Science

താപനില ഉയരുന്നത് നായകളെ ആക്രമണകാരികളാക്കുമോ ? ഉത്തരം തേടി ശാസ്ത്രജ്ഞർ

പൊതു സുരക്ഷ ഉറപ്പാക്കാനും, നായയുടെ കടിയേൽക്കുന്ന സംഭവങ്ങൾ തടയുന്നതിനും ഇത്തരം പഠനങ്ങൾ ഉപകരിക്കും

വെബ് ഡെസ്ക്

തെരുവ് നായകളുടെ ആക്രമണവും അതുമായി ബന്ധപ്പെട്ട വാർത്തകളും കേരളത്തിൽ തുടർക്കഥയാണ്. തെരുവ് നായകൾ മാത്രമല്ല വീട്ടിൽ ഓമനിച്ച് വളർത്തുന്ന നായകളും ചിലപ്പോൾ അപകടകാരികളാകാറുണ്ട്. എന്തായിരിക്കും ഈ നായകൾ ഇത്ര അപകടകാരികളായി മാറാൻ കാരണം ? അതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ചില ശാസ്ത്രജ്ഞർ.

ചൂട്, വെയിൽ, വായു മലിനീകരണം എന്നിവ കൂടുതലുള്ള ദിവസങ്ങളിലും നായകൾ മനുഷ്യരെ കടിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സമയങ്ങളിൽ നായകളുടെ ആക്രമണ സാധ്യത 11 ശതമാനത്തോളം ഉയരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

നായകളുടെ ആക്രമണ സാധ്യതകളെപ്പറ്റി മുൻപും പഠനങ്ങൾ നടന്നിട്ടുണ്ട്. താപനിലയിലുണ്ടാകുന്ന വ്യത്യാസവും വർധിച്ചു വരുന്ന വായു മലിനീകരണവും മനുഷ്യർ, റീസസ് കുരങ്ങുകൾ, എലി എന്നിവയിൽ കൂടുതൽ ആക്രമണ സാധ്യത ഉണ്ടാക്കുമെന്ന് പറയുന്നു.

പാരിസ്ഥിതിക ഘടകങ്ങളും നായകളിലെ ആക്രമണ സാധ്യതകളെയും കുറിച്ച് സമഗ്രമായ പഠനമാണ് ശാസ്ത്രജ്ഞർ നടത്തിയത്. കാലാവസ്ഥയും, വായു മലിനീകരണവും നായകളിൽ മനുഷ്യനെ ആക്രമിക്കാനുള്ള ഘടകങ്ങളായി പ്രവർത്തിക്കുണ്ടോ എന്നതാണ് പ്രധാനമായും ഗവേഷകർ പരിശോധിച്ചത്. സയന്റിഫിക് റിപ്പോർട്ട് ജേർണൽ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലൂടെയാണ് പഠന ഫലങ്ങൾ പുറത്ത് വന്നത്.

മനുഷ്യനും നായകളും തമ്മിലുള്ള സമ്പർക്കത്തിൽ നായകൾക്ക് ശത്രുതാ സ്വഭാവം കൈവരിക്കാനുള്ള സാധ്യത ഏറുന്നത് ചൂട്, വെയിൽ അതുമല്ലെങ്കിൽ മൂടൽ മഞ്ഞുള്ള കാലാവസ്ഥയിലായിരിക്കുമെന്നാണ് സയന്റിഫിക് റിപ്പോർട്ട് ജേർണലിൽ പറയുന്നത്. മനുഷ്യരുടെ പ്രകൃതി ചൂഷണത്തിന്റെ ഫലമായി ലോകമാകമാനം വർധിച്ചു വരുന്ന വായു മലിനീകരണത്തിന്റെയും അതികഠിനമായ ചൂടിന്റെയും മറ്റൊരു പരിണിത ഫലങ്ങളിൽ ഒന്നാണ് നായകളിൽ കണ്ടുവരുന്ന ഈ ആക്രമണവാസനയെന്നാണ് ഗവേഷകരുടെ അഭിപ്രായം.

അൾട്രാ വയലറ്റ് കിരണങ്ങളുടെ കൂടിയ അളവ്, ഉയർന്ന താപനില,വർധിച്ച ഓസോൺ ബഹിർഗമനം തുടങ്ങിയ ഘടകങ്ങൾ നായകളിലെ അക്രമ വാസന വർധിപ്പിക്കുന്നു. അൾട്രാ വയലറ്റ് കിരണങ്ങളുടെ അളവ് കൂടിയ ദിവസങ്ങളിൽ 11 ശതമാനവും, ചൂട് കൂടിയ ദിവസങ്ങളിൽ 4 ശതമാനവും, ഓസോൺ അളവ് കൂടുതലുളള ദിവസങ്ങളിൽ 3 ശതമാനവുമാണ് നായകൾ മനുഷ്യരെ കടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ മഴയുള്ള ദിവസങ്ങളിൽ നായ മനുഷ്യരെ കടിക്കുന്നത് ഒരു ശതമാനത്തോളം കുറയുന്നതായാണ് കണക്കുകൾ. മാത്രമല്ല അന്തരീക്ഷ മലിനീകരണം വർധിപ്പിക്കുന്ന കണങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും നായകൾ ഉപദ്രവകാരികളാകുമെന്നാണ് ഈ പഠനത്തിലൂടെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

നായകളുടെ ആക്രമണ സാധ്യതയും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും പഠന വിധേയമാക്കിയത്. എന്നാൽ നായകളുടെ ഇനം, ലൈംഗികത, വന്ധ്യംകരണത്തിന് വിധേയമായോ ഇല്ലയോ തുടങ്ങിയവ ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കടിയേറ്റയാൾക്ക് നായയുമായുള്ള മുൻ പരിചയം, തമ്മിലുള്ള ഇടപെടലുകൾ തുടങ്ങിയവയും ഈ പഠനത്തിന് വിധേയമാക്കിയിട്ടില്ല.

അമേരിക്കയിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ക്ലാസ് ലിൻ മാനും സഹപ്രവർത്തകരും ചേർന്നാണ് ഗവേഷണത്തിന് മുൻകൈ എടുത്തത്. ഡാലസ്, ഹൂസ്റ്റൺ, ബാൾട്ടിമോർ, ബാറ്റൺ റൂജ്, ചിക്കാഗോ, ലൂയിസ് വില്ലെ, ലോസ് ഏഞ്ചൽസ്, ന്യൂ യോർക്ക് സിറ്റി തുടങ്ങിയ യു എസ്സിലെ എട്ട് പ്രധാന പട്ടണങ്ങളിൽ 2009 മുതൽ 2018 വരെയായിരുന്നു ഗവേഷണ കാലയളവ്.

നായകളുടെ ആക്രമണ സ്വഭാവത്തെപ്പറ്റിയുള്ള പഠനത്തിന് സമീപ കാലത്ത് പ്രാധാന്യ മേറി വരികയാണ്. പൊതു സുരക്ഷ ഉറപ്പാക്കാനും, നായയുടെ ആക്രമണങ്ങൾ തടയുന്നതിനും ഇത്തരം പഠനങ്ങൾ ഉപകരിക്കും. ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങളും ബോധവത്കരണവും നടപ്പാക്കുന്നത് വഴി നായയുടെ ആക്രമണത്തിൽ നിന്ന് മനുഷ്യരുടെയും മറ്റ്‌ ജീവജാലങ്ങളുടെയും സുരക്ഷ ഉറപ്പാക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ വിശദീകരണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ