ചന്ദ്രനെ കീഴടക്കിയ ഇന്ത്യയുടെ പ്രയാണമിനി സൂര്യനിലേക്ക്. രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യ പേടകം ആദിത്യ എൽ - 1 ഇന്ന് വിക്ഷേപിക്കും. 23 മണിക്കൂറും നാല്പത് മിനുട്ടും നീണ്ടു നിന്ന കൗണ്ട് ഡൗൺ പൂർത്തീകരിച്ച് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് രാവിലെ 11: 50 ന് പിഎസ്എൽവി - സി 57 റോക്കറ്റ് ആദിത്യ എൽ 1 പേടകത്തെ വഹിച്ചുകൊണ്ട് ആകാശത്തിലേക്കു കുതിക്കും. വിക്ഷേപിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞാണ് പേടകം റോക്കറ്റിൽ നിന്ന് വേർപ്പെട്ടു നിശ്ചിത ഭ്രമണപഥത്തിൽ എത്തിച്ചേരുക.
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ചിലേക്കാണ് ആദിത്യ പേടകത്തിന്റെ യാത്ര. 125 ഓളം ദിവസമെടുത്താകും പേടകം ഈ ബിന്ദുവിലെത്തുക. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണ ബലം സമാനമാകുന്ന സൗരയൂഥത്തിലെ അഞ്ചു പോയിന്റുകളിലൊന്നാണ് ലഗ്രാഞ്ച് - ഒന്ന്. വിക്ഷേപണത്തോടെ ഭൂമിയിൽ നിന്ന് ഏറ്റവും കൂടിയ അകലമായ 19,500 കിലോമീറ്ററും കുറഞ്ഞ അകലമായ 253 കിലോമീറ്ററും വരുന്ന ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തുന്ന പേടകത്തെ പിന്നീട് ഘട്ടം ഘട്ടമായി ലോ പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴി ഭ്രമണപഥം മാറ്റി ലഗ്രാഞ്ച് - ഒന്നിൽ എത്തിക്കും.
സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യ ഭാഗത്തെ താപ വ്യതിയാനം സൂര്യന്റെ പാളികളായ ഫോട്ടോ സ്ഫിയർ ,ക്രോമോ സ്പിയർ ,പുറത്തെ പാളിയായ കൊറോനാ എന്നിവയെ കുറിച്ചാണ് ആദിത്യ എൽ - 1 പഠിക്കുക . പേടകത്തിൽ പഠനത്തിനായി 7 പേലോഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത് .ഇതിൽ നാലെണ്ണം സൂര്യനെ കുറിച്ചതും മൂന്നെണ്ണം ലഗ്രാഞ്ച് - 1 എന്ന പോയിന്റിന്റെ സവിശേഷതകളെ കുറിച്ചും പഠിക്കും. 15 ലക്ഷം കിലോമീറ്റർ പേടകം സഞ്ചരിക്കുന്ന പാതയിലെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനും സജീകരണമുണ്ട് . അമേരിക്ക ,ജപ്പാൻ ,ചൈന എന്നീ രാജ്യങ്ങളാണ് ഇതിനു മുൻപ് സൂര്യ പര്യവേഷണ ദൗത്യം നടത്തിയിട്ടുള്ളത് . ഈ പട്ടികയിലേക്കാണ് ഇന്ത്യ നടന്നു കയറാൻ പോകുന്നത് .