രാജ്യത്തിന്റെ പ്രഥമ സൗര പര്യവേഷണ പേടകം ആദിത്യ - എൽ 1 സൂര്യനിലേക്കുള്ള പ്രയാണമാരംഭിച്ചു. 23 മണിക്കൂർ 40 മിനുട്ട് കൗണ്ട് ഡൗൺ പൂർത്തിയാക്കി രാവിലെ 11.50 നായിരുന്നു വിക്ഷേപണ വാഹനമായ പിഎസ്എൽവി - സി 57 ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നത്. വിക്ഷേപിച്ച് 1 മണിക്കൂർ 32 സെക്കൻഡുകൾ കൊണ്ടാണ് ആദിത്യ എൽ -1 പേടകം റോക്കറ്റിൽ നിന്ന് വേർപ്പെട്ടത്. നിലവിൽ ഭൂമിയിൽ നിന്ന് ഏറ്റവും കുറഞ്ഞ അകലമായ 253 കിലോമീറ്ററിനും കൂടിയ ദൂരമായ 19500 കിലോമീറ്റർ പരിധിയിലും വരുന്ന ഭൂസ്ഥിര ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിച്ചിരിക്കുന്നത്. വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് അറിയിച്ചു.
ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴൽ പതിക്കാത്ത ഇടമായതിനാൽ സൂര്യനെ നന്നായി വീക്ഷിക്കാൻ പേടകത്തിന് സാധിക്കുമെന്നതാണ് ലഗ്രാഞ്ച് - 1ന്റെ പ്രത്യേകത
ഇനിയുള്ള ദിവസങ്ങളിൽ ഘട്ടം ഘട്ടമായി ഭ്രമണപഥമുയർത്തി ആദിത്യ എൽ -1 പേടകത്തെ ഭൂമിയുടെ ആകർഷണ വലയത്തിൽ നിന്നും പുറത്തു കടത്തും. പേടകത്തിലെ ലാം എൻജിൻ ജ്വലിപ്പിച്ചു ഇതിനായുള്ള ഊർജ്ജം കണ്ടെത്തും. 125 ദിവസങ്ങളോളം സഞ്ചരിച്ചാണ് പേടകം സൂര്യനെ കുറിച്ച് പഠിക്കാനുള്ള പതിനഞ്ചു ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് - 1 എന്ന ബിന്ദുവിൽ എത്തിച്ചേരുക. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളിൽ ഒന്നാണ് ലഗ്രാഞ്ച് - 1. ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴൽ പതിക്കാത്ത ഇടമായതിനാൽ സൂര്യനെ നന്നായി വീക്ഷിക്കാൻ പേടകത്തിന് സാധിക്കുമെന്നതാണ് ലഗ്രാഞ്ച് - 1ന്റെ പ്രത്യേകത. ഇറ്റലിക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ജോസഫ് ലൂയി ലഗ്രാഞ്ചിന്റെ സ്മരണാർത്ഥമാണ് ഈ പേരുനൽകിയിരിക്കുന്നത്.
സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഏഴു ഉപകരണങ്ങൾ (പേലോഡുകൾ) അടങ്ങുന്നതാണ് ആദിത്യ എൽ - 1 പേടകം. എല്ലാ ഉപകരണങ്ങളും ഇന്ത്യ തദ്ദേശീയമായി നിർമിച്ചതാണ്. വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ്, സോളാർ അൾട്രാ വയലറ്റ് ഇമേജിങ് ടെലസ്കോപ്, ഹൈ എനർജി എൽ -1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ്, പ്ലാസ്മ അനലൈസർ, മാഗ്‌നെറ്റോ മീറ്റർ, സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ എന്നിവയാണ് പേലോഡുകൾ. ഇതിൽ നാല് ഉപകരണങ്ങൾ സൂര്യനെ കുറിച്ചും മൂന്ന് ഉപകരണങ്ങൾ ലഗ്രാഞ്ച് -1 ന്റെ പ്രത്യേകതകളെ കുറിച്ചും പഠിക്കും. അഞ്ച് വർഷവും രണ്ടു മാസവുമാണ് ദൗത്യ കാലാവധി.
ഭൂമിയിൽ നിന്ന് ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ് സൂര്യൻ സ്ഥിസ്തി ചെയ്യുന്നത്. സൂര്യന്റെ അടുത്തേക്കുള്ള ദൂരത്തിൽ വെറും 1 ശതമാനം മാത്രമാണ് ആദിത്യ - എൽ -1 സഞ്ചരിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യ ഭാഗത്തെ താപ വ്യതിയാനം സൂര്യന്റെ പാളികളായ ഫോട്ടോ സ്ഫിയർ ,ക്രോമോ സ്പിയർ, പുറത്തെ പാളിയായ കൊറോണ എന്നിവയെ കുറിച്ചാണ് ആദിത്യ എൽ - 1 പഠിക്കുക. 15 ലക്ഷം കിലോമീറ്റർ പേടകം സഞ്ചരിക്കുന്ന പാതയിലെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനും പേടകത്തിൽ സജീകരണമുണ്ട്. അമേരിക്ക, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് സൂര്യ പര്യവേഷണ ദൗത്യം നടത്തിയിട്ടുള്ളത്.