മനുഷ്യന്റെ അസ്ഥികൂട അവശിഷ്ടങ്ങളില്‍നിന്ന് പ്ലേഗിന് കാരണമായ ബാക്ടീരിയയുടെ ആദ്യ ഡിഎന്‍എ കണ്ടെത്തി ഇംഗ്ലണ്ടിലെ ഗവേഷകർ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള 'യെർസിനിയ പെസ്റ്റിസ്' ബാക്ടീരിയയുടെ ഡിഎന്‍എയാണ് ശ്മശാനങ്ങള്‍ കുഴിച്ച് നടത്തിയ പഠനത്തില്‍ ഒരു സംഘം ഗവേഷകർ കണ്ടെത്തിയത്.
ഇവ നിയോലിത്തിക്ക് കാലഘട്ടത്തിന്റെ അവസാനത്തിലും വെങ്കലയുഗത്തിലും പടർന്നുപിടിച്ച പ്ലേഗിന്റെ അവശിഷ്ടങ്ങളാണെന്നാണ് വിലയിരുത്തല്‍. ഇവയ്ക്ക് 4,000 വർഷം പഴക്കമുണ്ടെന്ന് നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
2018 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ 1,500 വർഷം പഴക്കമുള്ള ബാക്ടീരിയയാണ് ഏറ്റവും കാലപ്പഴക്കം ഉണ്ടായിരുന്നത്. ഇതിനേക്കാള്‍ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ് യെർസിനിയ പെസ്റ്റിസിന്റെ ഡിഎന്‍എ
മുന്‍പ് നടത്തിയ ഗവേഷണ പഠനങ്ങളില്‍ കണ്ടെത്തിയ പഴക്കം ചെന്ന ബാക്ടീരിയകളുടെ ഡിഎന്‍എയെക്കാള്‍ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ് യെർസിനിയ പെസ്റ്റിസിന്റെ ഡിഎന്‍എ. പ്ലേഗിന് കാരണമാകുന്ന ബാക്ടീരിയയുടെ സാമ്പിളുകൾ രണ്ട് വ്യത്യസ്ത ശ്മശാനങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സോമർസെറ്റ് കൗണ്ടിയില് നിന്നും ഇംഗ്ലണ്ടിന്റെയും സ്കോട്ട്ലൻഡിന്റെയും അതിർത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറൻ കൗണ്ടിയായ കംബ്രിയയില്‍നിന്നും.
2018 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ 1,500 വർഷം പഴക്കമുള്ള ബാക്ടീരിയയായിരുന്നു ഏറ്റവും കാലപ്പഴക്കം ചെന്നത്. ഇത് കേംബ്രിഡ്ജ്ഷെയറിലെ ഏദിക്സ് ഹിൽ എന്നറിയപ്പെടുന്ന ശ്മശാനത്തില്‍നിന്നാണ് തിരിച്ചറിഞ്ഞതെന്ന് ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്കോഗ്ലണ്ട് ലബോറട്ടറിയിലെ ഡോക്ടറൽ വിദ്യാർത്ഥിയായ പൂജ സ്വാലി പറഞ്ഞു.
4,000 വർഷം പഴക്കമുള്ള ബാക്ടീരിയയെ ഗവേഷകർ എങ്ങനെ കണ്ടെത്തി?
രണ്ട് ശ്മശാനങ്ങളില്‍നിന്നായി 34 വ്യക്തികളുടെ അസ്ഥികൂട അവശിഷ്ടങ്ങളിൽനിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. മനുഷ്യാവശിഷ്ടത്തിലെ പല്ലുകളില്‍നിന്ന് ഡെന്റൽ പൾപ്പ് വേർതിരിച്ചെടുത്തു. ഇതില്‍ പകർച്ചവ്യാധികളുടെ ഡിഎന്‍എയുടെ അവശിഷ്ടങ്ങള്‍ ശേഷിക്കും. ഈ ജീനോമുകള്‍ക്ക് മുൻകാലങ്ങളിലെ രോഗകാരികളുടെ വ്യാപനത്തെയും പരിണാമത്തെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് ഗവേഷകർ പറയുന്നു. കൂടാതെ പകർച്ചവ്യാധികൾ പടരുന്നതിൽ ഏത് ജീനുകളാണ് പ്രധാനമെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നും അവർ വ്യക്തമാക്കുന്നു.
രോഗവ്യാപനത്തെക്കുറിച്ച് നടത്തിയ പഠനം
യെർസിനിയ പെസ്റ്റിസിന്റെ ജനിതക വിശകലനം ഉപയോഗിച്ച്, ബ്രിട്ടനിൽ പ്ലേഗ് പടർന്ന് പിടിച്ചത് രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലാണെന്ന് ഗവേഷകർ കണ്ടെത്തി. ഈ രോഗം 4,000 വർഷങ്ങൾക്ക് മുൻപ് ഉണ്ടായതായി പഠനം തെളിയിക്കുന്നു. പിന്നീട്, ഏകദേശം 1,500 വർഷങ്ങൾക്ക് മുൻപ് വീണ്ടും രോഗം വ്യാപിച്ചതായി ജെറുസലേമിലെ ഹീബ്രു സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗത്തിലെ സീനിയർ ലക്ചറർ ഡോ. ലീ മോർഡച്ചായ് സ്ഥിരീകരിച്ചു.
എന്നാല്‍, രോഗം എങ്ങനെ ഉണ്ടായെന്നോ എങ്ങനെ പടർന്നെന്നോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അവശിഷ്ടങ്ങള്‍ ശേഖരിച്ച മനുഷ്യരുടെ മരണകാരണം പ്ലേഗല്ലെന്ന കണ്ടെത്തിയിട്ടുണ്ട്. ഇത് രോഗം ഗുരുതരമായിരുന്നില്ലെന്നാണ് തെളിയിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.