്‌സിഡന്റലായി സംഭവിക്കുന്നതാണ്. എന്നാല്‍ എല്ലാത്തിനും അവള്‍ ഉത്തരവാദിയുമാണ്.
തന്റെ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ നില്‍ക്കുന്നവര്‍ ഒഴിഞ്ഞുപോവുന്നു എന്നേ അവള്‍ കരുതുന്നുമുള്ളൂ. റസ്‌റ്റോറന്റ് എന്ന സ്വപ്‌നത്തിന് കൂട്ട് നില്‍ക്കുകയും ഏറ്റവുമധികം സപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നത് സ്വാതി മനീഷ കൊയ്രാള എന്ന പേരില്‍ കുക്കിങ് പഠിക്കാന്‍ പോയിരുന്ന ഖാന്‍സാമ എന്ന ഷെഫും, ഭര്‍തൃസഹോദരന്റെ മകള്‍ അപുവും ആണ്.
കഥയില്‍ പലയിടത്തും ഗ്രിപ്പ് പോവുന്നുണ്ട്. ആദ്യ രണ്ട് എപ്പിസോഡുകളില്‍ നടക്കേണ്ടതെല്ലാം നടക്കുന്നു. പിന്നീടുള്ള ആറ് എപ്പിസോഡുകളില്‍ അതിന് എന്ത് സംഭവിക്കും, അത് എങ്ങനെയാവും എന്ന ആകാംക്ഷയാണ്. പലപ്പോഴും കേന്ദ്ര കഥ കൈവിട്ടുപോയി പലവഴിക്ക് സബ്‌പ്ലോട്ടുകള്‍ നിറയുന്നത് പോലെ തോന്നും. കഥ അവസാനിക്കുമ്പോഴും പറഞ്ഞുവന്ന പല കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും കണക്ഷന്‍ ഇല്ലാതെ, അതായത് ഒരു നൂലില്‍ കോര്‍ത്തെടുക്കാന്‍ പറ്റാത്തത് പോലെ പലയിടത്തായി ചിതറിക്കിടക്കുകയാണ്. ഇനിയും കഥകളില്‍ നിന്ന് സോള്‍വ് ചെയ്ത് എടുക്കാന്‍ കഴിയാത്ത പലതും അവസാനിക്കുന്നു.
തമിഴ്‌നാട്ടിലെ സാങ്കല്‍പ്പിക ഗ്രാമമായ മൈഞ്ചൂര്‍. അവിടെയാണ് കഥ നടക്കുന്നത്. ഒരു ഫാന്റസി ലോകത്ത്, നടക്കുന്ന കേസന്വേഷണവും ഒരു പക്ഷേ അങ്ങനെയാവുമായിരിക്കും. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിതയിലൂടെ, മരിച്ചുപോയ തന്റെ അസിസ്റ്റന്റ് പോലീസ് ഓഫീസര്‍ തുപ്പള്ളിയുടെ സൂപ്പര്‍നാച്വറല്‍ കഥാപാത്രത്തിലൂടെ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍. അതില്‍ ലോജിക്ക് കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ പോലീസ് ഓഫീസറായി വേഷമിട്ട നാസര്‍ ആ വേഷം വളരെ അനായാസം, ഗംഭീരമായി തന്നെ കൈകാര്യം ചെയ്തു. കഥയില്‍ ട്വിസ്റ്റ് ആന്‍ഡ് ടേണ്‍സ് എല്ലാം സംഭവിക്കുന്നുണ്ടെങ്കിലും കഥയില്‍ മാത്രം ശ്രദ്ധിച്ചാല്‍ അതില്‍ വലിയ കഴമ്പൊന്നും കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ഓരോ കഥാപാത്രങ്ങളും, ഷേക്‌സ്പിയര്‍ ടച്ച് ഉള്ളതാണ്. ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും അത്രത്തോളും ജീവനുണ്ട്, പ്രാധാന്യമുണ്ട്. അതെല്ലാം അവതരിപ്പിച്ചിരിക്കുന്ന അഭിനേതാക്കള്‍, അതാണ് കില്ലര്‍ സൂപ്പിനെ അസാധ്യമാക്കുന്നത്. പ്രഭുവിന്റെ സഹോദരനായ അരവിന്ദ് ഷെട്ടി, ഷായാജി ഷിന്‍ഡെ, എത്ര മനോഹരമായാണ് തമിഴനായി മാറിയത് എന്നത്, കാണുന്നവര്‍ക്ക് മനസ്സിലാവും. ലാല്‍, കനികുസൃതി, അങ്ങനെ നിരവധി അഭിനേതാക്കള്‍, ഓരോരുത്തരും കൃത്യമായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കില്ലര്‍ സൂപ്പ് അവസാനിക്കുമ്പോള്‍ കടന്നുപോവുന്നത്.
സംവിധായകന്‍ അബിഷേക് ചൗബേ ഒരിക്കല്‍ കൂടി തന്റെ മാജിക് പുറത്തെടുത്തിരിക്കുകയാണ്. ഓരോ സീനും മനസ്സില്‍ നിന്ന് മായാത്ത തരത്തില്‍, ഒരുപാട് പൊള്ളത്തരങ്ങള്‍ ഉള്ള കഥയെ അങ്ങേയറ്റം സൂക്ഷ്മതയോടെ പറഞ്ഞു ഫലിപ്പിക്കുന്നതില്‍ അസാമാന്യ മികവ് കാണിച്ച അദ്ദേഹത്തിനുള്ളതാണ് കില്ലര്‍സൂപ്പിനുള്ള കയ്യടി. സ്വാതി അവസാനം റസ്‌റ്റോറന്റ് തുറക്കുമ്പോള്‍ ഉണ്ടാക്കുന്ന സൂപ്പ്, അത് രുചിക്കുന്നവര്‍ക്കെല്ലാം ഇഷ്ടപ്പെടും, അത് പോലെയാണ്, കില്ലര്‍ സൂപ്പും, സീരീസ് അവസാനിക്കുമ്പോള്‍ ഒരു നല്ല ചൂടുള്ള സൂപ്പ് രുചിച്ച അനുഭൂതിയായിരിക്കും ലഭിക്കുക.
നാല് എപ്പിസോഡുകളിലെങ്കിലും അവസാനിപ്പിക്കാവുന്ന ഒരു കഥ എട്ട് എപ്പിസോഡുകളില്‍ വലിച്ച് നീട്ടേണ്ടിയിരുന്നോ എന്ന പലപ്പോഴും സംശയം തോന്നാം. എന്നാല്‍, ഒടുവില്‍ മൈഞ്ചൂരില്‍ നിന്ന് ഒരു ബസില്‍ കയറി ഉമേഷിനൊപ്പം യാത്ര തിരിക്കുന്ന സ്വാതി, അത് സാങ്കല്‍പ്പികമാണ്, ആ ബസിന് മുകളില്‍ നേരത്തെ മരിച്ചുപോയ പോലീസുകാരന്‍ തുപ്പള്ളിയുമുണ്ട്. ഷേക്‌സ്പിയറിന്റെ മാക്ബത്തിലെ ഒരു സെന്റന്‍സ് പറഞ്ഞുകൊണ്ടാണ് കഥ അവസാനിക്കുന്നത്. ' It is a tale. Told by an idiot, full of sound and fury, Signifying nothing.' അത്രേയുള്ളൂ. ഇത് ഒന്നിനേയും സൂചിപ്പിക്കുന്നില്ല. കാണാം, ആസ്വദിക്കാം, അവസാനിപ്പിക്കാം.