SCIENCE TALK

സമയത്തിലൂടെ ഒരു യാത്ര; ടൈം ട്രാവല്‍ സാധ്യമോ?

ടൈം ട്രാവല്‍ മനുഷ്യന് എന്നും കൗതുകമുള്ള കാര്യമാണ്. ടൈം ട്രാവല്‍ അധിഷ്ഠിതമായി നിരവധി സിനിമകളും നോവലുകളും ഉണ്ടായിട്ടുണ്ട്. യഥാര്‍ഥത്തില്‍ ടൈം ട്രാവല്‍ സാധ്യമാണോ?

ദില്‍ന മധു

ടൈം ട്രാവല്‍ മനുഷ്യന് എന്നും കൗതുകമുള്ള കാര്യമാണ്. ട്രൈം ട്രാവൽ അധിഷ്ഠിതമായി നിരവധി സിനിമകളും നോവലുകളും ഉണ്ടായിട്ടുണ്ട്. ടൈം ട്രാവൽ എന്ന സങ്കല്പം ശാസ്ത്രലോകത്തും വലിയ തർക്കങ്ങൾക്ക് കാരണമാണ്.

ഈ ജീവിതം ഒരു യാത്രയായിക്കാണുക. നമ്മള്‍ എല്ലാവരും ഭൂതകാലത്തില്‍ നിന്ന് ഭാവിയിലേക്ക് യാത്ര ചെയ്യുകയാണ്. ഒരു സെക്കന്റില്‍ ഒരുസെക്കന്റ് സമയം എന്ന നിലയിലാണ് യാത്ര. മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ പോകാന്‍ സാധിച്ചാല്‍ മുന്‍കൂട്ടി ഭാവിയിലെത്താം, അല്ലെ? പക്ഷേ കാര്യങ്ങള്‍ അത്ര സിംപിളല്ല.

ഇനി അല്പം ചരിത്രം

ഐസക് ന്യൂട്ടന്റെ ചലന നിയമങ്ങളും മാക്‌സ്വെല്ലിന്റെ ഇലക്ട്രിസിറ്റി സംബന്ധിച്ച സമവാക്യങ്ങളും തമ്മില്‍ ഉയര്‍ന്ന പൊരുത്തക്കേട് 1800 കളില്‍ ഭൗതികശാസ്ത്രത്തിലെ വലിയ സമസ്യയായിരുന്നു. പ്രകാശം ഇലക്ട്രോമാഗ്നെറ്റിക് തരംഗമാണെന്നും അതിന്റെ വേഗത ഏതാണ്ട് സെക്കന്റില്‍ മൂന്ന് ലക്ഷം കിലോ മീറ്ററാണെന്നും മാക്‌സ്വെല്‍ കണ്ടെത്തി. സഞ്ചരിച്ചു കൊണ്ടിരുക്കുന്ന ഒരു വ്യക്തിയാണ് പ്രകാശത്തിന്റെ വേഗത അളക്കുന്നതെങ്കില്‍ ന്യൂട്ടന്റെ ചലന നിയമമനുസരിച്ച്, വേഗതയുടെ മൂല്യത്തില്‍ ആപേക്ഷികമായ വ്യത്യാസം വരണം. ഇതിന് വിരുദ്ധമായി സ്ഥിരസംഖ്യയാണ് പ്രകാശത്തിന്റെ വേഗതയെന്നാണ് മാക്‌സ്വെല്ലിന്റെ കണ്ടെത്തല്‍. മാക്‌സ്വെല്‍ ഉള്‍പ്പെടെ ആ കാലഘട്ടത്തിലുണ്ടായിരുന്ന ശാസ്ത്രജ്ഞര്‍ ന്യൂട്ടന്റെ നിയമമാണ് ശരിയെന്നും മാക്‌സ്വെലിന്‌റെ സമവാക്യമാണ് മാറേണ്ടത് എന്നും വിശ്വസിച്ചു പോന്നവരാണ്.

1905 ല്‍ അവതരിപ്പിച്ച, വിശിഷ്ട ആപേക്ഷിക സിദ്ധാന്തത്തിലൂടെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ് ഈ അനുമാനം തിരുത്തിയത്. ക്ലാസിക്കല്‍ മെക്കാനിക്‌സ് അനുസരിച്ച് സമയം സ്ഥിരമാണ്. ഈ അടിസ്ഥാന സങ്കല്പം പൊളിച്ചെഴുതുകയാണ് ഐന്‍സ്റ്റീന്‍ ചെയ്തത്. എവിടെ നിന്ന് നമ്മള്‍ ഒരു സംഭവത്തെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ച് ആപേക്ഷികമാണ് എല്ലാ കാര്യങ്ങളും. ഒരേ സമയം നടക്കുന്ന രണ്ട് കാര്യങ്ങള്‍ രണ്ട് വ്യത്യസ്ത ഫ്രെയിം ഓഫ് റഫറന്‍സിലൂടെ കാണുന്നവര്‍ക്ക് വ്യത്യസ്ത സമയത്തില്‍ സംഭവിക്കുന്നതായി അനുഭവപ്പെട്ടാം. പ്രകാശത്തിന്റെ വേഗത സ്ഥിരമെന്നും അതിനേക്കാള്‍ വേഗത്തില്‍ ഒന്നിനും സഞ്ചരിക്കാനാവില്ല എന്നും കൂടി ഇത് കൂട്ടിച്ചേര്‍ക്കുന്നു ഐന്‍സ്റ്റീന്‍.

സ്‌പേസ് ടൈം കണ്ടിന്വം

ഐന്‍സ്റ്റീന്റെ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ പ്രൊഫസറായിരുന്ന ജര്‍മന്‍ ഗണിതശാസ്ത്രജ്ഞന്‍ ഹെര്‍മന്‍ മിന്‍കോവ്‌സ്‌കിയാണ് സ്‌പേസ് ടൈം എന്ന ആശയം കൊണ്ടുവരുന്നത്. സ്‌പേസ് എന്നത് മൂന്ന്മാനമുള്ള( ഡയമെന്‍ഷന്‍ ) തുടര്‍മാനമെന്നും (കണ്ടിന്വം) സമയം സ്വതന്ത്രമാണെന്നുമായിരുന്നു അതുവരെയുള്ള സങ്കല്പം. സ്പേസും സമയവും പരസ്പര പൂരകമെന്നും ഇവ രണ്ടും ചേര്‍ന്നുള്ള സ്‌പേസ് ടൈം കണ്ടിന്വമാണ് പ്രപഞ്ചത്തെ നിര്‍വചിക്കുന്നതെന്നുമാണ്  മിന്‍കോവ്‌സ്‌കിയുടെ വിശകലനം. ഐന്‍സ്റ്റീന്‍ പിന്നീട് ഗ്രാവിറ്റിയെ കൂടി ഉള്‍പ്പെടുത്തി സാമാന്യ ആപേക്ഷിക സിദ്ധാന്തം മുന്നോട്ടുവച്ചു. ഒരു ട്രിപ്പീസിയം പോലെയാണ് സ്പേസ് ടൈം കണ്ടിന്വമെന്ന് സങ്കല്പിച്ചാല്‍ അതില്‍ ഭാരമുള്ള വസ്തുവയ്ക്കുമ്പോള്‍ പ്രതലം വളയുന്നതിന് സമാനമായി,ഭാരമുള്ള വസ്തുക്കള്‍ക്ക് ചുറ്റും ഗ്രാവിറ്റിയുടെ സ്വാധീനമുണ്ടാകുന്നു. ഭാരം കൂടുന്തോറും ഈ വളവ് വലുതാവുകയും സമീപത്ത് വയ്ക്കുന്ന ചെറുവസ്തുക്കള്‍ അതിന്റെ സ്വാധീനത്തില്‍ അടുത്തോട്ട് പോവുകയും ചെയ്യുന്നു. സ്പെയ്സ് ടൈം ഉപയോഗിച്ച് ഗ്രാവിറ്റിയെ ഇങ്ങനെ വിശദീകരിക്കാം.

ടൈം ഡയലേഷന്‍ ആന്‍ഡ് ടൈം ട്രാവല്‍

സമയം ആപേക്ഷികമാണെന്ന സിദ്ധാന്തത്തില്‍ നിന്നാണ് ടൈം ട്രാവല്‍ എന്ന ആശയം ഉരുത്തിരിയുന്നത്. ഇതിന്റെ അടിസ്ഥാനമാണ് ടൈം ഡയലേഷന്‍( സമയത്തിന്റെ ദീര്‍ഘിക്കല്‍). പ്രകാശത്തിന്റെ വേഗത്തിന് സമാനമായ വേഗത്തില്‍ സഞ്ചരിക്കുന്ന ആള്‍ക്ക്, പുറത്ത് നിന്നുള്ള ഒരാളെക്കാള്‍ സമയം ദീര്‍ഘിച്ചതായി  അനുഭവപ്പെടും. ഇത് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട വസ്തുതയാണ്. ഒരു അറ്റോമിക് ക്ലോക്ക് ജെറ്റില്‍ പറത്തി മറ്റൊന്ന് ഭൂമിയില്‍ വച്ചു. പറന്ന ക്ലോക്കില്‍ സമയം സാവധാനത്തിലാണ് നീങ്ങിയത്. സാധാരണ വിമാനങ്ങളെ സംബന്ധിച്ച് ഈ സമയ വ്യത്യാസം വളരെ ചെറുതാണ്. എന്നാല്‍ സഞ്ചാരത്തിന്റെ വേഗത പ്രകാശത്തന്റെ വേഗത്തോട് അടുക്കുന്നതോടെ വലിയ വ്യത്യാസം ഉണ്ടാകുന്നു. മനുഷ്യന് സാധ്യമായിട്ടുള്ള ഏറ്റവും പരമാവധി വേഗത , ലാര്‍ജ് ഹാഡ്രോന്‍ കൊള്ളൈഡറിലുള്ള പ്രോട്ടോണിന്റെ വേഗതയാണ് (99.999991% c) ഈ പ്രോട്ടോണിന്റെ ഒരു സെക്കന്റ് നമ്മുടെ മണിക്കൂറിന്റെ ദൈര്‍ഘ്യമുള്ളതാണ്.

മറ്റ് മാര്‍ഗങ്ങള്‍

ഒരാള്‍ക്ക് അനുഭവപ്പെടുന്ന ഗ്രാവിറ്റി( ഗുരുത്വാകര്‍ഷണം) കൂടുന്നതിന് അനുസരിച്ച് സാവധാനമയിരിക്കും അയാളുടെ സമയം പോകുന്നത്. അതായത് ഭൂമിയുടെ കേന്ദ്രത്തിന് അടുത്ത് ടൈം ഡയലേഷന്‍ ഉണ്ടാകുന്നു.  ഇതും പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ജിപിഎസ് സാറ്റലൈറ്റുകളിലെ ക്ലോക്കുകളില്‍ അവയുടെ സഞ്ചാര വേഗം കൊണ്ട് സമയം സ്ലോഡൗണ്‍ ചെയ്യുകയും, ഭൂമിയില്‍ നിന്ന് ദൂരെയായതിനാല്‍ ഭൂഗുരുത്വ പ്രഭാവം കൊണ്ട് സമയം വേഗത്തിലാവുകയും ചെയ്യുന്നു. രണ്ടും ചേര്‍ന്ന് പ്രതിദിനം 38 മൈക്രോ സെക്കന്റ് അധികം കാണിക്കുന്നു ഭൂമിയിലെ ക്ലോക്കുകളെ അപേക്ഷിച്ച് ഇവ.  ഈ എററുകളില്‍ തിരുത്തല്‍ വരുത്തിയാണ് നാവിഗേഷന്‍ കൂടുതല്‍ കൃത്യമാക്കുന്നത്. പറഞ്ഞുവരുന്നത് ബ്ലാക്ക് ഹോള്‍ പോലെ അതിശ്ക്തമായ ഗ്രാവിറ്റിയുള്ളയിടങ്ങള്‍ക്ക് സമീപം പോയാലും  ടൈം ഡയലേഷന്‍ സാധ്യമാണ്. സ്പേസ് ടൈമില്‍ ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി അനുവദിക്കുന്ന വോം ഹോള്‍സ് എന്നറിയപ്പെടുന്ന ഷോര്‍ട്ട്കട്ടുകളുണ്ട്. ഇവയിലൂടെയും ടൈംട്രാവല്‍ സാധ്യമെന്നാണ് വയ്പ്പ്.

2009ലാണ് ഹോക്കിങ്സ് അധികമാരെയും അറിയിക്കാതെ ഒരു പാര്‍ട്ടി നടത്തിയത്. ഭൂതകാലത്തേക്ക് സഞ്ചരിക്കാന്‍ സാധിക്കുമെങ്കില്‍ ഭാവിയിലെ ഈ പരസ്യം കണ്ട് ചിലരെങ്കിലും പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഭൂതകാലത്തേക്ക് സഞ്ചരിച്ചെത്തിയേനെ എന്നായിരുന്നു അദ്ദേഹത്തിന്റെ ലോജിക്. ആരും എത്തിയില്ല.

പാരഡോക്സുകള്‍

അങ്ങനെ ശാസ്ത്രം സമയത്തിലൂടെയുള്ള സഞ്ചാരം സാധ്യമാണെന്ന് സിദ്ധാന്തങ്ങളിലൂടെ പറഞ്ഞുവയ്ക്കുന്നു. അപ്പോഴും ഭൂതകാലത്തേക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമെന്നാണ് പറയുന്നത്. കഴിഞ്ഞകാലത്തേക്ക് ഒരാള്‍ തിരിച്ചുപോയി അയാളുടെ മുത്തച്ഛനെ ചെറുപ്പത്തില്‍ കൊലപ്പെടുത്തിയെന്നിരിക്കട്ടെ, അപ്പോള്‍ പിന്നെ ഭാവിയില്‍ അയാള്‍ ജനിക്കുന്നതെങ്ങനെയാണ്. ജനിക്കുകപോലും ചെയ്തിട്ടില്ലാത്ത ആള്‍ എങ്ങനെയാണ് തിരിച്ചുപോയി ഒരു കൊലപാതകം നടത്തുന്നത്. ഇത്തരത്തില്‍ നിരവധി പാരഡോക്സുകള്‍ ഭൂതകാലത്തേക്കുള്ള ട്രൈംട്രാവലുമായി ബന്ധപ്പെട്ട് ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു.

ലെറ്റ്സ് പാര്‍ട്ടി

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സ് ടൈം ട്രാവലര്‍മാര്‍ക്കായി നടത്തിയ ഒരു പാര്‍ട്ടിയെ കുറിച്ച് പറഞ്ഞ് നമുക്ക് അവസാനിപ്പിക്കാം. 2009ലാണ് ഹോക്കിങ്സ് അധികമാരെയും അറിയിക്കാതെ ഒരു പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിക്ക് ശേഷം ഇങ്ങനെയൊരു വിരുന്ന് സംഘടിപ്പിക്കുന്നു എന്ന് കാട്ടി പരസ്യം നല്‍കി. ഭൂതകാലത്തേക്ക് സഞ്ചരിക്കാന്‍ സാധിക്കുമെങ്കില്‍ ഭാവിയിലെ ഈ പരസ്യം കണ്ട് ചിലരെങ്കിലും പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഭൂതകാലത്തേക്ക് സഞ്ചരിച്ചെത്തിയേനെ എന്നായിരുന്നു അദ്ദേഹത്തിന്റെ ലോജിക്. ആരും എത്തിയില്ല. അതിനാല്‍ ടൈം ട്രാവല്‍ സാധ്യമായാല്‍ തന്നെ ഭാവിയിലേക്ക് മാത്രമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

റോബോട്ടുകള്‍, വിമാനം തുടങ്ങി മനുഷ്യന്‍ പിന്നീട് നിര്‍മിച്ച പലതും അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവന്‍ ഭാവനയില്‍ കണ്ടിട്ടുണ്ട്. അതു പോലെ ടൈം ട്രാവലും എന്നെങ്കിലും സാധ്യമായേക്കാം.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി