വെള്ളമില്ലാതെ ജീവൻ നിലനിർത്തുകയെന്നതു മനുഷ്യരെ സംബന്ധിച്ച് അസാധ്യമാണ്. ഇക്കാര്യത്തിൽ മനുഷ്യർ ഉൾപ്പെടുന്ന ബഹിരാകാശ ദൗത്യങ്ങള്‍ നേരിടുന്ന പ്രതിസന്ധി ചെറുതല്ല. ഇതിനൊരു പരിഹാരമായി മൂത്രത്തെ കുടിവെള്ളമാക്കി മാറ്റാന്‍ കഴിയുന്ന സ്‌പേസ് സ്യൂട്ട് രൂപകല്‍പ്പന ചെയ്തിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
സയന്‍സ് ഫിക്ഷന്‍ ക്ലാസിക് ട്യൂണിലെ സ്റ്റില്‍ സ്യൂട്ടുകളുടെ മാതൃകയിലുള്ള പ്രോട്ടോടൈപ്പ്, മൂത്രം ശേഖരിച്ച് ശുദ്ധീകരിച്ചശേഷം അഞ്ച് മിനുറ്റിനുള്ളില്‍ ഒരു ഡ്രിങ്ക് ട്യൂബ് വഴി ബഹിരാകാശ യാത്രികനു തിരികെ നല്‍കും. മൂത്രം ശുദ്ധീകരിച്ച വെള്ളം ഇലക്ട്രോലൈറ്റുകളാല്‍ സമ്പുഷ്ടമാക്കിയാണ് ബഹിരാകാശ യാത്രികര്‍ക്ക് എനര്‍ജി ഡ്രിങ്കായി നൽകുക.
പുതിയ സ്യൂട്ട്, വരാനിരിക്കുന്ന ചാന്ദ്ര പര്യവേഷണങ്ങളില്‍ ദീര്‍ഘമായ ബഹിരാകാശ നടത്തത്തിന് ബഹിരാകാശ യാത്രികരെ പ്രാപ്തരാക്കും. നാസയുടെ ആര്‍ട്ടെമിസ് പ്രോഗ്രാം അവസാനിക്കുന്നതിനു മുന്‍പ് ഇത് പ്രാവര്‍ത്തികമാക്കാനാകുമെന്നാണ് സ്യൂട്ടിനു പിന്നിലെ ഗവേഷകരുടെ പ്രതീക്ഷ. മറ്റൊരു ലോകത്ത് എങ്ങനെ ജീവിക്കാമെന്നും ദീര്‍ഘകാലം എങ്ങനെ പ്രവര്‍ത്തിക്കാമെന്നുമുള്ളതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സൂട്ടിന്റെ രൂപകൽപ്പന.
ബഹിരാകാശ യാത്രികരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ഒന്നിലധികം സുരക്ഷാസംവിധാനങ്ങളോടെ കുടിവെള്ളം തുടര്‍ച്ചയായി വിതരണം ചെയ്യുന്ന, സംയോജിത ഫോര്‍വേഡ് റിവേഴ്‌സ് ഓസ്‌മോസിസ് യൂണിറ്റിലേക്ക് നയിക്കുന്ന വാക്വം അധിഷ്ഠിത ബാഹ്യ കത്തീറ്റര്‍ രൂപകല്‍പ്പനയില്‍ ഉള്‍പ്പെടുന്നതായി വെയില്‍ കോര്‍ണെല്‍ മെഡിസിന്‍ ആന്‍ഡ് കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സോഫിയ എറ്റ്‌ലിന്‍ പറഞ്ഞു.
2030ഓടെ ചൊവ്വയിലേക്കു ക്രൂഡ് ദൗത്യങ്ങള്‍ ആരംഭിക്കുകയെന്ന പ്രഖ്യാപിത അഭിലാഷത്തോടെ ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തില്‍ ഒരു ക്രൂവിനെ ഇറക്കാന്‍ ലക്ഷ്യമിട്ടുള്ള ആര്‍ട്ടെമിസ് മൂന്ന് ദൗത്യത്തിന് നാസ 2026ല്‍ തയ്യാറെടുക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മൂത്രവും വിയര്‍പ്പും പതിവായി പുനഃരുപയോഗം ചെയ്യപ്പെടുന്നു. എന്നാല്‍ ബഹിരാകാശ യാത്രികര്‍ പര്യവേഷണത്തിനു പുറപ്പെടുമ്പോള്‍ തതുല്യമായ ഒരു സംവിധാനം ആവശ്യമാണെന്ന് സോഫിയ എറ്റ്‌ലിന്‍ പറയുന്നു.
ബഹിരാകാശ സഞ്ചാരികള്‍ക്ക് അവരുടെ ഇന്‍-സ്യൂട്ട് ഡ്രിങ്ക് ബാഗുകളില്‍ നിലവില്‍ ഒരു ലിറ്റര്‍ വെള്ളം മാത്രമേ ലഭ്യമാകൂ. 10 മണിക്കൂറോ ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുകയോ ചെയ്യുന്ന ചാന്ദ്രബഹിരാകാശ നടത്തങ്ങള്‍ക്ക് ഇത് അപര്യാപ്തമാകും.
മാക്‌സിമം അബ്‌സര്‍ബന്‍സി ഗാര്‍മെന്‌റ് (എംഎജി)എന്നറിയപ്പെടുന്ന നിലവിലുള്ള മാലിന്യ സംസ്‌കരണ പരിഹാരത്തെക്കുറിച്ചും ദീര്‍ഘകാലമായി പരാതികളുണ്ട്. വസ്ത്രങ്ങള്‍ ചോര്‍ച്ച സാധ്യതയുള്ളതും സുഖകരമല്ലാത്തതും വൃത്തിഹീനവുമാണ്. ഇത് ബഹിരാകാശ നടത്തത്തിനു മുന്‍പ് യാത്രികരെ വെള്ളവും ഭക്ഷണവും പരിമിതപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നു. മൂത്രനാളിയിലെ അണുബാധയെക്കുറിച്ചും പരാതിയുണ്ട്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്ത വലുപ്പത്തിലായി ജനനേന്ദ്രിയത്തിനു ചുറ്റും യോജിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ സിലിക്കണിന്‌റെ കളക്ഷന്‍ കപ്പ് ഉള്‍ക്കൊള്ളുന്നതാണ് നിര്‍ദിഷ്ട സ്റ്റില്‍സ്യൂട്ട് സിസ്റ്റം. ഫ്‌ലെക്‌സിബിള്‍ ഫാബ്രിക്കിന്‌റെ ഒന്നിലധികം പാളികള്‍ ഉപയോഗിച്ചുള്ള അടിവസ്ത്രത്തില്‍ ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നു.
ബഹിരാകാശ യാത്രികന്‍ മൂത്രമൊഴിക്കാന്‍ തുടങ്ങുമ്പോള്‍തന്നെ സ്വയമേവ സ്വിച്ച് ചെയ്യുന്ന മോയ്‌സ്ചര്‍ ആക്ടിവേറ്റഡ് ആയ വാക്വം പമ്പുമായി സിലിക്കോണ്‍ കപ്പ് ബന്ധിപ്പിച്ചിരിക്കുന്നു. ശേഖരിച്ചുകഴിഞ്ഞാല്‍, മൂത്രം ശുദ്ധീകരണ സംവിധാനത്തിലേക്ക് തിരിച്ചുവിടുന്നു. ഇത് 87 ശതമാനം കാര്യക്ഷമതയോടെ വെള്ളമായി പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നു. മൂത്രത്തില്‍നിന്ന് വെള്ളം നീക്കം ചെയ്യാന്‍ ഒരു ഓസ്‌മോസിസ് സിസ്റ്റവും ഉപ്പില്‍നിന്ന് വെള്ളം വേര്‍തിരിക്കുന്നതിനുള്ള ഒരു പമ്പും സിസ്റ്റം ഉപയോഗിക്കുന്നു.
500 മില്ലിഗ്രാം മൂത്രം ശേഖരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമായി അഞ്ച് മിനുറ്റ് മാത്രമാണ് എടുക്കുന്നത്. ശുദ്ധീകരിച്ച വെള്ളം ഇലക്ട്രോലൈറ്റുകളാല്‍ സമ്പുഷ്ടമാക്കുകയും ബഹരികാശ യാത്രികര്‍ക്ക് എനെര്‍ജി ഡ്രിങ്കായി തിരികെ നല്‍കുകയും ചെയ്യുന്നു.
ഏകദേശം എട്ട് കിലോഗ്രാം ഭാരവും 38 സെ.മീ, 23 സെ.മീ, 23 സെ.മീ അളവുള്ള സിസ്റ്റം വേണ്ടത്ര ഒതുക്കമുള്ളതും സ്‌പേസ് സ്യൂട്ടിന്‌റെ പിന്‍ഭാഗത്ത് കൊണ്ടുപോകാന്‍ സാധിക്കുന്നതും ഭാരം കുറഞ്ഞതുമാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുന്നതിനായി ന്യൂയോര്‍ക്കില്‍നിന്ന് 100 സന്നദ്ധപ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാന്‍ ടീം പദ്ധതിയിടുന്നുണ്ട്.