എസ്എസ്എല്‍വി-ഡി1 വിക്ഷേപണ വാഹനത്തിൻ്റെ പരാജയത്തിന് പിന്നാലെ വീണ്ടും വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആര്‍ഒ. എസ്എസ്എല്‍വി-ഡി2 എന്ന പേരില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഫെബ്രുവരി 10ന് പുനർവിക്ഷേപണം നടത്താനൊരുങ്ങുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനായിരുന്നു ഐഎസ്ആർഒയുടെ സ്വപ്ന പദ്ധതിയായ SSLV ഡി വണ്ണിന്റെ ആദ്യ പറക്കല്‍. എന്നാല്‍ ഉപഗ്രഹങ്ങളെ മുൻ നിശ്ചയിച്ച ഭ്രമണപഥത്തിൽ എത്തിക്കാനാവാഞ്ഞതോടെ ആശയവിനിമയം അസാധ്യമാവുകയും വിക്ഷേപണം പരാജയമാവുകയും ചെയ്തു. പരാജയത്തെക്കുറിച്ച് വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത് ആക്‌സിലറോമീറ്ററുകളിലെ വൈബ്രേഷൻ തകരാർ മൂലമാണ് ഇത് സംഭവിച്ചതെന്നാണ്.
തുടർന്ന് ആദ്യ വിക്ഷേപണ വാഹനത്തിന്റെ സാങ്കേതിക ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. ഐഎസ്ആർഒയുടെ സ്വന്തം ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-07, AzaadiSat2, Janus-1 എന്നിവ ഈ വിക്ഷേപണ വാഹനം വഹിക്കും. ഓഗസ്റ്റിലെ വിക്ഷേപണ വേളയിൽ SSLV-D1 ബോർഡിലെ ഉപഗ്രഹങ്ങൾ ദീർഘവൃത്താകൃതി കൂടിയ ഭ്രമണപഥത്തിൽ സ്ഥാപിച്ചു, വേഗതയിലുണ്ടായ കുറവ് കാരണം ഭ്രമണപഥങ്ങൾ ഉടൻ തന്നെ ക്ഷയിക്കുകയും ഉപഗ്രഹങ്ങളെ ഉപയോഗശൂന്യമാക്കുകയും ചെയ്തു. ആദ്യത്തെ മൂന്ന് സോളിഡ് സ്റ്റേജുകൾ വേണ്ടപോലെ പ്രവർത്തിച്ചിട്ടും ഇത് സംഭവിച്ചു.
ഐഎസ്ആർഒ അടുത്തിടെ പുറത്തുവിട്ട വിശകലന റിപ്പോർട്ടനുസരിച്ച്, രണ്ടാം ഘട്ടം വേർപെടുത്തിയ സമയത്ത്, പ്രതീക്ഷിച്ചതിനേക്കാളേറെ പ്രകമ്പനം ഉണ്ടായിരുന്നു. തുടർന്ന് ബോർഡിലെ ആറ് ആക്‌സിലറോമീറ്ററുകൾ ഈ വൈബ്രേഷനുകൾ പിടിച്ചെടുത്തു, ഇതാണ് തകരാറിൻ്റെ കാരണം. ഇത്തവണ ഇത് സംഭവിക്കില്ലെന്ന് ഉറപ്പാക്കാനായി, വൈബ്രേഷൻ കുറയ്ക്കുന്നതിന് രണ്ടാം ഘട്ടം വേർപെടുത്തുന്നതിനുള്ള സംവിധാനം മാറ്റണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഭ്രമണപഥങ്ങളില്‍ വിക്ഷേപിക്കുന്ന വാഹനമാണ് എസ്എസ്എല്‍വി അഥവാ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ . 2019ല്‍ നടക്കാനിരുന്ന വിക്ഷേപണം കോവിഡ് സാഹചര്യത്തില്‍ വൈകുകയായിരുന്നു. പിന്നീട് 2022 ഏപ്രിലില്‍ വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ വീണ്ടും വൈകുകയായിരുന്നു. ഐഎസ്ആർഒ ചെയർമാന്‍ ഡോ എസ് സോമനാഥിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിലാണ് എസ്എസ്എല്‍വി വികസിപ്പിച്ചത്. 2018ല്‍ ആരംഭിച്ച നിര്‍മാണം 2019 ഓടെയാണ് പൂര്‍ത്തിയായത്.