മെഡിറ്റനേറിയന്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ അവിശ്വസനീയമായൊരു കണ്ടത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ പുരാവസ്തു ഗവേഷകര്‍. ക്രൊയേഷ്യൻ ദ്വീപായ കോർക്കുലയ്ക്ക് സമീപം കടലിനടിയില്‍ നിന്ന് കണ്ടെത്തിയത് ഒരു റോഡാണ്; അതും 7000 വര്‍ഷം പഴക്കമുള്ളത്.
മെഡിറ്ററേനിയൻ സമുദ്രത്തിൽ ചെളിയും മണ്ണും മൂടിയ നിലയിൽ അവശേഷിച്ച റോഡാണ് കണ്ടെത്തിയത്. ശിലാഫലകങ്ങൾ അടുക്കിവച്ച മാതൃകയിലാണ് റോഡുള്ളത്. നിലവിൽ കണ്ടെത്തിയിരിക്കുന്ന റോഡിന് 13 അടി വീതിയാണുള്ളത്. കോര്‍ക്കുല ദ്വീപുമായി ഹ്വാര്‍ സംസ്കാരത്തിലെ മറ്റൊരു ജനവാസകേന്ദ്രത്തെ ബന്ധിപ്പിച്ചിരുന്നതാകാം ഇതെന്നാണ് കരുതുന്നത്.
റോഡിന്റെ പഴക്കം മനസ്സിലാക്കാനായി റേഡിയോ കാർബൺ വിശകലനമാണ് ഗവേഷകർ ഉപയോഗിച്ചത്. 4,900ബിസിയിലുള്ളതാണ് റോഡെന്ന് ഇതുവഴി കണ്ടെത്തി. ഏകദേശം 7000 വർഷങ്ങൾക്ക് മുൻപ് ആളുകൾ ഈ റോഡിലൂടെ നടന്നിരുന്നെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.
നവീനശിലായുഗത്തില്‍ ഹ്വാര്‍ സംസ്കാരത്തിന്റെ ഭാഗമായിരുന്നവര്‍ അധിവസിച്ചിരുന്ന മേഖലയാണ് സൊലീന്‍ . ഹ്വാർ സംസ്കാരവുമായി ബന്ധപ്പെട്ട് ഏറ്റവും വലുതും സംരക്ഷിക്കപ്പെട്ടതുമായ മേഖലയിലൊന്നായാണ് സൊലീന്‍ കണക്കാക്കപ്പെടുന്നത്.
2021ലാണ് ഹ്വാര്‍ സംസ്കാരത്തിന്റെ അവശേഷിപ്പുകളടങ്ങിയ സൊലീന്‍ മേഖല ക്രൊയേഷ്യയിലെ സഡര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തുന്നത്. സമുദ്രപര്യവേഷണത്തിനൊപ്പം ഭൂമിയിലെ മാറ്റങ്ങളും ഇവര്‍ നിരീക്ഷിച്ചിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തിയ റോഡ് ഇതുവഴിയാണ് ഹ്വാര്‍ സംസ്കാരവുമായി അവര്‍ ബന്ധപ്പെടുത്തിയത്. ഉള്‍ക്കടലില്‍ കൂടുതല്‍ വിചിത്രമായ ഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഹ്വാർ സംസ്കാരം എത്രത്തോളം വലുതാണെന്നതിന്റെ തെളിവ് കൂടിയാണ് പുതിയ കണ്ടെത്തൽ. ശിലായുഗത്തില്‍ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ജനവാസ കേന്ദ്രങ്ങളും ഹൈവേകളും ഉണ്ടായിരുന്നെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.