ഭൂമിക്കരികിലേക്ക് അതിവേഗത്തിൽ കടന്നുവരുന്ന ഛിന്നഗ്രങ്ങൾ മിക്കപ്പോഴും മാധ്യമങ്ങളിൽ വലിയ വാർത്തകളാവാറുണ്ട്. ഇവ ഭൂമിയുമായി കൂട്ടിയിടിക്കുന്നത് മനുഷ്യജീവനു വലിയ ഭീഷണിയാണ്. അത്തരമൊരു ആശങ്കയുമായി കൂറ്റൻ ഛിന്നഗ്രഹം വരുന്നുവെന്നാണ് പുതിയ വാർത്ത.
ഒരു കെട്ടിടത്തിന്‌റെ അത്രയും വലുപ്പമുള്ള 250 അടി നീളമുള്ള ഛിന്നഗ്രഹം ഇന്ന് അര്‍ധരാത്രി ഭൂമിക്കു സമീപത്തുകൂടി കടന്നുപോകും. അപ്പോളോ ഗ്രൂപ്പിന്‌റെ ഭാഗമായ ഛിന്നഗ്രഹം 2024 ജെബി2 മണിക്കൂറില്‍ 63,683 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നതെന്ന് നാസയുടെ സെന്റർ ഫോർ നിയർ-എർത്ത് ഒബ്‌ജക്റ്റ് സ്റ്റഡീസ്(സിഎൻഇഒസ്) ഡേറ്റ പറയുന്നു.
സമീപദിവസങ്ങളിൽ ഭൂമിയുടെ തൊട്ടടുത്തേക്ക് ഛിന്നഗ്രഹങ്ങളെത്തുമെന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി അടുത്തിടെ പ്രവചിച്ചിരുന്നു. അതിലൊന്നാണ് ഇന്നെത്തുന്നത്.
ഛിന്നഗ്രഹങ്ങള്‍ അസാധാരണമല്ലെങ്കിലും 2024 ജെബി2ന് വലുപ്പവും വേഗതയും വളരെക്കൂടുതലാണ്. എന്നാൽ ഇക്കാര്യത്തിൽ ശാസ്ത്രലോകത്തിന് കാര്യമായ പരിഭ്രാന്തിയില്ലെന്നതാണ് വസ്തുത. ഇതിനുകാരണം ഭൂമിയും ഛിന്നഗ്രഹവും തമ്മിലുള്ള സുരക്ഷിതഅകലം 27.5 ലക്ഷം മൈല്‍ ആണെന്നതാണ്.
ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും ഭൂമിയിൽനിന്ന് വിദൂരമായാണ് കടന്നുപോകാറുള്ളത്. എന്നാല്‍ ചിലത് അപകടകരമായ വിഭാഗത്തില്‍ പെടുന്നുവയാണ്. 460 അടിയിലധികം വലുപ്പമുള്ളതാണ് ഇവ. അവ സൂര്യനുചുറ്റുമുള്ള ഭൂമിയുടെ 75 ലക്ഷം കിലോമീറ്റർ വരുന്ന ഭ്രമണപഥത്തിലെത്തുന്നു.
നാസയുടെ ഛിന്നഗ്രഹ നിരീക്ഷണ ഡാഷ് ബോര്‍ഡ് ഭൂമിക്കടുത്തേക്കു വരുന്ന ധുമകേതുക്കളെയും ഛിന്നഗ്രഹങ്ങളെയും പിന്തുടരുന്നുണ്ട്. ഇവ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന തീയതി, വസ്തുവിന്‌റെ ഏകദേശ വ്യാസം, ആപേക്ഷിക വലുപ്പം, ഭൂമിയില്‍ നിന്നുള്ള ദൂരം എന്നിവ ഡാഷ്‌ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. ഭൂമിയില്‍നിന്ന് 75 ലക്ഷം കിലോമീറ്ററിനുള്ളില്‍ ഛിന്നഗ്രഹങ്ങളെ ഇത് ട്രാക്ക് ചെയ്യുന്നു.
സൗരയൂഥത്തിന്‌റെ രൂപപ്പെടലിൽനിന്നാണ് ഛിന്നഗ്രഹങ്ങള്‍ ആവിർഭവിക്കുന്നത്. 46 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് വാതകത്തിന്‌റെയും പൊടിയുടെയും വലിയ മേഘം തകര്‍ന്നപ്പോഴാണ് സൗരയൂഥം സൃഷ്ടിക്കപ്പെട്ടത്. ഇത് സംഭവിച്ചപ്പോള്‍ ഭൂരിഭാഗം വസ്തുക്കളും മേഘത്തിന്‌റെ മധ്യഭാഗത്തേക്ക് വീഴുകയും സൂര്യന്‍ രൂപപ്പെടുകയും ചെയ്തു. മേഘത്തിലെ ചില അടിഞ്ഞുകൂടിയ പൊടിപടലങ്ങള്‍ ഗ്രഹങ്ങളുമായി.
എല്ലാ ഛിന്നഗ്രഹങ്ങളും ഒരേ വലുപ്പവും ഒരേ ആകൃതിയും ഉള്ളവയല്ല. ഛിന്നഗ്രഹങ്ങള്‍ സൂര്യനില്‍നിന്ന് വ്യത്യസ്ത അകലത്തില്‍, വ്യത്യസ്ത സ്ഥലങ്ങളില്‍ രൂപംകൊള്ളുന്നതിനാല്‍ രണ്ട് ഛിന്നഗ്രങ്ങള്‍ സാമ്യമുള്ളവയാകില്ല.
ഛിന്നഗ്രഹങ്ങൾ ഗ്രഹങ്ങളെപ്പോലെ ഉരുണ്ടരൂപമുള്ളവയല്ല. അവ ക്രമരഹിതമായ ആകൃതികളോടുകൂടിയവയാണ്. ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും വ്യത്യസ്ത തരത്തിലുള്ള പാറകളാൽ രൂപംകൊണ്ടവയാണ്. എന്നാല്‍ ചിലത് കളിമണ്ണും നിക്കല്‍, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളും അടങ്ങിയവയാണ്.