പെറുവിൽ 1000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി പുരാവസ്തു ഗവേഷകര്‍. തലസ്ഥാനമായ ലിമയിലെ ജനവാസ കേന്ദ്രത്തിലാണ് താടിയെല്ലും നീണ്ടമുടിയുമുള്ള മമ്മി കണ്ടെത്തിയത്. പ്രായപൂര്‍ത്തിയായ വ്യക്തിയുടേതാണ് ഇതെന്നാണ് കരുതുന്നത്.
ഹുവാക്ക പക്ലാന കളിമണ്‍ പിരമിഡിലെ ആചാരപരമായ ശവകുടീരത്തിനുള്ളില്‍ കളിമൺ വസ്തുക്കള്‍ക്കും തുണിത്തരങ്ങള്‍ക്കുമൊപ്പമാണ് മമ്മി കണ്ടെത്തിയത്. പെറുവിന്റെ മധ്യതീരത്ത് ഉടലെടുത്ത യിച്മ സംസ്‌കാരത്തിന്റെ ആരംഭകാലത്തില്‍ 1000 വര്‍ഷം മുമ്പാണ് ഈ ശവശരീരത്തിന്റെ ഉടമ ജീവിച്ചിരുന്നതെന്ന് കരുതുന്നു. ഇന്‍കാ വിഭാഗക്കാര്‍ ഈ പ്രദേശത്തേയ്ക്ക് എത്തുന്നതിന് മുമ്പുള്ള സമൂഹ പുനഃസംഘടനയുടെ കാലഘട്ടമായിരുന്നു അത്.
ലിമയില്‍ നാനൂറിലധികം പുണ്യസ്ഥലങ്ങളുണ്ട്. ഭൂതകാലത്തെക്കുറിച്ചുള്ള അന്വേഷണവുമായി എത്തുന്ന പുരാവസ്തു ഗവേഷകര്‍ക്ക് ഉത്തരം നല്‍കാന്‍ സഹായിക്കുന്ന നിരവധി പുരാവസ്തു അവശിഷ്ടങ്ങളുടെ ആവാസ കേന്ദ്രമാണിത്. ഈ പ്രദേശങ്ങളില്‍ കാണപ്പെടുന്ന മമ്മികള്‍ തദ്ദേശീയ പെറുവിയക്കാരുടെ സാംസ്‌കാരികവും സാമൂഹികവുമായ അവസ്ഥകള്‍ ചരിത്രത്തിലൂടെ വിലയിരുത്താന്‍ സഹായിക്കുന്നു.
ലിമയ്ക്കടുത്തുള്ള കജാമാര്‍ക്വില്ല പുരാവസ്തു സൈറ്റില്‍നിന്ന് ഈ വര്‍ഷമാദ്യം 1,000 വര്‍ഷം പഴക്കമുള്ള മറ്റൊരു മമ്മി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയതായി എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കണ്ടെത്തിയ അവശിഷ്ടങ്ങള്‍ പ്രായപൂര്‍ത്തിയായ ഒരാളുടേതാണെന്ന് കരുതുന്നത്. മുടിയുടെയും ചര്‍മ്മത്തിന്റെയും ഭാഗങ്ങള്‍ കേടുകൂടാതെ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ജൂണില്‍ ലിമയില്‍ നിന്ന് 3000 വര്‍ഷം പഴക്കമുള്ള ഒരു മമ്മി കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിസി 1500നും 1000 ഇടയിലായി ലിമ താഴ്‌വരകളിലായി ഉടലെടുത്ത മാഞ്ചായ് സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ളതായിരിക്കാം ആ മമ്മിയെന്നാണ് വിലയിരുത്തൽ.