Science

കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ, പ്രോട്ടീൻ ഘടന പ്രവചനം: രസതന്ത്ര നൊബേൽ പങ്കിട്ട് മൂന്നുപേർ

വെബ് ഡെസ്ക്

രസതന്ത്രമേഖലയിലെ സംഭാവനയ്ക്കുള്ള 2024ലെ നൊബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്നുപേർ. അമേരിക്കൻ ഗവേഷകനായ ഡേവിഡ് ബേക്കർ, യുകെ ഗവേഷകരായ ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവരാണ് ബഹുമതിക്ക് അർഹരായത്.

കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈനാണ് ഡേവിഡ് ബേക്കറെ പുരസ്കാരത്തിന് അർഹനാക്കിയത്. പ്രോട്ടീൻ ഘടന പ്രവചനമാണ് ഡെമിസ് ഹസാബിസിനെയും ജോൺ എം ജംപറിനെയും പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

''2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ജീവൻ്റെ തന്ത്രപ്രധാനമായ രാസ ഉപകരണങ്ങളായ പ്രോട്ടീനുകളുമായി ബന്ധപ്പെട്ടുള്ളതാണ്. പുതിയ തരം പ്രോട്ടീനുകൾ നിർമിക്കുകയെന്ന ഏതാണ്ട് അസാധ്യമായ നേട്ടത്തിൽ ഡേവിഡ് ബേക്കർ വിജയിച്ചു. പ്രോട്ടീനുകളുടെ സങ്കീർണ ഘടനകൾ പ്രവചിക്കുകയെന്ന 50 വർഷം പഴക്കമുള്ള പ്രശ്നം പരിഹരിക്കുന്നതിന് എഐ മോഡൽ വികസിപ്പിക്കുന്നതിൽ ഡെമിസ് ഹസാബിസും ജോൺ എം ജംപറും വിജയിച്ചു. ഈ കണ്ടുപിടുത്തങ്ങൾക്ക് വലിയ സാധ്യതകളുണ്ട്,'' നൊബേൽ കമ്മിറ്റി അറിയിച്ചു.

“ഈ വർഷം അംഗീകരിക്കപ്പെട്ട ഒരു കണ്ടുപിടുത്തം അതിശയകരമായ പ്രോട്ടീനുകളുടെ നിർമാണം സംബന്ധിച്ചുള്ളതാണ്. മറ്റൊന്ന്, പ്രോട്ടീൻ ഘടനകളെ അവയുടെ അമിനോ ആസിഡ് സീക്വൻസുകളിൽനിന്ന് പ്രവചിക്കുകയെന്ന 50 വർഷം പഴക്കമുള്ള സ്വപ്നം നിറവേറ്റുന്നതിനെക്കുറിച്ചുള്ളതാണ്. ഈ രണ്ട് കണ്ടെത്തലുകളും വിശാലമായ സാധ്യതകൾ തുറക്കുന്നു,” രസതന്ത്രത്തിനുള്ള നോബൽ കമ്മിറ്റി ചെയർ ഹൈനർ ലിങ്കെ പറഞ്ഞു.

പ്രോട്ടീനുകളിൽ സാധാരണയായി 20 വ്യത്യസ്ത അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു, അവയെ ജീവൻ്റെ നിർമ്മാണ ബ്ലോക്കുകൾ എന്ന് വിശേഷിപ്പിക്കാം. 2003-ൽ ഡേവിഡ് ബേക്കർ ഈ ബ്ലോക്കുകൾ ഉപയോഗിച്ച് മറ്റേതൊരു പ്രോട്ടീനിൽ നിന്നും വ്യത്യസ്തമായ ഒരു പുതിയ പ്രോട്ടീൻ രൂപകൽപ്പന ചെയ്യുന്നതിൽ വിജയിച്ചു.

ഡെമിസ് ഹസാബിസും ജോൺ ജംപറും ചേർന്ന് 2020-ൽ  ആൽഫഫോൾഡ്2 എന്ന എഐ മോഡൽ അവതരിപ്പിച്ചു. അതിൻ്റെ സഹായത്തോടെ, ഗവേഷകർ തിരിച്ചറിഞ്ഞ 20 കോടി പ്രോട്ടീനുകളുടെ ഘടന പ്രവചിക്കാൻ അവർക്ക് കഴിഞ്ഞു. തുടന്ന് 190 രാജ്യങ്ങളിൽനിന്നുള്ള 20 ലക്ഷത്തിലധികം ആളുകൾ ആൽഫഫോൾഡ്2 ഉപയോഗിച്ചു. ഗവേഷകർക്ക് ഇപ്പോൾ ആൻറിബയോട്ടിക് പ്രതിരോധം നന്നായി മനസ്സിലാക്കാനും പ്ലാസ്റ്റിക് വിഘടിപ്പിക്കാൻ കഴിയുന്ന എൻസൈമുകളുടെ ചിത്രങ്ങൾ സൃഷ്ടിക്കാനും കഴിയും.

മോംഗി ഗബ്രിയേല്‍ ബവേൻഡി, ലൂയിസ് ഇ ബ്രസ്, അലക്സി ഇവാനോവിച്ച് എകിമോവ് എന്നിവർക്കായിരുന്നു കഴിഞ്ഞവർഷത്തെ രസതന്ത്ര നൊബേല്‍. അർധചാലക നാനോ ക്രിസ്റ്റലുകളുടെ കണ്ടെത്തലിനും സമന്വയത്തിനുമായിരുന്നു അംഗീകാരം. ബഹുമതിക്ക് അർഹരായവരുടെ പേരുകൾ മാധ്യങ്ങളിലൂടെ മണിക്കൂറുകൾക്ക് മുൻപ് ചോർന്നിരുന്നു.

ഈ വർഷത്തെ വൈദ്യശാസ്ത്ര, ഭൗതികശാസ്ത്ര നൊബേലുകൾ കഴിഞ്ഞദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു.

അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസും ഗാരി റവ്കുനുമാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹരായത്. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനും ട്രാൻസ്‌ക്രിപ്ഷനുശേഷം ജീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ അതിന്റ പങ്കും സംബന്ധിച്ച പഠനത്തിനുമാണ് ഇരുവരും പുരസ്കാരത്തിന് അർഹമായതെന്ന് നൊബേൽ കമ്മിറ്റി അറിയിച്ചു.

അമേരിക്കൻ ഗവേഷകൻ ജോൺ ജെ ഹോപ്‌ഫീൽഡ്, കനേഡിയൻ ഗവേഷകൻ ജെഫ്രി ഇ ഹിന്റൺ എന്നിവരാണ് ഭൗതികശാസ്ത്ര നൊബേലിന് അർഹരായത്. നിർമിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീൻ ലേണിങ് സങ്കേതം വികസിപ്പിച്ചതിനാണ് ഇരുവരും പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം

എ ഡി എമ്മിന്റെ ആത്മഹത്യ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്

അഞ്ച് ബാറ്റർമാർ പൂജ്യത്തില്‍, രണ്ടക്കം കടന്നത് പന്തും ജയ്സ്വാളും മാത്രം; ന്യൂസിലൻഡിനെതിരെ 46 റണ്‍സില്‍ ഇന്ത്യ പുറത്ത്

'പൗരത്വ ഭേദഗതിയിലെ ആറാം വകുപ്പ് ഭരണഘടനയ്ക്ക് അനുസൃതം'; നിർണായക വിധിയുമായി സുപ്രീംകോടതി

'മോദിയോട് വിയോജിപ്പുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ലോറൻസ് ബിഷ്ണോയ് സംഘത്തിന് കൈമാറുന്നു'; ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ട്രൂഡോ