പ്രതീകാത്മ ചിത്രം 
Science

ഹിമാലയത്തിൽ 600 ദശലക്ഷം വർഷം പഴക്കമുള്ള സമുദ്രജലം; നിർണായക കണ്ടെത്തലുമായി ഗവേഷകർ

പുതിയ കണ്ടെത്തലിലൂടെ പുരാതന സമുദ്രത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൂടുതൽ വെളിപ്പെടുത്തലുകൾ ഉയർന്നുവരാൻ സാധ്യതയുണ്ട്

വെബ് ഡെസ്ക്

പ്രകൃതിയിലെ അത്ഭുതങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. ഇപ്പോഴിതാ, സമുദ്രങ്ങളിലെയും ഭൂമിയിലെയും ജീവന്റെ പരിണാമത്തിലേക്ക് വെളിച്ചം വീശിയേക്കാവുന്ന നിർണായക കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. 600 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഹിമാലയൻ മേഖലയിലുണ്ടായിരുന്ന ഒരു പുരാതന സമുദ്രത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി), ജപ്പാനിലെ നീഗാറ്റ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ.

കാൽസ്യം, മഗ്നീഷ്യം കാർബണേറ്റുകൾ എന്നിവയാൽ സമ്പന്നമായ ധാതു നിക്ഷേപങ്ങൾ ആണ് ഹിമാലയത്തിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. പുതിയ കണ്ടെത്തലിലൂടെ പുരാതന സമുദ്രത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൂടുതൽ വെളിപ്പെടുത്തലുകൾ ഉയർന്നുവരാൻ സാധ്യതയുണ്ട്. 700 മുതൽ 500 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്, സ്നോബോൾ എർത്ത് ഗ്ലേസിയേഷൻ എന്ന് വിളിക്കപ്പെടുന്ന കട്ടിയുള്ള മഞ്ഞുപാളികൾ ഭൂമിയെ വളരെക്കാലം മൂടിയിരുന്നുവെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഇത് പിന്നീട് ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്‌സിജന്റെ അളവ് വർധിപ്പിക്കുകയും സങ്കീർണമായ ജീവരൂപങ്ങളുടെ പരിണാമത്തിലേക്ക് നയിക്കുകയും ചെയ്തതായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കൃത്യമായി സംരക്ഷിക്കപ്പെട്ട ഫോസിലുകളുടെ ദൗർലഭ്യവും പുരാതന സമുദ്രങ്ങൾ കണ്ടെത്താൻ കഴിയാത്തതും കാരണം സ്നോബോൾ എർത്ത് ഗ്ലേസിയേഷനും സെക്കന്റ് ഗ്രേറ്റ് ഓക്സിജനേഷൻ ഇവന്റും തമ്മിലുള്ള ബന്ധം അവ്യക്തമായി തുടരുകയായിരുന്നു. എന്നാൽ ഹിമാലയത്തിൽ പുതുതായി കണ്ടെത്തിയ സമുദ്ര പാറകൾക്ക് ഇതിനെ കുറിച്ചുള്ള വ്യക്തമായ ഉത്തരങ്ങൾ നൽകാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.

പുരാതന സമുദ്രങ്ങളെ കുറിച്ച് നമുക്ക് കൂടുതൽ അറിയില്ല. ഇന്നത്തെ സമുദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവ എത്ര വ്യത്യസ്തമാണെന്നോ അവ കൂടുതൽ അമ്ലതയാര്‍ന്നതായിരുന്നോ, പോഷക സമ്പുഷ്ടമോ അപര്യാപ്തമോ, ഊഷ്മളമോ തണുപ്പോ ആയിരുന്നോ, അവയുടെ രാസ, ഐസോടോപിക് ഘടന എന്തായിരുന്നുവെന്നോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിവരങ്ങള്‍ ഇനി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ശാസ്ത്രസംഘം പറയുന്നു. അത്തരം സ്ഥിതിവിവരക്കണക്കുകൾക്ക് ഭൂമിയുടെ മുൻകാല കാലാവസ്ഥയെക്കുറിച്ചുള്ള സൂചനകളും നൽകാൻ കഴിയും.

സ്നോബോൾ എർത്ത് ഗ്ലേസിയേഷൻ സമയത്ത്, അവശിഷ്ട തടങ്ങളിൽ കാൽസ്യത്തിന്റെ കുറവ് അനുഭവപ്പെട്ടതായി ശാസ്ത്രസംഘത്തിന്റെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. തൽഫലമായി, വെള്ളത്തിൽ നിന്ന് കൂടുതൽ കാൽസ്യം അടിഞ്ഞുകൂടാൻ തുടങ്ങി, ഇത് മഗ്നീഷ്യത്തിന്റെ സാന്ദ്രത വർധിപ്പിക്കുന്നതിന് കാരണമായി. ഈ കാൽസ്യത്തിന്റെ അഭാവം പോഷകങ്ങളുടെ കുറവിന് കാരണമായേക്കാം, ഇത് സാവധാനത്തിൽ വളരുന്ന ഫോട്ടോസിന്തറ്റിക് സയനോബാക്ടീരിയയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.

പടിഞ്ഞാറൻ കുമയോൺ ഹിമാലയത്തിലെ അമൃത്പൂർ മുതൽ മിലാം ഹിമാനി വരെയും ഡെറാഡൂൺ മുതൽ ഗംഗോത്രി ഹിമാനി മേഖല വരെയുമാണ് ഗവേഷകർ പഠനം നടത്തിയത്. പ്രീകാംബ്രിയൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഈ പുതിയ കണ്ടെത്തലിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. തണുത്തുറഞ്ഞ മഞ്ഞുപാളിക്കുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ജല കണികകളെ കണ്ടെത്തിയത്. പുരാതന സമുദ്രജലത്തിൽ നിന്നുള്ള മഴയിൽ നിന്നാണ് ഈ നിക്ഷേപങ്ങൾ ഉത്ഭവിച്ചതെന്നാണ് വിപുലമായ രീതിയിൽ നടത്തിയ ലബോറട്ടറി പരിശോധനകൾ വഴി സ്ഥിരീകരിച്ചത്. ഭൂമിയുടെ മുൻകാല കാലാവസ്ഥയെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകാനും പുതിയ കണ്ടെത്തലിന് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍